ഗുരുതരാവസ്ഥയെ അതിജീവിച്ച കുഞ്ഞും അമ്മയും ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘത്തിനൊപ്പം.
കാസർഗോഡ്: ശ്വാസകോശ സംബന്ധമായ തകരാറുമൂലം അതീവ ഗുരുതരാവസ്ഥയിലായ നവജാത ശിശുവിന് ആധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കാസർഗോഡ് ആസ്റ്റർ മിംസിലെ വിദഗ്ധ മെഡിക്കൽ സംഘം. ആശുപത്രിയിലെ നിയോനാറ്റോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അതിസങ്കീർണമായ അവസ്ഥയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ പ്രത്യേക സൗകര്യങ്ങളുള്ള എൻഐസിയു ആംബുലൻസിന്റെയും ട്രാൻസ്പോർട്ട് വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് കാസർഗോഡ് ആസ്റ്റർ മിംസിൽ എത്തിച്ചത്.
നിയോനാറ്റോളജിസ്റ്റ് ഡോ. ചൈത്രയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയത്. പ്രത്യേക ഹൈ ഫ്രീക്വൻസി ഓസിലേറ്ററി വെന്റിലേറ്റർ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസകോശത്തെ താങ്ങിനിർത്തുകയും തുടർന്ന് ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ ശ്വാസകോശത്തിലെ ചുരുങ്ങിപ്പോയ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഓക്സിജൻ രക്തത്തിലേക്ക് ശരിയായ രീതിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. നിയോനാറ്റോളജി വിഭാഗത്തിലെ ഡോ. ഉദയ് ശ്രീനിവാസ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ. മുഹമ്മദ് നബീൽ, ഡോ. ജുമാന മെഹജാബിൻ, പീഡിയാട്രിക് ഇന്റർവെൻഷനിസ്റ്റ് കെ.അപർണ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ചികിത്സയ്ക്കു ശേഷം പൂർണ ആരോഗ്യവാനായ കുഞ്ഞ് ആശുപത്രി വിട്ടു.
പ്രസവസമയത്ത് ഉണ്ടാകാവുന്ന സങ്കീർണതകളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാനും ജീവൻ രക്ഷിക്കാനും പര്യാപ്തമായ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആസ്റ്റർ മിംസ് ആശുപത്രിയിൽ സജ്ജമാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു.
Tags : NattuVishesham DistrictNews