കഷ്ടകാലം വരുന്പോൾ കൂട്ടത്തോടെ വന്ദേഭാരതിൽ കയറി വരുമെന്നു പറഞ്ഞതുപോലെയാണ് ഇപ്പോൾ നാട്ടിലെ മിത്രങ്ങളുടെ സ്ഥിതി. കൂടെയുള്ളതു മിത്രങ്ങളാണോ ശത്രുക്കളാണോയെന്ന് ഒരു പിടിയുമില്ല, കംപ്ലീറ്റ് കണ്ഫ്യൂഷൻ! സംസ്ഥാന പ്രസിഡന്റ് ഉറങ്ങാൻ കണ്ണടയ്ക്കുന്പോൾ കേൾക്കുന്നത് ബന്ധുവാര്, ശത്രുവാര്... എന്നുള്ള പാട്ടാണ്. നേതാക്കളിൽ ചിലർതന്നെ സ്വന്തം പാർട്ടിയെയും പാർട്ടിക്കാരെയും പറ്റിച്ചു ഭിത്തിയിൽ പതിപ്പിച്ചതിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം ഫ്രീയായി കൊടുത്ത കൊടികൾ പ്രിയദർശിനി ബസ് പോലെ അങ്ങനെ സൗജന്യമായി കേരളം മുഴുവൻ ഓടേണ്ടതെന്ന് ഒരു പ്രമുഖ മഹിളാമോർച്ച തീരുമാനിച്ചു. അങ്ങനെ പ്രിയദർശിനിയായി വന്ന കൊടികൾ ബോർഡ് മാറ്റി പ്രീമിയം സൂപ്പർ ഫാസ്റ്റ് ആയി മണ്ഡലങ്ങളിലേക്ക് ഓടി. ടിക്കറ്റ് ചാർജ്, ചാർജുള്ള സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്കു മെർജ് ചെയ്തു.
മോദിജിയെ വരവേൽക്കാൻ നിർമിച്ച ബോർഡ് ആയിരുന്നു അടുത്ത ഇനം. ചിത്രം മോദിജിയുടേതായതിനാൽ വില കുറച്ചിട്ടാൽ അതു പാർട്ടിക്കു ക്ഷീണമാകുമല്ലോ എന്നു കരുതിയിട്ടാവണം ഇത്തിരി കനത്ത തുകയ്ക്കുതന്നെ ക്വട്ടേഷൻ കൊടുത്തു. പകുതി നിങ്ങൾക്കും പകുതി ഞങ്ങൾക്കുമെന്ന തുല്യപങ്കാളിത്ത പദ്ധതിപ്രകാരമായിരുന്നു നിർമാണം. ജിഎസ്ടി വെട്ടിപ്പ് പിടിക്കാൻ നമ്മുടെ സ്വന്തം സർക്കാർ രാജ്യമൊട്ടുക്കും പരക്കം പായുന്പോൾ അവിടെയും കേരള മിത്രങ്ങൾ ഒരു കുറവും വരുത്തിയില്ല. ബില്ലിൽ സ്വന്തം അണികളുടെതന്നെ സ്ഥാപനങ്ങളുടെ ജിഎസ്ടി നന്പർ അവർ പോലും അറിയാതെ ഫിറ്റ് ചെയ്തു.
അണികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെയിലും കൊണ്ട് തല പുകയ്ക്കുന്പോൾ നേതാക്കളിൽ ചിലർ, എങ്ങനെ പുകമറയ്ക്കുള്ളിൽനിന്നു തങ്ങൾക്കുള്ള വകയുണ്ടാക്കാമെന്ന കൊണ്ടുപിടിച്ച ഗവേഷണത്തിലായിരുന്നു. മാറാത്തതു മാറും എന്നായിരുന്നു തെരഞ്ഞെടുപ്പ് മുദ്രാവാക്യമെങ്കിലും നാറാത്തതു നാറും എന്ന സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഈ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയുമെല്ലാം കഥ ചെന്ന് ആരോടു പറയുമെന്നതാണ് ഇപ്പോൾ കേരള മിത്രങ്ങളെ വിഷമിപ്പിക്കുന്നത്. കേന്ദ്രത്തിലോട്ട് ഇതും പറഞ്ഞു ചെല്ലാമെന്നു വച്ചാൽ ഉരൽ ചെന്നു മദ്ദളത്തോടു പറയുന്നതുപോലെയാകും.
അയോധ്യ ക്ഷേത്രത്തിൽ നോക്കിനിന്ന മാത്രയിൽ എത്ര കോടിയാ അപ്രത്യക്ഷമായതെന്നു മിത്രങ്ങൾക്കുമറിയില്ല. ശത്രുക്കൾ പോലുംചെയ്യാത്ത കൃത്യമാണ് ചില മിത്രങ്ങൾ അവിടെ ചെയ്തുകൂട്ടിയിരിക്കുന്നതെന്നാണ് പത്രങ്ങൾ പറയുന്നത്.
ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന ശബരിമലയിലെ തട്ടിപ്പിനെക്കുറിച്ചുവരെ ഘോരഘോരം പ്രസംഗിച്ച മോദിജി ഡൽഹിയോടു ചേർന്നു കിടക്കുന്ന അയോധ്യയിലെ തട്ടിപ്പിനെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ല! അയോധ്യയിലെ മാത്രം പറഞ്ഞാൽ തീരില്ലല്ലോ. ബദരീനാഥും മറ്റു പ്രധാന ക്ഷേത്രങ്ങളും പിന്നാലെ.
അടുത്തകാലത്തായി മിത്രങ്ങൾ തൊട്ടതെല്ലാം തട്ടുകേടാകുന്ന കാഴ്ചയാണ് കേന്ദ്രത്തിൽ. നീറ്റും നെറ്റും മൊത്തം നാറ്റക്കേസ് ആക്കിയ എൻടിഎ, സിബിഎസ്ഇ പരീക്ഷ കുളമാക്കിയ വിദ്യാഭ്യാസവകുപ്പ്, എഥനോളിൽ പെട്രോൾ ഒഴിച്ച ഗതാഗതവകുപ്പ്, കൃഷി സബ്സിഡി കീശയിലാക്കിയ മന്ത്രി, യുദ്ധത്തിൽ പിടിവിട്ട വിലക്കയറ്റം, പാറ്റകളായി പറക്കുന്ന ജെൻസികൾ... ഇതെല്ലാം ചിന്തിച്ചു തലപൊട്ടിത്തെറിച്ചു നിൽക്കുന്നവരോടു വേണം കേരളത്തിലെ തെരഞ്ഞെടുപ്പു വെട്ടിപ്പിന്റെ നാറ്റക്കഥ പറയാൻ! പിന്നെ ഒരാശ്വാസമുണ്ട്. ഇതൊക്കെ പറഞ്ഞു സമരം നടത്തേണ്ട പ്രതിപക്ഷത്തെ കുന്തമുന നല്ല സമയം നോക്കി വിദേശത്തു സാറ്റ് കളിയിലാണ്. ഇതെല്ലാം കാണുന്നവർക്ക് ഒന്നേ പറയാനുള്ളൂ, അതു ശശികല ചേച്ചിയുടെ വാക്കുകളാണ്: ഹിന്ദു ഉണരണം!
മിസ്ഡ് കോൾ
പാന്പുകടിയെ ‘അറിയിക്കേണ്ട രോഗമായി’
പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.
- വാർത്ത
നായകടി ഒരു വകുപ്പിനും അറിയേണ്ട!