Tech
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിൽ വീണ്ടുമൊരു പിരിച്ചുവിടൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ, ടെക് വ്യവസായ മേഖലയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആശ്വാസ പാക്കേജുകളിൽ ഒന്നാണ് കമ്പനി ഇത്തവണ പുറത്താക്കപ്പെടുന്ന ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ തസ്തികയും കമ്പനിയിലെ സേവനകാലയളവും കണക്കിലെടുത്ത് 39 ആഴ്ച വരെയുള്ള അടിസ്ഥാന ശമ്പളം (ഏകദേശം 9 മാസത്തെ ശമ്പളം) കമ്പനി നൽകും.
മൈക്രോസോഫ്റ്റിന്റെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തെ അഥവാ ലോകമെമ്പാടുമുള്ള ഏകദേശം 4,800 ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുന്നത്. യുഎസിലെ ജീവനക്കാർക്ക് കമ്പനിയുടെ പേറോളിൽ തുടരുമ്പോൾ തന്നെ കുറഞ്ഞത് 60 ദിവസത്തെ അടിസ്ഥാന ശമ്പളം ഉറപ്പായും ലഭിക്കും. അതിനുശേഷം, അവരുടെ സീനിയോറിറ്റിയും മുൻകാല സേവനവും പരിഗണിച്ച് കൂടുതൽ തുക നൽകും. ഇത് ഭൂരിഭാഗം ജീവനക്കാർക്കും പരമാവധി 39 ആഴ്ചത്തെ ശമ്പളം വരെ ലഭിക്കാൻ സഹായിക്കും.
ജീവനക്കാരുടെ ഇന്റേണൽ ലെവലുകൾ അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. 'ലെവൽ 64 ഉം അതിനു താഴെയുമുള്ള' ജീവനക്കാർക്ക് മൈക്രോസോഫ്റ്റിൽ ജോലി ചെയ്ത ഓരോ ആറ് മാസത്തിനും ഒരു ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം അധികമായി ലഭിക്കും. ലെവൽ 65 മുതൽ 67 വരെയുള്ളവർക്ക് ഓരോ ആറ് മാസത്തെ സേവനത്തിനും രണ്ട് ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം ലഭിക്കും. ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്കായി മറ്റൊരു പ്രത്യേക പാക്കേജാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
വെറും ശമ്പളം മാത്രമല്ല മൈക്രോസോഫ്റ്റ് നൽകുന്നത്. യോഗ്യരായ ജീവനക്കാർക്ക് അവരുടെ കാലാവധി അനുസരിച്ച് 6 അല്ലെങ്കിൽ 12 മാസത്തേക്ക് സ്റ്റോക്ക് വെസ്റ്റിംഗ് ആനുകൂല്യങ്ങൾ തുടരും. കൂടാതെ, ഇവർക്ക് 6 മാസത്തെ സൗജന്യ ആരോഗ്യ ഇൻഷുറൻസും കമ്പനി നൽകും. ആവശ്യമെങ്കിൽ സ്വന്തം ചിലവിൽ ഒരു വർഷത്തേക്ക് കൂടി കോബ്ര വഴി ഹെൽത്ത് കെയർ കവറേജ് നീട്ടാനുള്ള അവസരവുമുണ്ട്.
മറ്റ് ടെക് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റിന്റെ പാക്കേജ് വളരെ മികച്ചതാണ്. സെയിൽസ്ഫോഴ്സ് സാധാരണയായി 9 മുതൽ 30 ആഴ്ച വരെയുള്ള ശമ്പളമാണ് നൽകാറുള്ളത്, ഒറാക്കിൾ പരമാവധി 26 ആഴ്ചത്തെ ശമ്പളം നൽകുമ്പോൾ, മെറ്റാ 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്.
Tech
ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ജനപ്രിയ ഓഫീസ് ആപ്ലിക്കേഷനുകളിൽ നിന്നും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ മോഡലുകൾ മാറ്റി, പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് എക്സൽ, ഔട്ട്ലുക്ക് എന്നീ ആപ്പുകളിൽ ഓരോ ആഴ്ചയും വരുന്ന പതിനായിരക്കണക്കിന് എഐ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 'എംഎഐ' മോഡലുകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. മുൻപ് ഈ ഫീച്ചറുകൾക്കായി ചാറ്റ്ജിപിടിയുടെയും ക്ലോഡിന്റെയു മോഡലുകളെയായിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ വിപുലമായ എഐ ബിസിനസുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം ഇപ്പോൾ ചെറുതാണെങ്കിലും, ഭാവിയിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'കോപൈലറ്റിൽ'എഐ ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെ, പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും മറ്റ് എഐ കമ്പനികളോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.
