മംഗലംഡാം: ആദിവാസി ഉന്നതികളുള്ള എല്ലാ പ്രദേശങ്ങളിലേക്കും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രഖ്യാപനം പാലിക്കപ്പെടുന്നില്ലെന്നു കടപ്പാറക്കാർക്ക് പരാതി.
മന്ത്രിയുടെ ഉറപ്പുമാനിച്ച് മലയോര മേഖലയായ ചൂരുപാറക്കും പാലക്കുഴിയിലേക്കും കെഎസ്ആർടിസി ബസുകൾ അവധിദിവസങ്ങളിലും ഞായറാഴ്ചകളിലും സർവീസ് നടത്തുമ്പോൾ കടപ്പാറ സർവീസ് ഞായറാഴ്ചകളിൽ ഓടാതെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്.
ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിലേക്ക് വിളിച്ചാൽ ഡ്രൈവറില്ല, കണ്ടക്ടറില്ല എന്നുപറഞ്ഞ് സർവീസ് മുടക്കുകയാണത്രെ. ഒരുമാസംമുമ്പ് കിഴക്കഞ്ചേരി പഞ്ചായത്ത് മെംബർ ഷാജു ആന്റണി പുളിക്കലിന്റെ നേതൃത്വത്തിൽ മെംബർമാർ മന്ത്രിയെ നേരിട്ടു കണ്ടുനൽകിയ പരാതിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ബസിന്റെ ഒളിച്ചുകളി സംബന്ധിച്ച് മന്ത്രിയെ വീണ്ടും കാണാനാണ് കടപ്പാറക്കാരുടെ തീരുമാനം.