കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ത്ത് ഇഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി അംഗീകരിച്ചു. സിപിഎം നേതാക്കള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വ്യക്തമാക്കി ഇവരടക്കം കുറ്റപത്രത്തിലെ 28 പേര്‍ക്കും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി സമന്‍സ് അയച്ചു.
മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ, സിപിഎം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിമാരായ എം.എം. വര്‍ഗീസ്, കെ. രാധാകൃഷ്ണന് എംപി, പൊറത്തിശേരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എ.ആര്. പീതാംബരന്, പൊറത്തിശേരി സൗത്ത് ലോക്കല്‍ സെക്രട്ടറി എം.ബി. രാജു, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ തുടങ്ങിയവരടക്കം പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് പ്രത്യേക ജഡ്ജി പി. ശബരീനാഥന് വ്യക്തമാക്കി. ജൂലൈ നാലിന് നേരിട്ടു ഹാജരാകാനാണ് സമന്‍സ്.
പ്രതിപ്പട്ടികയില്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും സ്ഥാനം 67 മുതല്‍ 73 വരെയാണ്. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേടുകളെത്തുടര്‍ന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗമടങ്ങുന്ന സബ് കമ്മിറ്റി വലിയ വായ്പകള്‍ അനര്‍ഹര്‍ക്ക് അനുവദിക്കാന്‍ ഭരണസമിതിയില്‍ സമ്മര്‍ദം ചെലുത്തിയെന്നതാണ് പാര്‍ട്ടിക്കെതിരേ ആരോപിച്ചിട്ടുള്ള പ്രധാന കുറ്റം.
വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. പൊറത്തിശേരിയില്‍ സ്ഥലം വാങ്ങി പാര്‍ട്ടി ഓഫീസ് നിര്‍മിക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനായി പാര്‍ട്ടി പി.ആര്.വൈ ബില്‍ഡിംഗ് ഫണ്ട് എന്നപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.
അനധികൃത വായ്പക്കാരില്‍നിന്നു കമ്മീഷന് വാങ്ങി ഈ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ ബാങ്കധികൃതരും ഭരണസമിതി അംഗങ്ങളുമടക്കമുള്ളവരെ ചുമതലപ്പെടുത്തി.
പാര്‍ട്ടിയും ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് ബാങ്കിനെ നിയന്ത്രിച്ചത്. ബിനാമി വായ്പകളും പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണു നല്‍കിയത്. പാര്‍ട്ടിയുടെ പേരില്‍ തുടങ്ങിയ വിവിധ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കപ്പെട്ടു -കുറ്റപത്രത്തിൽ പറയുന്നു.