കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപ്പീലിലാണ് നടപടി.
കിഫ്ബി ഫെമ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇഡി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിനെതിരായ ഹര്‍ജിയില്‍ കഴിഞ്ഞദിവസം തുടര്‍നടപടികള്‍ മൂന്നു മാസത്തേക്കു തടഞ്ഞിരുന്നു. ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജൂഡിക്കേറ്റിംഗ് അഥോറിറ്റി നല്കിയതു കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നൽകിയത്.
റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളെ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമായി കാണാനാകില്ലെന്ന ഹർജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിക്കാന്‍ അഡ്ജുഡിക്കേഷന് അഥോറിറ്റിക്ക് അധികാരമില്ലെന്നും വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.