കേരള ബാങ്ക് സോളാർ വായ്പാ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫിസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പി. മോഹനൻ നിർവഹിക്കുന്നു.
കണ്ണൂർ: ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് റൂഫ് ടോപ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് കേരള ബാങ്ക് ആവിഷ്കരിച്ച കെബി സോളാർ വായ്പാ പദ്ധതിയുടെ സംസ്ഥാനതല വിതരണോ ദ്ഘാടനം കേരള ബാങ്ക് പ്രസിഡൻറ് പി. മോഹനൻ നിർവഹിച്ചു. കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചക്കരക്കല്ല് ശാഖയിലെ ഇടപാടുകാരനായ പ്രജേഷ് വായ്പാ അനുമതിപത്രം ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കേരളബാങ്ക് സോളാർ വായ്പാ പദ്ധതി പ്രകാരം ഗാർഹിക ഉപയോഗത്തിനായി വീടുകളുടെ മേൽക്കൂരയിൽ മൂന്നു കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള റൂഫ് ടോപ് സോളാർ സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ പിഎം സൂര്യഗർ മുഫ്ത് ബിജിലി യോജന പ്രകാരം പരമാവധി 78,000 രൂപ വരെ മൂലധന സബ്സിഡി ലഭ്യമാണ്.
വായ്പയുടെ കാലാവധി പരമാവധി 84 മാസം ആയിരിക്കും. കണ്ണൂർ റീജണൽ ജനറൽ മാനേജർ പി.പി. മനോജ്, എം.എസ്. ദീപ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews