തിരുവനന്തപുരം: മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി. ജയചന്ദ്രനെ ട്രാഫിക് പൊലീസുകാരൻ കൈയേറ്റം ചെയ്തതായി പരാതി. വഞ്ചിയൂർ ജില്ലാ കോടതി പരിസരത്താണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു.
കോടതി പരിസരത്ത് പാർക്ക് ചെയ്തിരുന്ന അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങളുടെ ചിത്രമെടുത്ത് പിഴ ചുമത്താനുള്ള നീക്കത്തെ ചോദ്യം ചെയ്തപ്പോഴാണ് പൊലിസുകാരൻ അതിക്രമം കാട്ടിയതെന്നാണ് പരാതി. നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാതെ പാർക്കിംഗ് നിരോധിത മേഖലയാണെന്ന് പറഞ്ഞ് പിഴ ചുമത്താനുള്ള നീക്കത്തെയാണ് ജയചന്ദ്രൻ ചോദ്യം ചെയ്തത്.
ഇതോടെ പ്രകോപിതനായ ട്രാഫിക് പൊലിസുകാരൻ തന്നെ പിടിച്ചുതള്ളുകയും വാക്കിടോക്കി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി ജയചന്ദ്രൻ പരാതിയിൽ പറയുന്നു. വാക്കിടോക്കി കൊണ്ടുള്ള അടിയേറ്റ് ഇടതുകൈയിൽ മുറിവേറ്റതായും പരാതിയിലുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ പൊലിസുകാരൻ സ്ഥലത്തുനിന്ന് പോയത്.
സംഭവത്തിൽ കുറ്റക്കാരനായ പൊലിസുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പൊലിസുകാരനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ) സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.