"ഞങ്ങൾ ആന്ത്രോപിക് കമ്പനിക്ക് വലിയ തുകയാണ് നൽകുന്നത്. ഈ ചെലവ് കുറയ്ക്കുകയും ഭാവിയിൽ ഇത് പൂർണമായും ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ളിലെ പല വിഭാഗങ്ങളും എഐ ടോക്കണുകൾക്കായി ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച് മികച്ച ഫലം നൽകാനാണ് 'എംഎഐ' മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ 'എംഎഐ-തിങ്കിംഗ്-1' ഉൾപ്പെടെ 7 പുതിയ എഐ മോഡലുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ആന്ത്രോപിക്കിന്റെ ഏറ്റവും പ്രീമിയം മോഡലായ 'ക്ലോഡ് ഓപസ് 4.6ന് സമാനമായ കോഡിംഗ് ശേഷി വളരെ കുറഞ്ഞ ചെലവിൽ നൽകാൻ തങ്ങളുടെ പുതിയ മോഡലിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം
എക്സൽ, ഔട്ട്ലുക്ക് എന്നിവയ്ക്ക് പുറമെ ഗിറ്റ്ഹബ് കോപൈലറ്റിലും ഈ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലും സ്വന്തം എഐ മോഡലുകൾ കൊണ്ടുവരുമെന്ന് സുലൈമാൻ അറിയിച്ചു. വലിയ മോഡലുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിലേക്കാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.
Tech
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Business
വാഷിംഗ്ടൺ: പ്രമുഖ ഗെയിമിംഗ് കൺസോളുകളായ എക്സ്ബോസ് (Xbox Series X, Series S) മോഡലുകളുടെ വില മൈക്രോസോഫ്റ്റ് വീണ്ടും വർധിപ്പിച്ചു. എക്സ്ബോക്സ് കൺസോളുകളുടെ വില ആഗോളതലത്തിൽ 150 ഡോളർ വരെ വർധിപ്പിക്കും. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില നിലവിൽ വരും. 2025 മേയ്ക്കു ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ വിലവർധനയാണിത്.
512 ജിബി മോഡലുകൾക്ക് 100 ഡോളറും 1 ടിബി മോഡലുകൾക്ക് 150 ഡോളറുമാണ് വർധിക്കുക. ഇതോടൊപ്പം രണ്ടു ടിബി മോഡലിന്റെ ഉത്പാദനം നിർത്തുകയും ചെയ്യും.
യുഎസിൽ ഏറ്റവും വില കുറഞ്ഞ എക്സ്ബോസ് മോഡലായ ‘സീരീസ് എക്സ് ’ന്റെ വില 500 ഡോളറായി ഉയരും സീരിസ് എക്സിന്റെ വില 800 ഡോളറിലെത്തും. കൺസോൾ നിർമാണത്തിന് ആവശ്യമായ മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ വിലയിൽ 2.5 മടങ്ങിലധികം വർധനയുണ്ടായതാണ് വില കൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
മൈക്രോസോഫ്റ്റിന് പുറമെ സോണി , നിന്റെൻഡോ , വാൽവ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ ഗെയിമിംഗ് ഉപകരണങ്ങളുടെ വില അടുത്തിടെ വൻതോതിൽ വർധിപ്പിച്ചിരുന്നു. വരും വർഷങ്ങളിലും ഈ വിലക്കയറ്റം തുടർന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ബാധിക്കുന്നത്
കഴിഞ്ഞ വര്ഷത്തെ എക്സ്ബോക്സുകളുടെ വിലവര്ധന അമേരിക്കയില് മാത്രമായി ഒതുങ്ങിയിരുന്നത്. പുതിയ പ്രഖ്യാപനം ഇന്ത്യന് ഗെയിമര്മാരെ നേരിട്ട് ബാധിക്കും.
