മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായതെന്നും ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികളിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്. മൂന്നുപേർക്കും ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് സംശയം. നടന്റെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച് ആക്രമണം ആസൂത്രണം ചെയ്ത് പരിശീലനം ലഭിച്ച അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം പ്രതികൾക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. താരത്തിന്റെ പതിവുകളും യാത്രകളും നിരീക്ഷിച്ച പ്രതികൾ അദ്ദേഹം കാറിൽ മടങ്ങുന്നതിനിടെ വെടിവെപ്പ് നടത്താൻ പദ്ധതിയിടുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ എസ്വി റോഡ് വഴി അന്ധേരി കടന്നാണ് പ്രതികൾ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
തുടർന്ന് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവലിയിലേക്കുള്ള ട്രെയിനിൽ കയറി. പിന്നീട് മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. അതേസമയം രാജസ്ഥാനിൽ അറസ്റ്റിലായ പ്രതികളെ മുംബൈയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.