ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിക്കുന്ന പ്രത്യേക "മുഖാമുഖം' പരിപാടിയിൽ സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാർ അതിഥിയായി എത്തുന്നു.
ലോകമെമ്പാടുമുള്ള മലയാളികളുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനുമാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. തന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവുകളെ കുറിച്ചും സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സംസാരിക്കാനാണ് ഈ സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്.
ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 11.30ന് കെഎച്ച്എൻഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ (http://www.facebook.com/KeralaHindusofNorthAmerica) അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും.
കൃഷ്ണകുമാറിനെ മുഖാമുഖം പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കലയും രാഷ്ട്രീയവും സാമൂഹിക സേവനവും ഒത്തുചേരുന്ന അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പ്രവാസി മലയാളി സമൂഹത്തിന് പ്രചോദനമാകുമെന്നും പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സും ട്രസ്റ്റീ ബോർഡും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags : Kerala Hindus of North America Krishna Kumar Facebook Live