അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് എട്ടിന് നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മന്ത്രിമാരായ റോജി എം. ജോണ്‍, വി.എ. അബ്ദുള്‍ ഗഫൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, വൈദികര്‍, പൊതുമണ്ഡലത്തിലെ പ്രതിഭകള്‍ എന്നിവര്‍ പങ്കെടുക്കും.
നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് തൂഫാന് കെയറിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒന്നിന് രാവിലെ ഒമ്പതിന് വാക്കത്തോണ്‍ സംഘടിപ്പിക്കും. നാലിന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി സണ്ണി ജോസഫ് സോളാര്‍ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. എബിന് കളപ്പുരക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പനക്കല്‍, ഫാ. സനീഷ് കാഞ്ഞിരക്കാട്ടുകരി എന്നിവര്‍ അറിയിച്ചു.
1936 ല്‍ മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ ഏറ്റെടുത്ത ദൗത്യം വിവിധ പിതാക്കന്മാരിലൂടെയും ഡയറക്ടര്മാരിലൂടെയും വളര്‍ന്ന് 90 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ആശുപത്രി ആരംഭിക്കുമ്പോള്‍ ഒരു ക്ലിനിക് ആയിരുന്നു. ഒരു ഡോക്ടറും ഒരു കമ്പൗണ്ടറും ഒരു നഴ്സും ഒരു അറ്റന്‍ഡറും നാല് കട്ടിലുകളും ആണ് ഉണ്ടായിരുന്നത്. ഇതുവരെ അങ്കമാലിയിലെ ജനങ്ങള്‍ ആശുപത്രിയെ നിര്‍ലോഭമായി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെ തൊണ്ണൂറാം വര്‍ഷത്തില്‍ മുപ്പതോളം മള്‍ട്ടി സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തില്‍ 607 കിടക്കകളും 200 ഡോക്ടര്‍മാരും 1600 ലേറെ ജീവനക്കാരുമായി പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ സേവനം നല്‍കുന്നുണ്ട്.
ഈ കാലയളവിനുള്ളില്‍ 25 ആധുനിക ഓപ്പറേഷന് തിയേറ്ററുകളും, 14 ഐസിയുകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഹൃദ്രോഗ ചികിത്സയ്ക്ക് പ്രത്യേക ബ്ലോക്ക് തന്നെ സ്ഥാപിച്ചു. അതോടൊപ്പം ഡയാലിസിസ് യൂണിറ്റും. കേരളത്തില്‍ വിഷ ചിത്സയുടെയും നേത്ര ചികിത്സയുടെയും അവസാന വാക്കായി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മാറി. ആദ്യമായി കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് നടത്തി ചരിത്രം കുറിച്ചത് എല്‍എഫ് ആശുപത്രിയിലാണ്.
തൊണ്ണൂറാം വര്‍ഷത്തില്‍ കിഡ്നി ട്രാന്സ്പ്ലാന്റേഷന് ആരംഭിക്കുകയും ആദ്യത്തെ ട്രാന്സ്പ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. നവതി വര്‍ഷം മുതല്‍ ഇവിടത്തെ കിടപ്പ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയും ആരംഭിച്ചിരിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍ നേത്ര ചികിത്സ, ഹൃദ്രോഹ പരിശോധനാ ക്യാമ്പുകള്‍ നടത്തി വരുന്നു. ആശുപത്രിയുടെ വളര്‍ച്ചയുടെ ഭാഗമായി ജനറല്‍ നഴ്സിംഗ്, കോളജ് ഓഫ് നഴ്സിംഗ്, ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി എന്നീ കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും നേടിക്കൊടുക്കാന്‍ ആശുപത്രിക്ക് സാധിച്ചിട്ടുണ്ടെന്നും ഫാ. പാലയ്ക്കാപ്പി ള്ളി പറഞ്ഞു.