ഭയപ്പെട്ടതു സംഭവിക്കുന്നു. വിലക്കയറ്റവും വളർച്ചയിലെ മുരടിപ്പും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഒപ്പം, ലോകമെങ്ങും വളർച്ച കുറയുന്നു. ഇതോടെ കയറ്റുമതിയും കുറയും. ഇവയ്ക്കു പുറമേ എൽ നിനോ പ്രതിഭാസം കാലവർഷ മഴ കുറച്ച് കാർഷികോത്പാദനം കുറയ്ക്കും എന്ന ഭീഷണിയുമുണ്ട്. എല്ലാം ചേരുമ്പോൾ സാമ്പത്തിക ദുരിതത്തിലേക്കാണ് രാജ്യത്തിന്റെ യാത്ര.
ഇതോടെ സർക്കാരുകളുടെയും വ്യവസായങ്ങളുടെയും കുടുംബങ്ങളുടെയും ബജറ്റുകളും കണക്കുകൂട്ടലുകളും പാളും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾ വെറുതെയാകും.
ദുരിതയാത്ര തുടങ്ങി
ദുരിതയാത്രയുടെ പ്രാരംഭവാർത്തകൾ ശ്രദ്ധിക്കുക:
കാലാവസ്ഥ ഒഴികെയുള്ള കുഴപ്പങ്ങളുടെ കാരണം അന്വേഷിക്കേണ്ടതില്ല - പശ്ചിമേഷ്യൻ യുദ്ധം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തുന്ന യുദ്ധവും അതിനുള്ള തിരിച്ചടികളും ചേർന്ന് ഒരുക്കിയ ദുരിതപർവം.
ഇനിയും ബോംബിംഗോ?
ഇറാനിൽ ബോംബിംഗ് നിലച്ചിട്ടു മൂന്നാഴ്ച കഴിഞ്ഞു. യുദ്ധം തുടങ്ങിയിട്ട് രണ്ടു മാസവും. യുദ്ധം തീർന്നിട്ടില്ല. ഉടനെങ്ങും അവസാനിക്കും എന്ന സൂചനയുമില്ല.
വെടിനിർത്തലിനെ എല്ലാവരും ആശ്വാസത്തോടെ കണ്ടു. ചർച്ചകൾ വഴി യുദ്ധത്തിന് അവസാനമാകും എന്നു കരുതി. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായി. ഇനിയും ബോംബിംഗ് ആരംഭിക്കാം എന്ന ഭീഷണി ഉയർന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യൻ സമയം രാവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക കമാൻഡർമാരുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ നിർണായക തീരുമാനം പ്രതീക്ഷിക്കാം.
അടഞ്ഞ കപ്പൽച്ചാൽ
ബോംബിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിനുമേൽ ഉള്ള സാമ്പത്തിക മിസൈൽ ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് എന്ന കപ്പൽച്ചാലിൽകൂടി എണ്ണടാങ്കുകളോ മറ്റു ചരക്കുകപ്പലുകളോ കടത്തിവിടുന്നില്ല. കടന്നുപോകണമെങ്കിൽ ഇറാൻ അനുവദിക്കണം. കപ്പലൊന്നിന് 20 ലക്ഷം ഡോളർ (19 കോടി രൂപ) പിഴയും കെട്ടണം.
ഹോർമുസ് വഴിയുള്ള കടത്തു മുടങ്ങിയതോടെ ലോകത്തെ ക്രൂഡ് ഓയിൽ ലഭ്യതയുടെ 20 ശതമാനം മുടങ്ങി. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ 40 ശതമാനമാണു കുറഞ്ഞത്. മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങി കുറേ ഭാഗം പരിഹരിച്ചു. എങ്കിലും ഗണ്യമായ കുറവു ശേഷിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കാര്യവും അങ്ങനെതന്നെ.
പാചകവാതകം, പെട്രോ കെമിക്കലുകൾ, അലുമിനിയം അടക്കം വ്യാവസായികലോഹങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ വിലകളും ഉയർന്നുനിൽക്കുകയാണ്. ഇവയിൽ പലതിന്റെയും വലിയ ഉത്പാദന കേന്ദ്രങ്ങളായി ഗൾഫ് രാജ്യങ്ങൾ മാറിയിരുന്നു. ഹോർമുസ് പാത മുടങ്ങിയതോടെ അവയുടെ വ്യാപാരം നിലച്ചു.