നിലവില് ഇന്ത്യന് വിപണിയില് സീരീസ് എസ് (512 ജിബ) മോഡലിന് 34,990 രൂപയും സീരീസ് എക്സ് (1 ടിബി) മോഡലിന് 55,990 രൂപയുമാണ് വില. പുതിയ വിലവർധന നിലവില് വരുന്നതോടെ ഇവയുടെ ചില്ലറവില്പ്പന വിലയില് (യഥാക്രമം 9,400 രൂപ മുതല് 14,000 രൂപ വരെയോ അതിലധികമോ വന് വർധന ഉണ്ടായേക്കാം.
Tech
ന്യു ഡൽഹി : മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഏപ്രിൽ 2ന് എംഎഐ ട്രാൻസ്ക്രൈബ് 1, എംഎഐ വോയ്സ്1, എംഎഐ ഇമേജ് 2 എന്നീ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചു. സംസാരത്തെ തിരിച്ചറിയാനും , ശബ്ദം ഉത്പാദിപ്പിക്കാനും, ചിത്രങ്ങൾ നിർമിക്കാനും ശേഷിയുള്ള ഈ മോഡലുകൾ കമ്പനിയുടെ ഫൗണ്ടറി പ്ലാറ്റ്ഫോം വഴി ഡെവലപ്പർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കും.
എംഎഐ ട്രാൻസ്ക്രൈബ് 1, 25 ഭാഷകളെ പിന്തുണയ്ക്കുകയും വിവിധ ശൈലികളിലുള്ള സംസാരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അക്ഷരരൂപത്തിലാക്കാൻ സഹായിക്കും. മറ്റ് ടൂളുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎഐ വോയ്സ്1, ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ് ഈ മോഡൽ.
വിർച്വൽ അസിസ്റ്റന്റുകൾ, കോൾ സെന്റർ ടൂളുകൾ, മീറ്റിംഗുകളിലെ തത്സമയ സബ്ടൈറ്റിലുകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ സ്പീച്ച് മോഡലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എംഎഐ ഇമേജ് 2, എഴുതപ്പെട്ട നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്സ്റ്റ് ടു ഇമേജ് മോഡലാണ്. ഇത് ക്രിയേറ്റീവ് രംഗത്തും ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡിസൈനർമാരെ സഹായിക്കും.
കോപൈലറ്റ്, ബിംഗ്, പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ അരീന ഡോട്ട് എഐ ഇമേജ് മോഡലാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഭാഷാ പ്രോസസ്സിംഗിലും വിഷ്വൽ കണ്ടന്റ് നിർമാണത്തിലും അത്യാധുനികമായ എഐ ടൂളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ പുതിയ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്.
Tech
മൈക്രോസോഫ്റ്റ് 365 ഡെസ്ക്ടോപ്പ് ആപ്പുകൾ ഉപയോഗിക്കുന്ന വിൻഡോസ് ഉപകരണങ്ങളിൽ കോപൈലറ്റ് ആപ്പ് താനേ ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി ഇപ്പോൾ താത്കാലികമായി നിർത്തിവച്ചു.
വിൻഡോസിലും മറ്റ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. മൈക്രോസോഫ്റ്റ് 365 അഡ്മിൻ ഡാഷ്ബോർഡ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
കോപൈലറ്റ് ആപ്പിന്റെ ഓട്ടോമാറ്റിക് ഇൻസ്റ്റാളേഷൻ പ്രൊസസ് എന്ന് പുനരാരംഭിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്നും അഡ്മിനിസ്ട്രേറ്റർമാർക്ക് വേണമെങ്കിൽ മാനുവലായി ഇത് ഇൻസ്റ്റാൾ ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേർഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ ആപ്പുകളിൽ ഡോക്യുമെന്റുകൾ സംഗ്രഹിക്കാനും, പുതിയ ഉള്ളടക്കം നിർമ്മിക്കാനും, ക്ലൗഡ് സ്റ്റോറേജിലെ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്ന എഐ ഫീച്ചറുകളാണ് ഈ ആപ്പിൽ പ്രധാനമായും ഉള്ളത്.
എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. ഉപയോക്താക്കളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളെത്തുടർന്നാണ് ഈ റോൾഔട്ട് നിർത്തിവെക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
അതൊടൊപ്പം എഡ്ജ്, മൈക്രോസോഫ്റ്റ് 365 ആപ്പുകൾ, കോപൈലറ്റ് ചാറ്റ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലുടനീളം കോപൈലറ്റിന്റെ സേവനം മൈക്രോസോഫ്റ്റ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ് ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ് ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ് ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ് ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ് ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്എഐ ടാറ്റ കണ്സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.