ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. അപകടസമയത്ത് എംഎൽഎ വാഹനമോടിച്ചിരുന്നത് മദ്യപിച്ചാണെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് ശാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ എംഎൽഎ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ഡിവൈഎഫ്ഐ നേതാവ് ആരോപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമുടി ആശാരിപറമ്പിൽ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ സുനീഷ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എ.സി റോഡിൽ ചമ്പക്കുളത്ത് വെച്ചായിരുന്നു എതിർ ദിശയിൽ വന്ന സുനീഷിന്റെ ബൈക്കിൽ എംഎൽഎയുടെ കാർ ഇടിച്ചത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎൽഎ. സംഭവത്തിൽ ടീം യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒത്തുകളി നടക്കുന്നതായും ഡിവൈഎഫ്ഐ നേതാവ് ആരോപിക്കുന്നുണ്ട്.