കണ്ണൂർ ഐഎംഎ ഹാളിൽ നടന്ന ഡോ. എം.പി. പരമേശ്വരൻ അനുസ്മരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഭാഷണം നടത്തുന്നു.
കണ്ണൂർ: കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും പരിവർത്തനത്തിന് ദിശാബോധം നൽകുകയും ചെയ്ത മഹാനായ ദാർശനികനും പ്രയോക്താവുമായിരുന്നു ഡോ.എം.പി. പരമേശ്വരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ഡോ. എം.പി. പരമേശ്വരൻ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏത് സങ്കീർണമായ ആശയവും ഏറ്റവും സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കുന്നതായിരുന്നു ഡോ. എം.പി. പരമേശ്വരന്റെ ശൈലി. വൈരുധ്യാത്മക ഭൗതികവാദത്തെ മലയാളത്തിൽ ഏറ്റവും ലളിതമായും ജനകീയമായും അവതരിപ്പിക്കുന്നതിൽ നിർണായകമായ സംഭാവനയാണ് അദ്ദേഹം നൽകിയത്. ‘നാലാം ലോക സിദ്ധാന്തം’ മുന്നോട്ടുവച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിടുകയും പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്തെങ്കിലും മരണം വരെ ഉത്തമമായ കമ്യൂണിസ്റ്റ് ബോധം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഡോ. എം.പി. പരമേശ്വരനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ അധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണൻ എം.പിയും പരിഷത്തും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെപിസിസി അംഗം സുരേഷ് ബാബു എളയാവൂർ, മുൻ എംഎൽഎ ജയിംസ് മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ, പുകസ സെക്രട്ടറി എം.കെ. മനോഹരൻ, സിപിഐ നേതാവ് പ്രദീപൻ, പരിഷത്ത് ജനറൽ സെക്രട്ടറി വി. മനോജ്കുമാർ ബിജു നെടുവലൂർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews