ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സായുധ സേനാംഗങ്ങൾക്കും കേന്ദ്ര സായുധ പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കുമുള്ള രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ധീരവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ച സൈനികർക്കുള്ള ഈ അംഗീകാരങ്ങളിൽ ഇത്തവണ മലയാളികൾക്കും അഭിമാനിക്കാം. കോർപ്സ് ഓഫ് എഞ്ചിനീയേഴ്സ് വിഭാഗത്തിലും, 57 രാഷ്ട്രീയ റൈഫിൾസിലുമായി സേവനമനുഷ്ഠിക്കുന്ന മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യചക്ര പുരസ്കാരം ലഭിച്ചു.
ജമ്മു കാഷ്മീരിൽ പാക് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ കാഴ്ച്ചവെച്ച അസാമാന്യ ധീരതയ്ക്കാണ് മേജർ തരുൺ വാസുദേവനെ ഈ ഉന്നത ബഹുമതി നൽകി രാജ്യം ആദരിക്കുന്നത്. 13 മരണാനന്തര ബഹുമതികൾ ഉൾപ്പെടെ ആകെ 78 ധീരതാ അവാർഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചത്. ഒന്പത് പേർക്ക് കീർത്തിചക്ര ലഭിച്ചു. ഇതിൽ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്.
മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്കാണ് ശൗര്യചക്ര പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.ധീരതയ്ക്കുള്ള 36 സേനാ മെഡലുകളും, മൂന്ന് നാവികസേനാ മെഡലുകളും, അഞ്ച് വായുസേനാ മെഡലുകളും ഇതിൽ ഉൾപ്പെടുന്നു. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്റ്റനന്റ് കേണൽ മനിയോ ഫ്രാൻസിസിനും, കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗിനും കീർത്തിചക്ര നൽകി ആദരിക്കും. കൂടാതെ, കത്വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കാഷ്മീർ പോലീസിലെ ആറുപേരും കീർത്തിചക്ര ലഭിച്ചവരിൽ ഉൾപ്പെടുന്നു.