പ്രതീകാത്മക ചിത്രം
സൂറിച്ച് / ലണ്ടൻ: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയിൽ ആഭ്യന്തരഭിന്നത രൂക്ഷമാകുന്നു. ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുള്ള വിവാദ പദ്ധതി തകർന്നതിനു പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്ക്കും സംഘത്തിനുമെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ വ്യക്തമാക്കി.
വിവാദ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നശിപ്പിക്കരുതെന്ന് ഇൻഫാന്റീനോയ്ക്ക് യുവേഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സരങ്ങളുടെ വാണിജ്യ അവകാശം സ്വന്തമാക്കാൻ മുന്നോട്ടുവന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനായ ജാരെദ് കുഷ്നറുടെ സഹോദരൻ ജോഷ് കുഷ്നർ, പ്രമുഖ ബിസിനസുകാരൻ ഗ്രെഗ് മാഫി, പ്രമുഖ സാമ്പത്തിക ഏജൻസികളായ ജെപി മോർഗൻ, ഓപ്പൺ ഇക്കണോമിക്സ് എന്നിവർക്കും യുവേഫ വക്കീൽ നോട്ടീസ് അയച്ചു.
നിലവിലെ പദ്ധതിയിൽനിന്നു ഫിഫ പിന്മാറിയെങ്കിലും ഇൻഫാന്റീനോയിലും ഫിഫ നേതൃത്വത്തിലുമുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടതായി യുവേഫ അറിയിച്ചു. 2016ൽ സുതാര്യത വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇൻഫാന്റീനോ അടച്ചിട്ട മുറികളിൽ അഴിമതി നിറഞ്ഞ കരാറുകൾ ഉണ്ടാക്കാൻ ശ്രമിച്ചെന്നും യുവേഫ ആരോപിച്ചു.
ഫുട്ബോൾ വിൽപനയ്ക്കുള്ളതല്ലെന്ന് ഇൻഫാന്റീനോയെ ബോധ്യപ്പെടുത്താൻ ഒപ്പം നിന്ന ആരാധകർ, ലീഗുകൾ, ക്ലബ്ബുകൾ, കളിക്കാർ, ദേശീയ അസോസിയേഷനുകൾ, രാഷ്ട്രീയനേതാക്കൾ എന്നിവർക്ക് യുവേഫ നന്ദി അറിയിച്ചു.
വിവാദത്തെത്തുടർന്ന് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ, സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ, വെയ്ൽസ് എന്നിവർ ഇൻഫാന്റീനോയ്ക്കുള്ള പിന്തുണ പിൻവലിച്ചു. അടുത്ത വർഷം മാർച്ച് 18ന് നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാലാം തവണയും മത്സരിക്കാൻ തയാറെടുക്കുന്ന ഇൻഫാന്റീനോയ്ക്ക് ഇതു കനത്ത തിരിച്ചടിയാണ്.
37 അംഗ ഫിഫ കൗൺസിലിലെ 19 പേർ ആവശ്യപ്പെട്ടാൽ അടിയന്തര യോഗം വിളിച്ച് പ്രസിഡന്റിനെ പുറത്താക്കാൻ സാധിക്കും. ഇതിനുള്ള നീക്കങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ സജീവമാക്കിയിട്ടുണ്ട്.
ഫിഫ കൗൺസിലിൽ യുവേഫ- 9, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ- 7, കോൺകാകാഫ്-5, ആഫ്രിക്ക-6, കോൺമെബോൾ-5, ഓഷ്യാനിയ-3 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയും സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്സ്ട്രോമും ചേരുന്നതോടെയാണ് കൗൺസിൽ പൂർണമാകുന്നത്.
ഖത്തർ, ലബനൻ, കുവൈറ്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഇൻഫാന്റീനോയെ പിന്തുണയ്ക്കുമ്പോൾ ആഫ്രിക്കൻ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Tags : UEFA LegalAction GianniInfantino Casera Sports FIFA