ന്യൂഡല്‍ഹി: കുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷ്യോത്പന്നങ്ങളില്‍ ഗുണനിലവാരക്കുറവും നിയമലംഘനങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് നെസ്ലെ ഇന്ത്യക്കെതിരേ നടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ ഉപസ്ഥാപനമാണ് നെസ്ലെ ഇന്ത്യ. കന്പനിയുടെ മൂന്നു വ്യത്യസ്ത ഉത്പന്നങ്ങള്‍ക്കെതിരേ മൂന്നു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
നെസ്ലെ നിര്‍മിച്ച ഫോളോ-അപ് ഫോര്‍മുലയുടെ ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കേസ്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകഘടകം വൈറ്റമിന്‍ ബി-7ന്റെ (ബയോട്ടിന്‍) അളവ് നിശ്ചിത മാനദണ്ഡത്തേക്കാള്‍ കുറവാണെന്നു പരിശോധനയില്‍ കണ്ടെത്തി.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (ഫുഡ്സ് ഫോര്‍ ഇന്‍ഫന്റ് ന്യൂട്രീഷന്‍) 2020ലെ റെഗുലേഷന്‍സ് പ്രകാരം നിര്‍ദേശിച്ചിട്ടുള്ള ബയോട്ടിന്റെ അളവില്ലെന്നു പരിശോധനയില്‍ തെളിഞ്ഞു.
മറ്റു രണ്ടു കേസുകള്‍ നെസ്ലെ ഇന്ത്യയുടെ കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളായ നാന് എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടോജന്‍ പ്രോ 1 എന്നിവയുടെ പ്രചാരണത്തിലുള്ള നിയമലംഘനം സംബന്ധിച്ചുള്ളതാണ്.
കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പന വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള തെറ്റായ പ്രചാരണങ്ങളും മറ്റും നിരോധിക്കുന്ന ഫുഡ്സ് ഫോര്‍ ഇന്‍ഫന്റ് ന്യൂട്രീഷന്‍ റെഗുലേഷന്‍സ് 2020ലെ റെഗുലേഷന് 4(2), കുഞ്ഞുങ്ങളുടെ പാലിനു പകരമുള്ള ഉത്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്ന ഐഎംഎസ് ആക്ട് 1992ലെ സെക്ഷന്‍ 3 എന്നിവ ചേര്‍ത്താണു കേസെടുത്തിരിക്കുന്നത്.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഉത്പന്നങ്ങളും അവയുടെ പ്രചാരണവിവരങ്ങളും ലേബലുകളും പരിശോധിച്ചശേഷമാണു നടപടി.
അതേസമയം, തങ്ങളുടെ ഉത്പന്നങ്ങള്‍ ബാധകമായ എല്ലാ ചട്ടങ്ങളും പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും ലേബല്‍ വിവരങ്ങളും പ്രചാരണവിവരങ്ങളും എഫ്എസ്എസ്എഐ വിദഗ്ധ സമിതി അംഗീകരിച്ചതാണെന്നുമാണ് നെസ്ലെ ഇന്ത്യ പറയുന്നത്.