മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നുദിന അനുസ്മരണ-സ്മൃതി സംഗമങ്ങൾക്ക് വികാരനിർഭരമായ സമാപനമായി.
"നീതിമാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം' എന്ന സന്ദേശവുമായി യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ പരിപാടികൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ എന്നിവിടങ്ങളിലൂടെ തുടർന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന സമാപനച്ചടങ്ങോടെയാണ് അവസാനിച്ചത്.
ജനങ്ങളുമായി ചേർന്ന് ജീവിച്ച നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ലാളിത്യവും ജനസേവനവും പൊതുജീവിതത്തിലെ മാതൃകാപരമായ ഇടപെടലുകളും വിവിധ അനുസ്മരണ യോഗങ്ങളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു.