Kerala
തൃശൂർ: മസാല ബോണ്ട് വിഷയത്തിൽ ധവളപത്രം പുറത്തിറക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ സംസ്ഥാനത്തു സ്ത്രീസുരക്ഷ ഇല്ലാതായെന്നും അവർ പറഞ്ഞു.
മസാല ബോണ്ട് വഴി സമാഹരിച്ച കോടികൾ ഉപയോഗിച്ച് എത്ര പദ്ധതികൾ നടപ്പിലാക്കി, കേന്ദ്രവിഹിതം എത്ര എന്നിവയെല്ലാം ഉൾപ്പെട്ട ധവളപത്രം ഇറക്കണമെന്നാണു ബിജെപിയുടെ ആവശ്യം.
വിദേശത്തുനിന്നു ഭരിക്കുന്ന കേരളമുഖ്യനായി പിണറായി വിജയൻ മാറി. എല്ലാം വിറ്റു. ജനങ്ങളുടെ കിഡ്നിമാത്രമാണ് ഇനി വിൽക്കാനുള്ളത്. മുഖ്യമന്ത്രിക്ക് ഇപ്പോഴും ലാവ്ലിൻ കന്പനിയോടു പ്രണയമാണ്.
മരുമോനുവേണ്ടി ഇവിടെ അമ്മായിയച്ഛനാണ് വിദേശയാത്രകൾ നടത്തി പണം കണ്ടെത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു. മുകേഷ്, ശശി എന്നിവരാൽ കളങ്കപ്പെട്ട മാര്‍ക്‌സിസ്റ്റ് പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സംസാരിക്കാൻ ധാർമികതയില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാരിന്റെ കരുനീക്കമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നിലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ പോരാടുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
രാഹുലിന്റെ കാര്യത്തിൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണ് നടക്കുന്നത്.കേസ് വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കള്ളക്കേസുകൾ കുത്തിപ്പൊക്കുന്നത് എൽഡിഎഫിന്റെ സ്ഥിരം പ്രവണതയാണ്.
ശബരിമലപ്രശ്നം തകിടംമറിക്കാനുള്ള എൽഡിഎഫ് തന്ത്രമാണ് ഇപ്പോൾ നടപ്പാക്കുന്നത്. താൻ കോന്നിയിൽ മത്സരിച്ചപ്പോഴൊക്കെ നിരവധി കള്ളക്കേസുകളാണ് തനിക്കെതിരേ കൊണ്ടുവന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നതു കള്ളക്കേസാണോ എന്ന ചോദ്യത്തിന്, നിയമത്തിനു വിധേയനായി രാഹുൽ ഇക്കാര്യം വ്യക്തമാക്കട്ടെ എന്നായിരുന്നു പ്രതികരണം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎ നിയമസഭയിൽനിന്നു മാറിനിൽക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, പോലീസ് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ തെളിയിക്കട്ടെ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് മുന്നേറ്റത്തിനു കോട്ടംവരുത്താനുള്ള സർക്കാരിന്റെ ശ്രമമാണ് മറ്റു കേസുകൾ കുത്തിപ്പൊക്കുന്നതിനു പിന്നിൽ.
സ്വർണക്കൊള്ളയിൽ പ്രതികളായ പത്മകുമാറും വാസുവുമെല്ലാം തനിക്കൊപ്പം രാഷ്ട്രീയചേരികളിലുണ്ടായിരുന്നവരാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളോ എസ്ഐടി റിപ്പോർട്ടുകളോ പുറത്തുവരാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.
പ്രതികൾക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എൽഡിഎഫ് മറുപടി പറയണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കിഫ്ബിക്ക് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജി ഇന്നലെ എത്തിയെങ്കിലും നേരത്തേ മറ്റൊരു ബെഞ്ചിലേക്കു വിട്ടതു കണക്കിലെടുത്ത് ഒഴിവാകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി എം.ആര്. രഞ്ജിത് കാര്ത്തികേയന് 2020ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണിത്.
വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം സംബന്ധിച്ച വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്നു ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
തിരുവനന്തപുരം: മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല.
അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്.
അന്നത്തെ ധനകാര്യ മന്ത്രി നല്‍കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു.
പിആർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്‍റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന് കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ തനിക്ക് ഒരു പിടിയുമില്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് തൃശൂർ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കാണാം.
മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്.
കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്‍റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിനുശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ വീണ്ടും കുത്തിപ്പൊക്കിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.