ഇതാ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം... ലീഗ് മത്സരങ്ങളില്‍ 102 ഗോള്‍ അടിച്ചു ജയിച്ചതിന്റെ ആവേശത്തില്‍ നമ്മുടെ രാഷ്ട്രീയ താരങ്ങള്‍ ജഴ്സിയൊക്കെ അണിഞ്ഞ് ആവേശത്തോടെ നില്ക്കുന്നു.
ഫുട്ബോള്‍ ആയാലും രാഷ്ട്രീയമായാലും ലീഗ് ഇല്ലാതെ എന്തു മത്സരം! ഇനി എല്ലാ കണ്ണുകളും ഖജനാവ് മൈതാനത്തേക്ക്. അതാ, മത്സരത്തിനുള്ള എക്സ്ട്രാ ഫിറ്റിംഗും മോഡിഫിക്കേഷനുമെല്ലാം കഴിഞ്ഞ് കളത്തിലിറങ്ങാന്‍ വാം അപ് ചെയ്തുകൊണ്ടിരിക്കുകയാണ് ലയണൽ പൂക്കിജി. സഹതാരങ്ങളും കൊണ്ടുപിടിച്ച തയാറെടുപ്പിൽ.
ഇതിനിടയില്‍ ഒരു കളിക്കാരനുള്ള ചൂടുവെള്ളവുമായി അളിയനെത്തി. വീട്ടില്‍നിന്നു നേരിട്ടുകൊണ്ടുവരുന്ന വെള്ളമേ വിശ്വസിക്കാന്‍ പറ്റൂവത്രേ. അല്ലാത്തതിനെയൊന്നും കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുത്. എന്തായാലും വെള്ളം വായിലേക്ക് ഒഴിച്ചതും ഇലവന് കെവിയില്നിന്നു കറന്റ് നേരിട്ടു വന്നടിച്ചതു പോലെ ഒന്നു വിറച്ചു.
ഷോക്കടിച്ചെന്ന് അപ്പോഴും പുള്ളിക്കാരനു മനസിലായില്ല. സഹകളിക്കാര്‍ കൂടി വിറയ്ക്കാന്‍ തുടങ്ങിയതോടെയാണ് ആദ്യ വീക്കില്ത്തന്നെ ഷോക്ക് കിട്ടിയ കാര്യം വക്കീലിനു പിടികിട്ടിയത്. ഈ വെള്ളത്തില്‍ കറന്റ് ഇല്ലെന്നു പറഞ്ഞുനോക്കിയെങ്കിലും കറന്റ് ഉണ്ടാക്കാന്‍ ഈ വെള്ളം മതിയെന്ന് പാര്ട്ടിക്കാര് പറഞ്ഞതോടെ വാട്ടറും അളിയനും സ്റ്റേഡിയത്തിനു പുറത്ത്. ഇടയ്ക്കു കറന്റ് അടിക്കുന്നതു വാതത്തിനു മാത്രമല്ല വക്കീലിന്റെ വാദത്തിനും നല്ലതാണെന്ന് നിരീക്ഷകര്‍!
എല്ലാവരും ഗ്യാരന്റി ജഴ്സി അണിഞ്ഞു തയാർ, ഉടൻ വിസില്‍ മുഴങ്ങി. ആദ്യത്തെ ബോള്‍ തട്ടാന്‍ ആവേശം കൊണ്ടുനിന്ന പൂക്കിജി മൈതാനത്തേക്കു നോക്കിയപ്പോള്‍ കളത്തിൽ പന്തില്ല! പൂക്കിജി സഹകളിക്കാരെ നോക്കി. അവര്‍ പരസ്പരം നോക്കി. എല്ലാവരും കൂടി റഫറിയെ നോക്കി. റഫറി അടുപ്പിച്ചു രണ്ടു മത്സരവും കഴിഞ്ഞ് വിശ്രമിക്കുന്ന എതിര് ടീമിനെ നോക്കി, അവരോ ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളുടെ സെൻസസ് എടുത്തു. പൂക്കിജിക്ക് ഒരു കാര്യം മനസിലായി, ഗോള്‍ അടിക്കാന്‍ ഖജനാവ് മൈതാനത്ത് നയാപന്തില്ല! ബാലഗോപാലന് എണ്ണ തേപ്പിച്ചു ഇരുത്തിയിരുന്ന ഖജനാവിലെ ഗോൾ പോസ്റ്റ് ഇനിയൊരു ഗോള്‍ താങ്ങാന്‍ ശേഷിയില്ലാതെ ഇടത്തേക്കു ചാഞ്ഞിരിക്കുന്നു.
