തൊടുപുഴ:സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസമില്ലാദുരിതം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി മരിച്ച സുമതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചങ്ങാനാശേരിയിലെ ഒരു ക്യാമ്പില്‍ ഭക്ഷണവും വെള്ളവുമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് ചോദിക്കുന്നത് ഞാന്‍ മൂന്നുമണിക്കല്ലേ ഭക്ഷണം കഴിച്ചത് എന്നാണ്.
ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നും 18 ലക്ഷം പേരെ ഒരു കുഴപ്പവും ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍പ്പിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം നല്കാന് സന്നദ്ധ സംഘടനകള്‍ തയാറാണെങ്കിലും ഇതു കൈകാര്യം ചെയ്യുന്നതില്‍ ഏകോപനമില്ലാത്ത സ്ഥിതിയാണ്.
ഒരുദിവസം കളവ് പറഞ്ഞില്ലെങ്കില്‍ ശരിയാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയുള്ളത്. പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വ്യക്തമാകുന്നത് മന്ത്രിമാരുടെ മനോനിലയാണ്.
ഇതുസ്ത്രീവിരുദ്ധ സമീപനമാണ്. അതിനെ കേരളം അംഗീകരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഒരു ദുരന്തമുണ്ടായാല്‍ അതിനെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്കില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.