പരിപാടിയിൽ നിന്ന്
മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നുദിന അനുസ്മരണ-സ്മൃതി സംഗമങ്ങൾക്ക് വികാരനിർഭരമായ സമാപനമായി.
"നീതിമാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം' എന്ന സന്ദേശവുമായി യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ പരിപാടികൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ എന്നിവിടങ്ങളിലൂടെ തുടർന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന സമാപനച്ചടങ്ങോടെയാണ് അവസാനിച്ചത്.
ജനങ്ങളുമായി ചേർന്ന് ജീവിച്ച നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ലാളിത്യവും ജനസേവനവും പൊതുജീവിതത്തിലെ മാതൃകാപരമായ ഇടപെടലുകളും വിവിധ അനുസ്മരണ യോഗങ്ങളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു.

റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും ജനറൽ സെക്രട്ടറി റോമി കുര്യാക്കോസും മുഖ്യാതിഥികളായി പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ സുഹൃത്തും സമകാലികനുമായ തമ്പി ജോസും മുതിർന്ന മാധ്യമപ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
ബ്ലാക്പൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചനും ജനറൽ സെക്രട്ടറി സാജൻ തോമസും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ്, ആൽവിൻ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അജയ് ജുവൽ കുര്യാക്കോസ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി.

സ്കോട്ട്ലാൻഡ് യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എം. മിഥുൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് ഉൾപ്പെടെ വിവിധ ഭാരവാഹികൾ പങ്കെടുത്തു.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രിക്കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോൺ പിയെയും പുതുപ്പള്ളി സ്വദേശിയായ ജേക്കബ് ചെറിയാനെയും ചടങ്ങിൽ ആദരിച്ചു.
ഇരുവരും ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് അനുസ്മരണ സന്ദേശം നൽകി. ബാൺസ്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്മൃതിദീപം തെളിച്ച് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറയും ജനറൽ സെക്രട്ടറി രാജുൽ രമണനും അനുസ്മരണ സന്ദേശങ്ങൾ നൽകി.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലയിൽ അധ്യക്ഷത വഹിച്ചു.
ചെസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമാപനച്ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി പങ്കെടുത്ത് പിതാവിന്റെ ജനസേവന ജീവിതത്തെ അനുസ്മരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ ജനസ്നേഹവും ലാളിത്യവും കരുതലും സേവന മനോഭാവവും മലയാളി സമൂഹത്തിന് എന്നും പ്രചോദനമായി തുടരുമെന്നും അദ്ദേഹത്തിന്റെ ഓർമകൾ തലമുറകൾക്ക് വഴികാട്ടിയായിരിക്കുമെന്നും വിവിധ അനുസ്മരണ യോഗങ്ങളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Tags : IOCUK MIDLANDS OOMMENCHANDY