വൈക്കം: ജലാശയങ്ങളിലെ മുങ്ങിമരണമൊഴിവാക്കാൻ പ്രായഭേദമെന്യേ നീന്തൽ അഭ്യസിക്കണമെന്ന സന്ദേശമുയർത്തി വേമ്പനാട്ടുകായലിൽ നീന്തിക്കയറി പുതുചരിത്രം രചിച്ച് 184പേർ. ഇന്നലെ രാവിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയാണ് എറണാകുളം ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ള 184 പേർ ഒരുമിച്ച് നീന്തിയത്.
ഇതിൽ ആറുവയസുകാരനായ മുഹമ്മദ് നിസാൻ , എട്ട് വയസുകാരി ഐസമറിയയുമടക്കം പത്ത് വയസിൽ താഴെയുള്ള 34 കുട്ടികളും പെൺകുട്ടികളും വനിതകളുമായി 49 പേരുമുണ്ടായിരുന്നു. 184 പേർ ആവേശകരമായി വൈക്കം തീരത്തേക്ക് നീന്തിക്കയറുമ്പോൾ വൻ ജനാവലി കരഘോഷം മുഴക്കി ആവേശത്തിര തീർത്തു.
മുഹമ്മദ് നിസാനും ഐസ മറിയവും ഒരു വർഷമായി നീന്തൽ അഭ്യസിച്ചു വരികയാണ്. എഫ്എസിടിയിൽ നിന്നും 12 വർഷം മുമ്പ് വിരമിച്ച എഴുപതുകാരനായ സ്റ്റാൻലി ജോസഫായിരുന്നു നീന്തിയവരിൽ പ്രായത്തിൽ മുതിർന്നയാൾ. മൂന്നു വർഷമായി സ്റ്റാൻലി ജോസഫ് നീന്തൽ അഭ്യസിക്കുന്നു. ഇന്നലെ രാവിലെ 7.45ന് അരൂർ എംഎൽഎ ദലീമ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. 9.45ന് വൈക്കം കായലോര ബീച്ചിലെത്തിയ നീന്തൽ താരങ്ങളെ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ വരവേറ്റു.
കേരളത്തിൽ വർധിച്ചുവരുന്ന മുങ്ങിമരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് 17 വർഷമായി പെരിയാറിൽ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചുവരുന്നതെന്ന് പരിശീലകൻ സജി വാളശേരി പറഞ്ഞു. ഒരേസമയം നിരവധി പേർക്ക് പരിശീലനം നേടാനാകുന്ന രീതിയിലാണ് പരിശീലനകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. എല്ലാത്തരം നീന്തൽ പരിശീലനങ്ങളും സൗജന്യമായാണ് നടത്തുന്നതെന്ന് സജി വാളശേരിപറഞ്ഞു.
വൈക്കത്ത് നടന്ന അനുമോദന യോഗം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴൺ സൗദാമിനി അഭിലാഷ്, വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാർ തുടങ്ങി നീന്തലിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളടക്കം നൂറുകണക്കിന് പേർ നീന്തൽ താരങ്ങളെ അഭിനന്ദിക്കാനെത്തിയിരുന്നു.
Tags : Vembanad Lake 184 people