District News
കുമരകം: അയ്മനം പുത്തൻകരി പാടശേഖരത്തിൽ മടവീണു. 260 ഏക്കറുള്ള പാടത്ത് വിത കഴിഞ്ഞിട്ട് 22 ദിവസം മാത്രമായിരിക്കേയാണ് മടവീഴ്ച. മട വീണതോടെ പാടശേഖരത്തിലേക്ക് വെള്ളം അതിവേഗം കയറി. മോട്ടോർ തറയും മോട്ടോർ ഷെഡും മോട്ടോറും പെട്ടിയും പറയും ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ ഒഴുക്കിൽപ്പെട്ടു കാണാതായി.
പാടശേഖരത്തിന് ചുറ്റുമായി കെസിഎം കോളനിയിലും മറ്റുമായി 150-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെയെല്ലാം വീടുകൾ വെള്ളത്തിലായി. പുത്തൻകരി പാടത്ത് മൂന്ന് മോട്ടോറുകളാണുള്ളത്. മടയിട്ട് രണ്ട് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാലും നെൽച്ചെടികൾ രക്ഷിക്കാനാകില്ല. മട വീണ ഭാഗത്ത് പുതിയമോട്ടോറും പെട്ടിയും പറയും സ്ഥാപിക്കാൻ വലിയ മുതൽ മുടക്കണം. അതിനാൽ ഈ വർഷകൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകരെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയമോൻ കരീമഠം പറഞ്ഞു.
കുമരകത്ത് വിതച്ചിട്ട് അഞ്ചു ദിവസമായ കൊല്ലകരിപാടം ബണ്ട് കവിഞ്ഞൊഴുകി നിറയാറായി. കർഷകരും തൊഴിലാളികളും ബണ്ട് സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. 195 ഏക്കറുള്ള കൊല്ലകരി പാടത്തെ വട്ടത്തുരുത്തിലും പുറംബണ്ടിലുമായി അനേകം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാടം മുങ്ങിയാൽവീടുകളെല്ലാം വെള്ളത്തിലാകും. വിത ഒരുക്കുപണി പൂർത്തിയാക്കി കള കിളിർപ്പിച്ചു കൊണ്ടിരുന്ന ഇടവട്ടം പാടത്തും ബണ്ട് കവിഞ്ഞ് വെള്ളം കയറുന്നത് തടയുന്ന ശ്രമത്തിലാണ് കർഷകർ.
District News
ഉപ്പുതറ: അയ്യപ്പൻകോവിലിൽ മൂന്നിടത്തും ഉപ്പുതറയിൽ രണ്ടിടത്തും ഉരുൾപൊട്ടി. ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു. പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മത്തായിപ്പാറയിൽ രാത്രി മണ്ണിടിഞ്ഞ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയാണ് ജീപ്പ് പുറത്തെടുത്തത്. ഉപ്പുതറ കുഴുവിൽ മണിക്കുട്ടന്റെ വീടിനു സമീപം ഉരുൾപൊട്ടി ഭൂമി ഒലിച്ചുപോയി. വീടും അപകടാവസ്ഥയിലായി.
അയ്യപ്പൻകോവിൽ പൂവന്തിക്കുടിക്ക് സമീപം മൂന്നിടത്താണ് ഉരുൾപൊട്ടിയത്. 2.5 ഏക്കറോളം ഭൂമിയിവിടെ ഒലിച്ചുപോയി. പൂവത്തിക്കുടി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ നശിച്ചു. ഇഞ്ചിമലയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ചെമ്മണ്ണിൽ ഒരുവീട് പൂർണമായും മണ്ണിനടിയിൽപ്പെട്ടു. വീടിന് സമീപം കിടന്ന കാറും മറ്റു വാഹനങ്ങളും മണ്ണിനടിയിലായി.
ഉരുൾപൊട്ടലിൽ പീരുമേട് മേഖലയിൽ ഗതാഗതം താറുമാറായി. ഭൂരിഭാഗം റോഡുകളിലും മണ്ണിടിഞ്ഞുവീണു. പല റോഡുകളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.
രാവിലെയെത്തിയ ബസുകളെല്ലാം വഴിയിൽ കുടുങ്ങി. കെ.കെ. റോഡിലും കട്ടപ്പന റോഡിലും വാഗമൺ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പെരിയാറിന്റെ തീരത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം വെള്ളത്തിലായി.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. ഹിമാചൽപ്രദേശിലും ഉത്താഖണ്ഡിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും. ഹിമാചലിൽ പ്രളയക്കെടുതിയിൽ നാലു പേർ മരിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഛത്തീസ്ഗഡ് - മണാലി ദേശീയപാതകൾ അടച്ചു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്താഖണ്ഡിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജമ്മുകാശ്മീരിലുണ്ടായ മേഖവിസ്ഫോടനത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രളയക്കെടുതി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലെയും അരുണാചൽപ്രദേശിലെയും സ്ഥിതി കേന്ദ്രം വിലയിരുത്തി. പൂർണ പിന്തുണയും അടിയന്തര സഹായവും ഇരുസംസ്ഥാനങ്ങൾക്കും കേന്ദ്രം ഉറപ്പു നൽകി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. ഏഴു പേരെ കാണാതായി. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
12 ദിവസം മുന്പാണ് അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും കൊടുങ്കാറ്റും ആരംഭിച്ചത്. രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗത്തും മഴക്കെടുതിമൂലം ജനം വലയുകയാണ്.
24 മണിക്കൂറിനിടെ മാത്രം 11 പേർ മരിച്ചു. ആയിരത്തോളം വീടുകൾ പൂർണമായും നാലായിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു.
International
ജക്കാര്ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി. മുന്നൂറോളം പേരെ കാണാനില്ല. നിരവധി പേരെ ക്യാന്പുകളിലേക്ക് മാറ്റി. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 17,000 വീടുകൾ മുങ്ങിയെന്നാണു കണക്ക്.
ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയിൽ വലയുകയാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്ന് റോഡിന്റെ മറുഭാഗത്ത് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തോനേഷ്യ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ഇന്തോനേഷ്യയിലെ വടക്കന് സുമാത്ര തീരത്തുള്ള ദ്വീപില് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സിമെലു ദ്വീപില് 25 കിലോമീറ്റര് താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല് സര്വേ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഴ ശക്തമായത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പോലീസും തദേശ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള പ്രധാന റോഡ് തകർന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിംഗിൽ സന്ദർശനം നടത്തും.
ഡാർജിലിംഗിൽ ജനങ്ങൾക്കുണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദുർഗ പൂജയ്ക്ക് ശേഷം കോൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘസ്ഫോടനത്തിലും ആറു പേർ മരിച്ചു. 11 പേരെ കാണാതായി.
മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്രി, ബാഗേശ്വർ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.