ഇലഞ്ഞി: മുത്തോലപുരത്ത് ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി നിർമിക്കുന്നതിനായി നടത്തിയ മണ്ണെടുപ്പ് പ്രദേശവാസികളുടെ നേതൃത്വത്തിൽ തടഞ്ഞു. ഇലഞ്ഞി പഞ്ചായത്തിലെ നാലാം വാർഡിൽ പ്ലൈവുഡ് ഫാക്ടറി നിർമിക്കുന്നതിനായി മൂന്നര ഏക്കർ സ്ഥലത്താണ് മണ്ണെടുപ്പ് നടത്തുന്നത്. ജനവാസ മേഖലയിൽ ആരംഭിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പ്രവർത്തനം ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും മണ്ണെടുപ്പിനെതുടർന്ന് പ്രദേശത്തെ റോഡ് തകരുന്നു എന്നുമാണ് പ്രദേശവാസികളുടെ ആക്ഷേപം.
വീതി കുറഞ്ഞ ഗ്രാമീണ റോഡിലൂടെ ദിവസവും ടൺ കണക്കിന് മണ്ണ് കയറ്റിയ ടോറസ് ലോറികളാണ് പായുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും ഇതിനകം തന്നെ തകർന്നു കഴിഞ്ഞു. ഇവയ്ക്ക് ഒരു നിയന്ത്രണം വരുത്തണമെന്നും മണ്ണെടുപ്പുമായി ബന്ധപ്പെട്ട പെർമിറ്റുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതാണ് പ്രദേശവാസികൾ വാഹനം തടഞ്ഞത്.
പരാതിയെ തുടർന്ന് ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വാർഡംഗം റോസിലി സാബു, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ എന്നിവർ സ്ഥലത്തെത്തി കമ്പനി അധികൃതരുമായി ചർച്ച നടത്തി. നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതു വരെ റോഡിന്റെ പൂർണ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെന്നും ടോറസ് ലോറികൾ ഓടുന്നതു മൂലം റോഡിന് സംഭവിക്കുന്ന തകരാറുകൾ കമ്പനിയുടെ ചെലവിൽ പരിഹരിക്കണമെന്നും കമ്പനി അധികൃതരോട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രദേശവാസികളും പഞ്ചായത്ത് നേതൃത്വവും മുന്നോട്ടുവച്ച നിർദേശങ്ങൾ കമ്പനി അധികൃതർ അംഗീകരിച്ചതോടെ വ്യവസ്ഥകൾ അംഗീകരിച്ച് സെക്രട്ടറിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനമായി.ആവശ്യമെങ്കിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട പെർമിറ്റും അനുബന്ധ ഡോക്യുമെന്റ്സും പഞ്ചായത്ത് മെമ്പർ പരിശോധിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.