ജയ്പൂർ: രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശർമയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സന്ദീപ് മേത്ത രംഗത്തെത്തിയത് ജുഡീഷറിയിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു.
അധികാരം ദുർവിനിയോഗം ചെയ്തു, ബന്ധുനിയമനവും പക്ഷപാതിത്വവും കാണിച്ചു, ഭരണപരമായ വീഴ്ചകൾ വരുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ജസ്റ്റീസ് ശർമയെ ഉടനടി സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റീസിന് മൂന്ന് കത്തുകൾ അയച്ചു.
ഹൈക്കോടതിയിലെ കേസ് നടത്തിപ്പിലും അടിസ്ഥാനസൗകര്യ വികസനത്തിലും ജസ്റ്റീസ് ശർമയുടെ ഇടപെടലുകൾ ആശങ്കാജനകമാണെന്ന് ജസ്റ്റീസ് മേത്ത കത്തിൽ ചൂണ്ടിക്കാട്ടി. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ജസ്റ്റീസ് ശർമയെ മാറ്റണമെന്ന തന്റെ നിരന്തരമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിദേശ സന്ദർശനത്തിലായിരിക്കെ, കഴിഞ്ഞ 26നാണ് ഈ കത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വിഷയത്തിൽ പ്രതികരിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ആരോപണ വിധേയനായ ജഡ്ജിക്കു തന്റെ ഭാഗം വിശദീകരിക്കാൻ ന്യായമായ അവസരം നൽകുമെന്ന് അറിയിച്ചു.
ജസ്റ്റീസ് ശർമയോട് ചീഫ് ജസ്റ്റീസ് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണ സംവിധാനത്തിലൂടെ ആരോപണങ്ങൾ പരിശോധിച്ചശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കത്തുകളിലെ പ്രധാന ആരോപണങ്ങൾ
അടുത്ത മാസം വിരമിക്കാനിരിക്കുന്ന ആക്ടിം ചീഫ് ജസ്റ്റീസ് ശർമ, സ്ഥാപനത്തിന് യോജിക്കാത്ത രീതിയിലാണു പെരുമാറുന്നതെന്നും രാജസ്ഥാൻ ഹൈക്കോടതിയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും കഴിഞ്ഞ രണ്ടിന് അയച്ച ആദ്യ കത്തിൽ പറയുന്നു. രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സ്ഥിരം ചീഫ് ജസ്റ്റീസിനെ നിയമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ന്യായമായ കാരണങ്ങളില്ലാതെ മുൻഗണനയുള്ള കേസുകൾ മാറ്റി ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റിയതായും കത്തിൽ ആരോപിക്കുന്നു.
ഹൈക്കോടതിയിലെ കീഴ്ജീവനക്കാരോടു പ്രതികാരബുദ്ധിയോടെ പെരുമാറുകയും മറ്റു ജഡ്ജിമാരെ സ്ഥലംമാറ്റ ഭീഷണി മുഴക്കുകയും ചെയ്തതായി ഈമാസം പത്തിന് അയച്ച രണ്ടാമത്തെ കത്തിൽ പറയുന്നു. വൻ തുക ചെലവഴിച്ചു നിർമിക്കാൻ ലക്ഷ്യമിടുന്ന ഗസ്റ്റ് ഹൗസ് ടവർ പദ്ധതി പണത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം വിമർശിച്ചു.
സേവന കാലാവധിയുടെ അവസാന നാളുകളിൽ ജഡ്ജിമാർ അനാവശ്യ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതിയെ സുപ്രീംകോടതി മുന്പ് വിമർശിച്ചിരുന്നുവെന്നും ഈ പശ്ചാത്തലത്തിൽ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആക്ടിംഗ് ചീഫ് ജസ്റ്റീസിൽനിന്ന് ഉണ്ടാകുന്നത് വിരോധാഭാസമാണെന്നും 17ന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസ് സന്ദീപ് മേത്ത ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ജുഡീഷറിക്കുള്ളിലെ ഔദ്യോഗിക സംവിധാനത്തിലൂടെ ഇത് ഉടൻ പരിഹരിക്കണമെന്നും ജോധ്പുരിലെയും
ജയ്പുരിലെയും ബാർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി അഭിഭാഷക സംഘടനകൾ ഉടൻ യോഗം ചേരും.