വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ സൗജന്യ പ്രവേശനമുള്ള പ്രദേശവാസികളെ പ്പറ്റിച്ച് പണം വസൂലാക്കുന്നതായി പരാതി. സൗജന്യ പ്രവേശന പാസിന്റെ മറവിലാണ് ഈ പിടിച്ചുപറി. യഥാസമയം പ്രവേശന പാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നു പോകുമ്പോഴും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടും.
മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർ കമ്പനി തന്നെ നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.
പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല. ഇതിനാൽ പാസ് പുതുക്കാനും വാഹന ഉടമകൾ വിട്ടു പോകും.പുതുക്കേണ്ട കാലാവധി തീരും മുമ്പും ഫാസ്ടാഗ് വഴി പണം പിടിക്കുന്ന പണികളും ടോൾ കമ്പനി നടത്തുന്നതായി പറയുന്നുണ്ട്.
പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ് ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുക.
ഓരോ വാഹനത്തിൽ നിന്നും ഇത്തരത്തിൽ പല തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഫാസ് ടാഗിലും പണം കഴിഞ്ഞാൽ വാഹനം കടന്നു പോകാൻ അനുവദിക്കില്ല. ഗൂഗിൾപേ വഴി ഇരട്ടി പണം വസൂലാക്കിയാണ് പിന്നെ വാഹനം കടത്തിവിടുന്നത്.
പാലിയേക്കരയിലേതുപോലെ പാസ് പുതുക്കൽ വർഷത്തിൽ ഒരു തവണയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലിയേക്കരയിൽ പത്ത് കിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ ഇവിടെ ഏഴര കിലോമീറ്ററാക്കി ദൂരം ചുരുക്കി. അതും വായുദൂരമല്ലാതെ റോഡ് ദൂരം നോക്കിയാണ് കണക്കാക്കിയിട്ടുള്ളത്. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്. അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും.
നാലുവർഷമാകുമ്പോഴും വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല.
ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം കനക്കുമ്പോൾ സർവകക്ഷിയോഗം വിളിച്ച് പ്രഹസനം നടത്തും. എന്നാൽ യോഗ തീരുമാനം പോലും പിന്നീട് നടപ്പിലാകുന്നില്ലെന്നതാണ് വസ്തുത.