ന്യൂഡൽഹി: രാജ്യത്തു വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏകദേശം 200 രൂപയോളമാണ് കുറച്ചത്.
ഡൽഹിയിൽ 202 രൂപയും കോൽക്കത്തയിൽ 209 രൂപയുമാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവ് വന്നിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.
കോൽക്കത്തയിലാകട്ടെ 2872 രൂപയാണ് പുതിയ വില. ഇന്നലെമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 183.50 രൂപ കുറച്ചതിനുപിന്നാലെയാണ് വിലയിൽ വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്. റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസമാണ് വിലക്കുറവ്.