കോട്ടയം: വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രത്തിനു മലരിക്കലില്‍ തുടക്കമായി. മലരിക്കല്‍ ടൂറിസം കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആമ്പല്‍പ്പൂക്കള്‍ മാത്രം കണ്ട് ഇനി മടങ്ങേണ്ട. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സമുദ്രത്തിനടിയിലെ അദ്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങള്‍ വിആര്‍ ഹെഡ്സെറ്റിലൂടെ നേരിട്ട് അനുഭവിക്കാന്‍ കഴിയും.
കേന്ദ്രത്തിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ് ത്രീഡി മൂവി തിയറ്ററും ത്രീഡി ഗാലറിയും. കോട്ടയത്തെ ചെറിയപള്ളി, വലിയപള്ളി, കുരിശുപള്ളി, ജുമാ മസ്ജിദ്, സിഎംഎസ് ഹൈസ്കൂള്‍ തുടങ്ങി പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കേരളത്തിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ത്രീഡി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മലരിക്കല്‍ ആമ്പല്‍പ്പാടത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, ഏകദേശം പത്തു കിലോമീറ്റര്‍ ദൂരെയുള്ള മാര്‍ത്താണ്ഡം വരെയുള്ള സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന ബൈനോക്കുലര്‍ വാച്ച് സൗകര്യവും കേന്ദ്രത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് ഫോട്ടോകള്‍ എടുക്കുന്നതിനായി ത്രീഡി ഫോട്ടോ ബൂത്തും സന്ദര്‍ശകര്‍ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകള്‍ ത്രീഡി ചിത്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക സേവനവും കേന്ദ്രത്തില്‍ ലഭ്യമാകും. സ്കൂളുകള്‍ക്കും വിദ്യാര്‍ഥിള്‍ക്കും കേന്ദ്രത്തിലെത്തി വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി ലേണിംഗ് തുടങ്ങിയ വിദ്യാഭ്യാസ സാങ്കേതികവിദ്യകള്‍ നേരിട്ട് പരിചയപ്പെടാനും അനുഭവിക്കാനും അവസരമുണ്ട്.
തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോന്‍ അധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍ - മീനന്തറയാര്‍ - കൊടൂരാര്‍ പുനഃസംയോജന പദ്ധതി കോ -ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്. അനീഷ് കുമാര്‍, സിജി ബിജു, സുമേഷ് കാഞ്ഞിരം, എ.എം. ബിന്നു, വി.കെ. ഷാജിമോന്‍, ജയദീഷ് ജയപാല്‍, സി.ജി. മുരളീധരന്, ആതിര ഹരിദാസ്, ജോസ് കെ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ദിവസവും രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ കേന്ദ്രം പ്രവര്‍ത്തിക്കും. സ്കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മറ്റു ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും ഇളവുണ്ട്. 93495 03540 / 8137963235.