ഹൂസ്റ്റൺ: കെഎച്ച്എൻഎ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു.
യംഗ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.
ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.
അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.
അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.