മാട്ടൂലിനു സമീപം പുലിയിറങ്ങിയ പ്രദേശം കത്തോലിക്ക കോൺഗ്രസ് അതിരൂപത നേതാക്കൾ സന്ദർശിച്ചപ്പോൾ.
തലശേരി: വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നത് എന്തുകൊണ്ടാണെന്ന് വനം വകുപ്പ് പഠിക്കണമെന്നും അവയെ കാട്ടിൽ തന്നെ നിർത്താൻ അടിയന്തര നടപടി വേണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളിൽ എത്തുന്ന വന്യമൃഗങ്ങൾ ജനങ്ങളെ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ നോക്കിനിൽക്കാൻ ഇനിയും ജനങ്ങൾക്കാകില്ല. മാട്ടൂലിനു സമീപം പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ച ശേഷമാണ് കത്തോലിക്ക കോൺഗ്രസ് അതിരൂപത നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ അത് തടയാൻ കർഷകർ എന്തു മാർഗം വേണമെങ്കിലും സ്വീകരിക്കുമെന്നും അതിന്റെ പേരിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും കർഷകരുടെ ഭൂമിയിലേക്ക് കടക്കരുതന്നും അത്തരം പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് പോരാടുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഈ രാജ്യത്ത് ജനങ്ങളുടെ ജീവനും സ്വത്തിനുമല്ല വന്യ ജീവികൾക്കാണ് പ്രാധാന്യമെന്നും അവർ കുറ്റപ്പെടുത്തി. അതിരുപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ സെക്രട്ടറിമാരായ ജെയിംസ് ഇമ്മാനുവൽ, ജോബി കുര്യൻ പഴയമഠത്തിൽ എന്നിവർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags : NattuVishesham DistrictNews