തെറ്റിപ്പോയ കണക്കുകൂട്ടൽ
യുദ്ധത്തിൽനിന്നുള്ള ഭീഷണി ലോകം ആദ്യം കണക്കാക്കിയതിലും വലുതായിട്ടുണ്ട്. ഒരു ഹ്രസ്വയുദ്ധമാണ് മിക്കവരും പ്രതീക്ഷിച്ചത്. ട്രംപ് പറഞ്ഞ നാല് അല്ലെങ്കിൽ അഞ്ച് ആഴ്ച എന്ന സമയപരിധി പലരും വിശ്വസിച്ചു. ഹോർമുസ് അടച്ചു കപ്പൽ ഗതാഗതം മുടക്കുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അതുവഴി രണ്ടു കാര്യങ്ങൾ സാധിക്കാം എന്ന് ഇറാൻ കരുതി. ഒന്ന്: കപ്പൽച്ചാൽ തുറക്കാൻവേണ്ടി അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങും. അപ്പോൾ ആണവപദ്ധതി ഉപക്ഷിക്കാതെ യുദ്ധം അവസാനിപ്പിക്കാം. രണ്ട്: ഹോർമുസിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതുവഴി ഗൾഫ് രാജ്യങ്ങൾക്കുമേൽ അധീശത്വം ശാശ്വതമാക്കാം. രണ്ടും നടന്നില്ല.
അമേരിക്കയിലടക്കം ലോകമെങ്ങും ഇന്ധനവില ദുഃസഹമായ നിലയിലേക്ക് കയറി. ഇന്ധനവില താഴ്ത്താൻവേണ്ടി വിട്ടുവീഴ്ചയ്ക്ക് ട്രംപ് തയാറായില്ല. പകരം, ഇറാനുമേലുള്ള നാവിക ഉപരോധം നീണ്ട കാലത്തേക്കു തുടരും എന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യവിലക്ക് ലംഘിച്ചു കുറേക്കാലമായി ഒളിച്ചും ഒളിക്കാതെയും ഇറാൻ നടത്തിവന്ന എണ്ണ കയറ്റുമതി തടഞ്ഞ് ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കും എന്ന വാശിയിലാണു ട്രംപ്. അതു വ്യാമോഹം എന്ന് ഇറാൻ പരിഹസിക്കുന്നു.
വളർച്ച ഇടിയുമ്പോൾ
ഹ്രസ്വയുദ്ധം കണക്കാക്കിയാണ് ഐഎംഎഫ് 2026ലെ ആഗോള വളർച്ച 3.1 ശതമാനമാകും എന്ന പുതിയ നിഗമനം ഏപ്രിൽ ആദ്യം നടത്തിയത്. നേരത്തേ 3.3 ശതമാനമെന്നായിരുന്നു നിഗമനം. പുതിയ നിഗമനത്തിൽ ക്രൂഡ് ഓയിലിനു ശരാശരി 82 ഡോളർ കണക്കാക്കി. പക്ഷേ അത് ഇതിനകം പഴങ്കഥയായി.
ശരാശരി ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് കയറിയാൽ ആഗോള വളർച്ച 2.5 ശതമാനമായി ഇടിയും എന്നാണ് ഐഎംഎഫ് നിഗമനം. വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം വളർച്ചയേ ഫണ്ട് പ്രതീക്ഷിക്കുന്നുള്ളൂ.
ആഗോള വളർച്ച 2.5 ശതമാനത്തിലോ അതിനു താഴെയോ ആകുക എന്നതിനർഥം ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുക എന്നാണ്. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തെക്കുകിഴക്കൻ ഏഷ്യയും മാന്ദ്യത്തിന്റെ വക്കിലാണ്. അമേരിക്കയിലും ഇന്ധന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്കു ക്ഷതം വരുത്തുമെന്ന ഭീതി വളർന്നിട്ടുണ്ട്.
പണിയും വരുമാനവും കുറയും
ചിലയിടങ്ങളിൽ മാന്ദ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറയും. അതായത് വാണിജ്യം കുറയും. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുംപോലുള്ള വലിയ കയറ്റുമതി രാജ്യങ്ങൾക്ക് അതു വലിയ ക്ഷീണം വരുത്തും. ഇന്ത്യയുടെ ജിഡിപിയിൽ 22 ശതമാനം കയറ്റുമതിയുടെ സംഭാവനയാണ്. കയറ്റുമതി എട്ടോ പത്തോ ശതമാനം കുറയുമ്പോൾ ജിഡിപിയിൽ രണ്ടു ശതമാനം വരെ കുറവ് വരാം.
ജിഡിപി കുറയുന്നത് ശതമാനക്കണക്കിലാണു പറയുന്നത്. പക്ഷേ ആ കുറവ് ജനങ്ങളിലേക്ക് വരുന്നത് വരുമാനവും തൊഴിലും കുറയുന്നതിലൂടെയാണ്. പണിയും വരുമാനവും കുറയുമ്പോൾ ജനജീവിതം ബുദ്ധിമുട്ടാകും. അതു ലഘൂകരിക്കാൻ ഗവൺമെന്റ് ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ പണം ചെലവാക്കേണ്ടിവരും.
