Kerala
ആലപ്പുഴ: കെഎസ്എഫ്ഇയിൽനിന്ന് 2024 മാർച്ചിനുശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർഥികൾ പ്രതിസന്ധിൽ. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ വിവിധ കമ്പനി, ബോർഡുകളിലെ അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 026/2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് ഇതുമൂലം വലയുന്നത്.
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റാണിത്. മെയിൻ ലിസ്റ്റിൽ 3,800 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 4,000 പേരും ഉൾപ്പെടെ 8,000 ഉദ്യോഗാർഥികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ 90 ശതമാനവും കെഎസ്എഫ്ഇയിൽനിന്നാണ്. എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മാസങ്ങൾക്കുള്ളിൽതന്നെ നിയമനം നിലച്ചുപോകുന്ന അവസ്ഥയിലാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ.
2025 ജനുവരിയിൽ 132 ഒഴിവുകളും 2025 ഓഗസ്റ്റിൽ 188 ഒഴിവുകളും റിപ്പോർട്ട് ചെയ്തെങ്കിലും ഇവയെല്ലാം വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു. ഈ കാലയളവിലുണ്ടായ പ്രമോഷൻ, പുതിയ ബ്രാഞ്ചുകൾ, ബിസിനസ് വർധന, റിലീവിംഗ് ഒഴിവുകൾ എന്നിവ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെഎസ്എഫ്ഇയുടെ ബിസിനസ് 84,000 കോടിയായിരുന്ന സമയത്ത് ഏകദേശം 8,300 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ കെഎസ്എഫ്ഇയുടെ ബിസിനസ് 1,10,000 കോടി കടന്നിരിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം 9,017 മാത്രമാണ്. ഏകദേശം 26,000 കോടി രൂപയുടെ ബിസിനസ് വർധന ഉണ്ടായിട്ടും അതനുസരിച്ച് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
പ്രായപരിധി കഴിഞ്ഞ് ഇനി പിഎസ്സി പരീക്ഷയെഴുതാൻ കഴിയാത്ത അനേകം ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയാണ് ഒരു വർഷം മാത്രം കാലാവധി ശേഷിക്കുന്ന ഈ റാങ്ക് ലിസ്റ്റ്.
Kerala
പാലക്കാട്: ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കെഎസ്എഫ്ഇ ജീവനക്കാരി ഷഹനയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് അപകടമുണ്ടായത്. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന.
ഇരു ചക്രവാഹനം തെന്നിയതോടെ ഷഹന നിലത്ത് വീണിരുന്നു. തുടർന്ന് പിന്നാലെ വന്ന ടോറസ് ലോറി ഷഹനയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ യുവതി മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Business
തൃശൂർ: കെഎസ്എഫ്ഇ ഗാലക്സി ചിട്ടി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങളുടെയും ഗാലക്സി ചിട്ടി സീരീസ് ഒന്നിലെ മേഖലാതല സമ്മാനങ്ങളുടെയും വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്നു രാവിലെ പത്തിനു തിരുവനന്തപുരത്തു നടക്കും.
ഗാലക്സി ചിട്ടി സംസ്ഥാനതല മെഗാസമ്മാനം മെഴ്സിഡസ് ബെൻസ് കാറാണ്. മേഖലാതല സമ്മാനങ്ങളായി 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐഫോണുകൾ എന്നിവയും നൽകും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് നറുക്കെടുപ്പിനു നേതൃത്വം നൽകുന്നത്. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.
ഗാലക്സി ചിട്ടി പദ്ധതികളിലൂടെ 2024-25 സാമ്പത്തികവർഷത്തിൽ 1072.20 കോടി രൂപയുടെ ബിസിനസ് നേടാനായെന്നു മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ അറിയിച്ചു.
Business
തിരുവനന്തപുരം: വിജയത്തിലേക്കു കുറുക്കുവഴികളില്ലെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റായ സോജ സിയ. കൗമാരത്തിൽ കൈവിട്ട സ്വപ്നം 47-ാം വയസിൽ എത്തിപ്പിടിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മാരത്തണുകളിൽ ഒന്നായ, 5370 മീറ്റർ ഉയരത്തിലുള്ള 72 കിലോമീറ്റർ ദൈർഘ്യമേറിയ ഖാർദുംഗ് ലാ അൾട്രാ മാരത്തണ് ചലഞ്ച് 14 മണിക്കൂർ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയ ആദ്യ മലയാളിവനിതയായാണ് സോജ ചരിത്രത്തിൽ ഇടംനേടിയത്. കെഎസ്എഫ്ഇ ആണ് സോജയെ സ്പോണ്സർ ചെയ്തത്.
മാരത്തണ് വിജയകരമായി പൂർത്തിയാക്കിയ സോജയെയും ഒപ്പംനിന്ന കെഎസ്എഫ്ഇയെയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിനന്ദിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരംനൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കോരുത്തോട് സികെഎം സ്കൂളിൽനിന്നു കായികലോകത്തേക്കു ചുവടുവച്ച സോജ പ്രശസ്ത പരിശീലകൻ കെ.പി. തോമസ് മാഷിന്റെ ആദ്യകാലശിഷ്യരിൽ ഒരാളാണ്. അസംപ്ഷൻ കോളജിൽവച്ചുണ്ടായ ഒരു സൈക്കിളിംഗ് അപകടം കായികസ്വപ്നങ്ങൾക്കു താൽക്കാലികവിരാമമിട്ടു. നീണ്ട ഇടവേളയ്ക്കുശേഷം തിരികെയെത്തി, മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയിരുന്നു.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റും ഐടെൻ റണ്ണേഴ്സ് ക്ലബ്ബിലെ സജീവ അംഗവുമായ സോജ പരേതയായ ഹസീനയുടെയും സിയാവുദീന്റെയും മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും പൂർണപിന്തുണയുമായി കൂടെയുണ്ട്.