ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ അന്വേഷണറിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചു.
വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ ജഡ്ജസ് എൻക്വയറി സമിതിയാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് യഥാസമയം പാർലമെന്റിൽ സമർപ്പിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിനുശേഷം മാത്രമേ വെളിപ്പെടുത്തൂ. യശ്വന്ത് വർമ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ പാർലമെന്റിന് അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്കു കടക്കാം. എന്നാൽ ഇംപീച്ച് ചെയ്യുന്നത് ഒഴിവാക്കാൻ യശ്വന്ത് വർമ ഏപ്രിൽ പത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകിയിരുന്നു.
എന്നാൽ, രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.