പക്ഷേ ജിഡിപി കുറയുമ്പോൾ ഗവണ്മെന്റിന്റെ വരുമാനവും കുറയും. ജിഡിപി തന്നാണ്ടു വിലയിൽ 10 ശതമാനം കൂടുമെന്നും അതിന്റെ 11.5 ശതമാനം നികുതിയായി കിട്ടുമെന്നുമാണ് ബജറ്റിൽ പ്രതീക്ഷിച്ചത്. വളർച്ച പത്തിൽനിന്ന് എട്ടു ശതമാനമായാൽ നികുതി വരുമാനവും ആനുപാതികമായി കുറയും. ബജറ്റ് കണക്ക് ഗണ്യമായി പാളും. അപ്പോൾ കമ്മി കൂടും. കൂടുതൽ കടം എടുക്കേണ്ടിവരും. ധനകാര്യ ലക്ഷ്യങ്ങൾ പാലിക്കാൻ പറ്റാതാകും. സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കേണ്ടിവരും. പ്രധാനമായും മൂലധനച്ചെലവാണു കുറയ്ക്കാൻ സാധിക്കുക. രണ്ടായാലും ഇപ്പോഴത്തെ വളർച്ചയും ഭാവി വളർച്ചയും കുറയും.
കമ്മിക്കണക്കു തെറ്റും
വിലക്കയറ്റം ഒഴിവാക്കി ഏഴു ശതമാനം വളർച്ച ഇക്കൊല്ലം പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയത്. ക്രൂഡ് വില ഉയർന്നുനിന്നാൽ അത് ആറു ശതമാനത്തിന് താഴെയാകും. ക്രൂഡ് വില 100 ഡോളറിനു താഴെ നിന്ന സമയത്തുതന്നെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഗോൾഡ് മാൻ സാക്സ് 5.9 ഉം മൂഡീസ് ആറും ശതമാനമായി താഴ്ത്തിയിരുന്നു. ഇപ്പോൾ 120 ഡോളർ വിലയിൽ ജിഡിപി വളർച്ച വീണ്ടും കുറവാകാനാണു സാധ്യത.
അമേരിക്ക നമ്മുടെ വലിയ ഫ്രണ്ടാണെന്ന് അധികാരികൾ പറയുന്നു. ഇറാൻ സഹസ്രാബ്ദങ്ങളായി മൈത്രിയുള്ള രാജ്യവും. (ആര്യന്മാർ ഇറാനിലോ സമീപമേഖലയിലോനിന്ന് വന്നവരാണെന്ന ശാസ്ത്ര നിഗമനങ്ങളെ ഭരണകൂടം തള്ളിപ്പറയുമ്പോഴും അടുപ്പം നിഷേധിക്കുന്നില്ല). അടുപ്പക്കാരുടെ തമ്മിലടിയിൽ ഏറ്റവുമധികം ആഘാതം ഏൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുന്നത് ഇന്ത്യയാണ്. അതിൽ രണ്ടു മിത്രങ്ങൾക്കും ഒരു വിഷമവും ഇല്ല. നമ്മുടെ മൈത്രിക്ക് അത്രയും വിലയേ അവർ കണക്കാക്കുന്നുള്ളൂ എന്നു വേണമെങ്കിലും കരുതാം.
ഇറാൻ സാമ്പത്തിക ദുരിതത്തിലാണെന്നത് വസ്തുത. നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി നൽകാൻ രാജ്യത്തിന്റെ പരമാധികാര നിക്ഷേപ ഫണ്ടിൽ (Sovereign Wealth Fund) നിന്ന് പണം പിൻവലിക്കേണ്ട നിലയിലായി ഇറാൻ. 73.5 ശതമാനമാണ് രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത്. ഒരു ഡോളറിന് 18 ലക്ഷം റിയാൽ നൽകണം. മിനിമം പ്രതിമാസ വേതനം അവിവാഹിതന് 13.50 കോടി റിയാൽ അഥവാ 75 ഡോളർ.
കടുത്ത ദുരിതത്തിലും ഇറാൻ നേതൃത്വം കീഴടങ്ങാൻ തയാറല്ല. അതിനർഥം ട്രംപിന്റെ ഉപരോധം ഏറെക്കാലം വേണ്ടിവരും എന്നാണ്. അല്ലെങ്കിൽ ഇറാനിലെ പുരോഹിതവർഗത്തെ കീഴടങ്ങലിനു പ്രേരിപ്പിക്കുന്നതരം ആക്രമണങ്ങൾ ട്രംപ് നടത്തേണ്ടിവരും. ഉപരോധം നീണ്ടാൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കും. യുദ്ധം വന്നാൽ വില വീണ്ടും കൂടും.
Tags : mountain misery begins Iran US GDP West Asian Conflict