തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ ‘സമഗ്ര 2026’ 23ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
പട്ടികജാതി, പട്ടികവർഗപിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ പരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി കെ.എ. തുളസി പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും.
വനിതാ ശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്മചെറുകിട സംരംഭ വായ്പയായ ‘പ്രിയദർശിനി’ പദ്ധതിയും സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള ‘സീനിയർ സെക്യുർ’ വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.