പ്രതീകാത്മക ചിത്രം
വേലിയിൽ റെസ്റ്റ് എടുത്തിരിക്കുന്ന പാന്പിനെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു സ്വന്തം വാളിൽ; ക്ഷമിക്കണം, തോളിൽ കയറ്റിയിരുത്തുന്ന ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ കാണാനായി. കീർത്തിചക്രത്തിനുള്ളിൽ വീർത്തുപൊട്ടിയ സിനിമാക്കാരനായിരുന്നു ആദ്യതാരം.
പേരിൽ മാത്രമല്ല, പേരുദോഷത്തിലും താൻതന്നെയാണ് മേജർ എന്നു തെളിയിക്കാനുള്ള സംവിധാനത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. പാറ്റാസമരത്തെ അനുകൂലിച്ചു മോഹൻലാലിന്റെ മകൾ വിസ്മയ രംഗത്തുവന്നതാണ് മേജറിനെ മൈനറായൊന്നു പ്രകോപിപ്പിച്ചത്.
രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത പിഞ്ചുമനസാണ് വിസ്മയയുടേതെന്നു മേജർ പ്രഖ്യാപിച്ചു. ഇതു പാറ്റകൾക്കുള്ള പിന്തുണയായി കരുതേണ്ടതില്ലെന്നും വിദ്യാർഥികൾക്കു തല്ലുകിട്ടുന്നതു കണ്ടപ്പോൾ വേദനിച്ച പിഞ്ചുമനസിന്റെ നൊന്പരമാണെന്നും മേജർ കണ്ടെത്തി. എന്നാൽ, മറ്റൊരാൾ പറഞ്ഞ കഥയ്ക്കു വലിഞ്ഞുകയറി തിരക്കഥയെഴുതാൻ ചെന്ന സംവിധായകനെ സോഷ്യൽ മീഡിയ പിള്ളേർ പഞ്ഞിക്കിട്ടു.
ഇനിയും ഇത്തരം പട്ടാളക്കഥയുമായി വന്നാൽ കോർട്ട് മാർഷൽ തന്നെ വേണ്ടിവരുമെന്നാണ് പിള്ളേർ പറയുന്നത്. അതായത്, കൈയും കാലും കെട്ടിയിട്ട് പുള്ളിയുടെതന്നെ ചില പട്ടാളപ്പടങ്ങൾ രണ്ടു തവണ വീതം കാണിച്ചുകൊടുക്കാനാണ് തീരുമാനം!
പേളി മാണിയായിരുന്നു മറ്റൊരു പിഞ്ചുമനസിന്റെ ഉടമ. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ അടി വാങ്ങാതെ എത്രയും വേഗം വീടുപിടിക്കണമെന്ന് ഒരു ഉപദേശം കൊടുത്തതേ ഓർമയുള്ളൂ, “പണി പാളി മാണീ” എന്ന അശരീരിയാണ് പിന്നെ കേട്ടത്.
ഇന്നലെ വരെ സോഷ്യൽ മീഡിയയിൽ പൊളിയായി നിന്ന തന്നെ ജെൻസി പിള്ളേർ പൊളിച്ചടുക്കുന്നതു കണ്ടപ്പോൾ പേളി മാണി ചൂളി മാണിയായി. താൻ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നു പറഞ്ഞ് ഉൗളിയിടാൻ നോക്കിയെങ്കിലും അക്കളിയും ഏറ്റില്ല.
ആകാശത്തുകൂടി പോയ പക്ഷിയെ ഏണിവച്ചു പിടിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ലെന്ന് മാഡം ഇപ്പോൾ ഇന്പോസിഷൻ എഴുതിക്കൊണ്ടിരിക്കുകയാണത്രേ.
ടി.ജിയുടെ വകയായിരുന്നു അടുത്ത വെടി. പാറ്റകളുടെ സമരം കൊടുങ്കാറ്റു പോലെ വീശുന്നതു കണ്ടപ്പോൾ തോക്കെടുക്കാനാണ് പുള്ളിക്കു തോന്നിയത്. കൈയിൽ തത്സമയം തോക്കില്ലായിരുന്നതിനാൽ ബെല്ലും ബ്രേക്കുമില്ലാത്ത നാക്കെടുത്തു പൊട്ടിച്ചു. എം.എം. മണിയുടെ വണ്‍ ടു ത്രീ മോഡൽ പൊട്ടിക്കൽ. ഞാനായിരുന്നെങ്കിൽ ലവൻമാരെയെല്ലാം ചകുപുകാ വെടിവച്ചു തീർത്തേനെ! കുറെയെണ്ണം മരിക്കും, കുറെയെണ്ണത്തിനു പരിക്കേൽക്കും. അതോടെ സമരം തീരും... ബോയിംഗ് ബോയിംഗ് സിനിമയിൽ നീണ്ടകഥയുമായി വന്ന ജഗതിയായി മിസ്റ്റർ ടി.ജി. മോഹൻജി മാറുന്നതാണ് പിന്നെ കേരളം കണ്ടത്. ഒരു ബോംബ്.. രണ്ടു ബോംബ്... മൂന്നു ബോംബ്... അവസാനം നീണ്ട ഒരു വെടിയും പുകയും! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സിനിമയിൽ ജഗതിയോടു ശങ്കരാടി ചോദിച്ചത് നാട്ടുകാരും ചോദിച്ചു. “തന്റെ തലയ്ക്കു വല്ല പ്രാന്തുമുണ്ടോ?’’
എന്നാൽ, ഈ ഉണ്ടയില്ലാവെടിയിൽ മാത്രമൊതുക്കാൻ ടി.ജി മിത്രം തയാറായില്ല. സമരത്തിനെത്തിയ പെണ്‍കുട്ടികൾക്കു നേരേയായിരുന്നു ജിയുടെ അടുത്ത ക്ഷുദ്രപ്രയോഗം. മാനവും മര്യാദയുമുള്ള ഒരു പെണ്‍കുട്ടിയും കേൾക്കാൻ ഇഷ്ടപ്പെടാത്ത തന്തവൈബുകളായിരുന്നു അടുത്ത ഇനം. ഇതോടെ പെണ്‍കുട്ടികളെല്ലാവരും കൂടി പുള്ളിയെ മാനത്തേക്കു കയറ്റിവിട്ടു. അടുത്തകാലത്തൊന്നും അമ്മാവന് ഇനി എയറിൽനിന്ന് താഴെയിറങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. അവിടെ വർത്തമാനം പറഞ്ഞിരിക്കാൻ മേജറും ഗൗളിയുമൊക്കെ ഉണ്ടല്ലോ എന്നു സമാധാനിക്കാം. അറിയപ്പെടുന്ന എയർമാനായ ടിനി ടോമും ഇടയ്ക്ക് എത്തുമെന്നു കരുതാം.
മിസ്ഡ് കോൾ
ലോകകപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സിനിറം നീല മാറ്റി കാവിയാക്കി.
- വാർത്ത
അടുത്ത തവണ സ്റ്റിക്കിനു പകരം ദണ്ഡ്!
Tags : Respected Gentleman Minor Major OutofRange Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash