Kerala
കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള് ലംഘിച്ച് ബാര് ലൈസന്സ് നല്കിയതില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് പൊതുതാല്പര്യ ഹര്ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്ജി നല്കിയത്.
ത്രീ സ്റ്റാര്, ഫൈവ് സ്റ്റാര് ഹോട്ടലുകള്ക്ക് മാത്രമേ ബാര് അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്ജിയില് പറയുന്നത്. 2022 മുതല് അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര് ലൈസന്സുകള് അനുവദിച്ചുവെന്ന് ഹര്ജിയില് പറയുന്നു.
147 ഓളം ബാര് ലൈസന്സുകള് അനധികൃതമായി അനുവദിച്ചു. ഇതില് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല് സിബിഐ അന്വേഷണം വേണം എന്നാണ് ഹര്ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്കക്ഷിയാക്കിയാണ് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.
Kerala
കൊട്ടാരക്കര: നീലേശ്വരം ടിപ്പർ അപകടത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്ക് ഹെവി ലൈസൻസില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടം നടക്കുമ്പോൾ ടിപ്പർ ലോറിയിലെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു.
അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ വിവിധ നിയമലംഘനങ്ങൾക്ക് ഈ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായിട്ടുള്ളതാണെന്നും അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയെന്നും ആർടിഒ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാൽ നിലവിൽ വാഹനത്തിന്റെ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഈ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
അപകടത്തെക്കുറിച്ച് സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറും അറിയിച്ചു. അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
National
മുംബൈ: പേടിഎം പെയ്മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല.
ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. പേടിഎം ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല.
Kerala
ആലപ്പുഴ: തുറവൂര് ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്ത്തനത്തിന് പോയ ഫയര്ഫോഴ്സിന് വഴി നല്കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്സ് ആറു മാസത്തേക്കാണ് സസ്പെന്ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്വം തടസപ്പെടുത്താന് ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില് കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഫയര് ആന്ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില് വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്എസ് 281, 285 പ്രകാരവും മോട്ടോര്സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര് ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്ത്തനത്തിന് ആലപ്പുഴയില് നിന്നും പോയ ഫയര്ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര് വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്ഫോഴ്സിനെ കാര് തടഞ്ഞിരുന്നു.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച സംഭവത്തില് ഡ്രൈവറുടെ ലൈസന്സ് റദ്ദാക്കും. അമിത വേഗത്തില് എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഡ്രൈവര്ക്കെതിരെ മനപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടൊടെയാണ് സംഭവം നടന്നത്.
ആലുവ-ചെല്ലാനം റൂട്ടില് സര്വീസ് നടത്തുന്ന ശ്രീനന്ദ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് അടക്കം പുറത്തു വന്നിരുന്നു. നോര്ത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്റെ മകന് എനോയ് ജൂഡ് ആണ് അപകടത്തില് മരിച്ചത്.
എരമല്ലൂര് സാന്താക്രൂസ് സ്കൂളിലെ വിദ്യാര്ഥിയാണ് എനോയ്. കടയില് പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് തകര്ത്തിരുന്നു.
Kerala
തൃശൂർ: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ.
അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്റെ പരാതിയെ തുടർന്നാണ് നടപടി.
കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ പണം വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: കൂത്താളി വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഗ്രൗണ്ടില് കുട്ടികള്ക്കിടയിലേക്ക് കാര് ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ സുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡിനടപടി.
കാർ ഓടിച്ച16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.
ഉപജില്ലാ കലോത്സവത്തെ തുടർന്ന് കൂത്താളി വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂളിന് അവധി നല്കിയിരുന്നു. ഫുട്ബോള് ടീം അംഗങ്ങളായ വിദ്യാർഥികള് രാവിലെ പത്തരയോടെ സ്കൂള് ഗ്രൗണ്ടില് പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.
വളരെ വേഗത്തിലെത്തിയ കാര് കുട്ടികള്ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര് റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചു പോയി.
അധ്യാപകര് ഉടൻതന്നെ പോലീസില് പരാതി നല്കി. അന്വേഷണത്തില് പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.