മധുരം ജീവാമൃത ബിന്ദു... ഈ പാട്ടു കേട്ടപ്പോള്‍ ബിന്ദുവിനുള്ള മധുരം ഇങ്ങനെ തലവഴിയാണ് എത്തുന്നതെന്നു മന്ത്രി ബിന്ദു കൃഷ്ണ തീരെ പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ സമ്മേളനവേദി പോലെ ആളു തിങ്ങിനിറഞ്ഞ പ്രിയദര്‍ശിനി ബസില്‍ ചൂടു പായസവും കപ്പിലാക്കി കയറിയ മഹാനെ ഇന്ദിരാ ഗാരന്റി നല്കി ആദരിക്കേണ്ടതാണ്. നേരിട്ടുള്ള ആലിംഗനത്തിൽനിന്നു സമർഥമായി തലയൂരിയ ബിന്ദുമന്ത്രിക്ക് പക്ഷേ, തലയ്ക്കു മുകളിലൂടെ എത്തിയ ചൂടുപായസത്തിന്റെ ആലിംഗനത്തെ തടയാനായില്ല. പ്രിയദർശിനിയുടെ ദർശനം തേടിയെത്തിയ മന്ത്രിയെ പാലഭിഷേകം നടത്തി അവൾ സ്വീകരിച്ചു.
ബിന്ദുമന്ത്രിയുടെ തലയില്‍ പായസമാണ് വീണതെങ്കില്‍ ഇഡിയുടെ ചോദ്യങ്ങള്‍ തലയില്‍ വീണതിന്റെ ക്ഷീണത്തിലാണ് ടി. വീണ. ഇഡിയുടെ തലയില്‍ ഇടിത്തീ വീഴണേയെന്നു തലയില്‍ കൈവച്ചു പ്രാകുകയല്ലാതെ തത്കാലം സഖാക്കൾക്കു വഴിയൊന്നുമില്ല. തന്റെ മകൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു തലയില്‍ കൈവച്ചു മൂത്തസഖാവ് ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. പക്ഷേ, അത് ഇഡിയുടെ തലയില്‍ കയറേണ്ടേ... വല്ല വോട്ടർമാരും ചോദിച്ചിരുന്നേൽ വീട്ടിൽ പോയി ചോദിക്കെന്നു പറയാമായിരുന്നു. ഇതിപ്പോൾ ചോദിക്കുന്നത് ഇഡിയായിപ്പോയില്ലേ... എങ്കിലും സമാധാനിക്കാം, ഈ കപ്പൽ മുങ്ങാനിടയില്ല, കാരണം ഇതിനൊരു കപ്പിത്താനുണ്ട്!
ഇതിനിടയിലാണ് ഷിഗെല്ലയും നിപ്പയും ആരോഗ്യവകുപ്പിന്റെ തലയിൽ കയറിയിരുന്നു ചെവി കടിച്ചത്. തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നു പറഞ്ഞതുപോലെയാണ് മുരളീധരന്‍ജിയുടെ കാര്യം. എരണം കെട്ടവര്‍ മന്ത്രിസ്ഥാനത്തിരുന്നാല് നിപ്പയല്ല അതിലും വലിയ രോഗങ്ങള്‍ വരുമെന്ന് പണ്ടൊരാവേശത്തിനു പറഞ്ഞുപോയെങ്കിലും ആരോഗ്യവകുപ്പ് തന്റെ തലയില്‍ത്തന്നെ വരുമെന്നും കുഴപ്പങ്ങളെല്ലാം കൂട്ടത്തോടെ വന്ന് ആരോഗ്യവകുപ്പിന്റെ തലയില്‍ കയറി അടയിരിക്കുമെന്നും ആരറിഞ്ഞു. തല വെളിയില്‍ കാണിക്കാൻ പറ്റാതെ ആരോഗ്യവകുപ്പ് വിട്ട മുന്‍ മന്ത്രി എന്തായാലും പുതിയ മന്ത്രിക്കെതിരേ ട്രോളുമായി തല പൊക്കിയിട്ടുണ്ട്.
ഇതേസമയം, തലസ്ഥാനത്തു കാപ്പാ പ്രതിയെ പൊക്കി തലയില്‍ വച്ചുകൊണ്ടുനടക്കുകയാണ് ഒരു മുന്‍ ഡിജിപി. കാപ്പയും കോപ്പയും സഖാക്കൾ തലയില്‍ വച്ചു കൊടുത്തതാണെന്നും സുഗതന് ശുദ്ധഗതിക്കാരനാണെന്നുമാണ് മാഡം പറയുന്നത്. ഒപ്പം, അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളുടെ കഥ തന്റെ തലയില്‍ നേരത്തേ വിരിഞ്ഞതാണെന്നും തലതെറിച്ച ചിലര്‍ അതു മോഷ്ടിച്ചു സിനിമയാക്കിയെന്നുമുള്ള മാഡത്തിന്റെ പരാതി സിനിമാക്കാരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നു.
ഈ ബഹളത്തിനിടയിൽ ഒരു തലതല്ലിക്കരച്ചില് കേട്ടത് കണിച്ചുകുളങ്ങരയില്നിന്നാണ്. നാട്ടിലെ സകല കുഴപ്പങ്ങളുടെയും തോല്‍വികളുടെയും ഭാരം തന്റെ തലയില്‍ കൊണ്ടിടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പുള്ളിയുടെ പരിഭവം. എന്നാൽ, കാണുന്ന കുടത്തിലെല്ലാം തലയിടുന്നതിന്റെ ഫലമാണ് ഇപ്പോൾ വള്ളിയായതെന്നാണ് വിമർശകരുടെ പക്ഷം.
ഇതിനിടയിലാണ് നീറ്റ് പരീക്ഷ റദ്ദാക്കി എന്‍ടിഎ പിള്ളേരുടെ തലയ്ക്കടിച്ചത്. തലകുത്തിനിന്നു പഠിച്ചു പരീക്ഷയെഴുതിയ പിള്ളേര് ഇനിയെന്തു ചെയ്യുമെന്നോര്‍ത്ത് തലയ്ക്കു കൈയും കൊടുത്ത് ഇരിക്കുന്നു. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനു ടെലിഗ്രാമിന്റെ തലവെട്ടി തലയൂരിയിരിക്കുകയാണ് നടത്തിപ്പുകാര്‍. തലയ്ക്കു വെളിവുള്ളവരാരും നടത്തിപ്പുകാരിൽ ഇല്ലേയെന്നാണ് ഇപ്പോള്‍ പാറ്റകളും പറവകളും ചോദിക്കുന്നത്. എന്നാല്‍, ആരുടെയൊക്കെ തല പോയാലും ഈ വിഷയത്തില്‍ കമാ എന്നു മിണ്ടില്ലെന്ന വാശിയില്‍ തലയും കുമ്പിട്ടിരിക്കുകയാണ് പ്രധാന തലൈവര്‍.
ആറാം ദിനത്തിലെ തലയെണ്ണൽ പള്ളിക്കൂടത്തിൽ നടക്കുന്ന പരിപാടിയാണെങ്കിലും പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ എല്ലാ ദിവസവും എംപിമാരുടെയും എംഎൽഎമാരുടെയും തലയെണ്ണൽ നടത്തിക്കൊണ്ടിരിക്കുകയാണത്രേ. തല മറന്ന് എണ്ണതേയ്ക്കാൻ മടിയില്ലാത്തവരുടെ എണ്ണം പെരുകിവരുന്നു എന്ന തലവാചകത്തോടെ തത്കാലം വിട.