ചെന്പടയുടെ നായകനും ഉപനായകനും സെല്‍ഫ് ഗോള്‍ അടിച്ചു മടുത്തതിന്റെ ക്ഷീണത്തില്‍ ഗോൾപോസ്റ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നു. കണിച്ചുകുളങ്ങരയില്‍നിന്ന് ഇറങ്ങിക്കളിച്ച വെറ്ററന്‍ താരത്തിന്റെ ഒാഫ്സൈഡ് കളി പരിധിവിട്ടതാണു തോല്‍വിക്കു കാരണമെന്ന് കളിക്കാര്‍ അടക്കം പറയുന്നു. എക്സ്ട്രാ ടൈമിലേക്കു നീങ്ങുമെന്നു കരുതിയിരുന്ന കളി എക്സാ ലോജിക്കിലേക്കു പോയി പാളിയതാണ് വിനയായതെന്നു മറ്റു ചിലരുടെ ആത്മഗതം.
ഇതിനിടെ, റഫറിയുടെ കൈയിൽ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും ഉള്ളതുകൊള്ളാം. പക്ഷേ, ഞങ്ങൾക്ക് ഇത്രയും കളിക്കാരുള്ള സ്ഥിതിക്ക് കളിയിൽ ഒരു പച്ചക്കാര്‍ഡ് കൂടി ഉൾപ്പെടുത്തണമെന്നു മറ്റൊരു കൂട്ടര്. പെട്ടെന്ന് ആംബുലന്‍സിന്റെ ഒരു നിലവിളി ശബ്ദം. എന്തു നല്ലതു ചെയ്താലും ചീത്തപ്പേര് മാത്രമാണല്ലോ ബാക്കിയെന്ന നിലവിളി ശബ്ദവുമായി ആരോഗ്യവകുപ്പിന്റെ ആംബുലൻസ് വലതു വിംഗിലൂടെ മുന്നോട്ട്.
ഇതിനിടയിൽ മൈതാനത്തിന്റെ ഒരു വശത്ത് ടിക്കറ്റ് എടുക്കാതെ കളി കാണാന്‍ വന്നവരുടെ ഇടിച്ചുകയറ്റം. കൈയിൽ മൊബൈൽ കാമറയുമായി ഇടിച്ചുകയറിവരുന്ന ഇവരാണ് കേരളത്തിന്റെ പുതിയ രക്ഷാസൈന്യം! ബാത്ത്റൂമിലേക്കു പോകുന്ന കളിക്കാർ വാതിലിന്റെ രണ്ടു കുറ്റിയും ഇടണമെന്ന് പൂക്കിജിയുടെ മുന്നറിയിപ്പ്. അല്ലെങ്കിൽ ഇവൻമാർ മൊബൈൽ ഫോണുമായി അവിടെയും ഇടിച്ചുകയറിക്കളയും.
എന്തായാലും മൈതാനത്തിറങ്ങിയ സ്ഥിതിക്കു പന്തില്ലെങ്കിലും കളി തുടരാനാണത്രേ പൂക്കിജിയുടെയും ടീമിന്റെയും തീരുമാനം. ഈ കളിയുടെ ഫിക്സ്ചർ അറിയാൻ ബജറ്റ് വരെ കാത്തിരിക്കാം!
മിസ്ഡ് കോൾ
മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്ന് എം.എം. മണി.
വാർത്ത
പത്തു വർഷം വൺ ടു ത്രീ..!
Tags : Goalless Modification treasury Maidan Out of Range