Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിംഗ് ഗേറ്റ് ഏഴിന്റെ പരിസരത്താണ് കേരളത്തിന്റെ സമൃദ്ധമായ കലാസാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴിപ്പിച്ചിട്ടുള്ളത്.
ക്ഷേത്ര മാതൃകയിലുള്ള നിർമിതിയിൽ, കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, സിഎഫ്ഒ സജി ഡാനിയേൽ എയർപോർട്ട് ഡയറക്ടർ ജി. മനു, പദ്ധതിയുടെ കൺസൾട്ടന്റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റി ഈ സംരംഭം.
യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഉദ്ഘാടനത്തിന് ശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.
Kerala
നെടുമ്പാശേരി: ദുബായിൽനിന്ന് നാട്ടിലേക്കു വന്ന യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് മൊബൈൽ ഫോണും സാധനങ്ങളടങ്ങിയ ബാഗും തട്ടിയെടുത്തശേഷം ആറംഗ സംഘം വഴിയിൽ തള്ളി.
കാസർഗോഡ് കിഴക്കേക്കര തവക്കൽ മൻസിലിൽ അബ്ദുൾ ഹമീദിന്റെ മകൻ മുഹമ്മദ് ഷാഫി (40)യെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 12.30ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിലിറങ്ങിയ ശേഷം ഇന്റർനാഷണൽ ടെർമിനലിൽനിന്നു പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്കു പോകുമ്പോൾ പിന്നിൽനിന്നു വന്ന മൂന്നുപേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി ഫോർച്യൂണർ കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നതായും മുഹമ്മദ് ഷാഫി പറയുന്നു.
ഒരുലക്ഷം രൂപ വിലവരുന്ന ഐഫോണും ഹാൻഡ് ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും പ്രതികൾ കൈക്കലാക്കിയെന്നും സ്വർണം എവിടെയാണെന്നു ചോദിച്ച് മർദിച്ചെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. പല സ്ഥലങ്ങളിലായി കറങ്ങിയ ശേഷം 2.30ഓടെ ആലുവ പറവൂർകവലയിൽ ഇറക്കിവിട്ടു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
ദുബായ് അജ്മാനിൽ കാസർഗോഡ് സ്വദേശി അമീർ, മലപ്പുറം സ്വദേശി സമീർ എന്നിവർ നടത്തുന്ന കഫറ്റീരിയയിൽ ഡെലിവറി ബോയ് ആയാണ് മുഹമ്മദ് ഷാഫി ജോലി ചെയ്യുന്നത്. 2024 മേയിലാണ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ആദ്യമായിട്ടാണ് നെടുമ്പാശേരി വിമാനത്താവളം വഴി വരുന്നത്. ആലുവ ഡിവൈഎസ്പി പി.കെ. രാജേഷിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്ണമായ ഗ്രൗണ്ട് ഹാന്ഡ്ലിംഗ് പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ട് എയര് ഇന്ത്യ സാറ്റ്സ് എയര്പോര്ട്ട് സര്വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐ സാറ്റ്സ്). എഐ സാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും രാജ്യത്തെ എട്ടാമത്തെയും വിമാനത്താവളമാണു കൊച്ചി.
പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് എഐസാറ്റ്സ് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില് അത്യാധുനിക സാങ്കേതിക വിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്, സുസ്ഥിര ഗ്രൗണ്ട് ഹാന്ഡ്ലിംഗ് സംവിധാനങ്ങള് എന്നിവ ലഭ്യമാക്കുകയാണു ലക്ഷ്യമെന്ന് എയര് ഇന്ത്യ സാറ്റ്സ് അവകാശപ്പെട്ടു.
28ലധികം എയര്ലൈനുകള് വന്നുപോകുന്ന കൊച്ചി വിമാനത്താവളത്തില് 60,000 ടണ്ണിലധികം കാര്ഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് 2024 സാമ്പത്തിക വര്ഷം എത്തിയത്. കാര്യക്ഷമവും സാങ്കേതികവിദ്യയില് അധിഷ്ഠിതവും സുരക്ഷമുന്നിര്ത്തിയുമുള്ള ആവശ്യങ്ങള് ഇവിടെ വര്ധിച്ചുവരികയാണ്.
എഐ സാറ്റ്സിന്റെ വരവോടെ പുതുതലമുറ സേവന പ്ലാറ്റ്ഫോമുകള്, ഓട്ടോമാറ്റിക് വര്ക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകള്, എന്ഡ് ടു എന്ഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകള് എന്നിവ യാത്രക്കാർക്ക് ലഭ്യമാകുമെന്ന് സിഇഒ രാമനാഥന് രാജാമണി പറഞ്ഞു.
Kerala
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പൂർണതോതിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
മോക്ഡ്രിൽ നടക്കുന്ന സമയത്ത് വിമാനത്താവളത്തിനു സമീപത്തുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
നെടുമ്പാശേരി: രണ്ടു യാത്രക്കാരിൽനിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 400 ഗ്രാം സ്വർണം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടികൂടിയ സ്വർണത്തിന് 53,45,736 രൂപ വില വരും.
ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നാണ് പിടിയിലായ രണ്ടുപേരും നെടുമ്പാശേരിയിലെത്തിയത്.
200 ഗ്രാം തൂക്കമുള്ള ഓരോ സ്വർണമാലകൾ ഇവർ ലഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതിനെത്തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണു സ്വർണം കണ്ടെടുത്തത്.
Kerala
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.
ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു.
നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.