NRI
ഷിക്കാഗോ: പത്ത് ദിവസത്തോളമായി കാണാതായ ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപിക ലിൻഡ ബ്രൗണിന്റെ (53) മൃതദേഹം മിഷിഗൻ തടാകത്തിൽ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം ലിൻഡ ജീവനൊടുക്കിയതാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.
തടാകത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ ഷിക്കാഗോയുടെ തെക്കൻ മേഖലയിലുള്ള തടാകതീരത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. റോബർട്ട് ഹീലി എലിമെന്ററി സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപികയായിരുന്നു ലിൻഡ.
ജനുവരി മൂന്നിനാണ് ഇവരെ അവസാനമായി കാണുന്നത്. ലിൻഡ തന്റെ കാർ ഉപേക്ഷിച്ച ശേഷം തടാകത്തിന് സമീപമുള്ള പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ തിരിച്ചുവരുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ജോലിയിൽ നിന്ന് അവധിയിലായിരുന്ന ലിൻഡ, തിരികെ പ്രവേശിക്കാൻ ഇരിക്കെ കടുത്ത മാനസിക സമ്മർദവും ഭയവും അനുഭവിച്ചിരുന്നതായി ഭർത്താവ് ആന്റോൺ ബ്രൗൺ വെളിപ്പെടുത്തിയിരുന്നു.
ലിൻഡയുടെ വിയോഗത്തിൽ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു അവരെന്നും സമൂഹത്തിന് വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: കൊല്ലം കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകളിൽ വൻ അഗ്നിബാധ. പത്തോളം ബോട്ടുകൾ കത്തി നശിച്ചു. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റി.
നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കൽ തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവർത്തകർ പറയുന്നത്.
കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് സൂചന. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തി നശിച്ചു.
ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണിവ. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.