ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. വിധി പുറത്തുവന്നതിന് പിന്നാലെ കേജ്രിവാൾ മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി.
കേജ്രിവാളിനും സിസോദിയയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നടത്താൻ ആവശ്യമായ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. മദ്യനയം രൂപീകരിച്ചതിൽ ഇവർക്ക് വ്യക്തിപരമായ സാമ്പത്തിക ലാഭമുണ്ടായെന്നോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നോ സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
കേജ്രിവാളിനെയും സിസോദിയയെയും ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട 23 പ്രതികളെയും ഡൽഹി റൗസ് അവന്യൂ കോടതി സ്പെഷ്യൽ ജഡ്ജി കുറ്റവിമുക്തരാക്കിക്കൊണ്ടാണ് വിധിയിറക്കിയത്. ഈ വിധി എഎപിക്ക് വലിയ രാഷ്ട്രീയ വിജയമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്ന പാർട്ടി നിലപാടിന് ഇത് കൂടുതൽ കരുത്ത് പകരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.