District News
തൃശൂർ: ചേതന സംഗീത്- നാട്യ അക്കാദമിയുടെ ചേതനോത്സവം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനംചെയ്തു. നാടകാചാര്യൻ ഷെവലിയർ സി.എൽ. ജോസ്, കലാമണ്ഡലം ഹുസ്നാബാനു, ഭരതനാട്യം നർത്തകൻ ബി. ഷഫീക്കുദീൻ, വാദ്യവിദഗ്ധൻ ഷോമി ഡേവിസ് എന്നിവരെ ആദരിച്ചു.
അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ സിഡിസി ഹെഡ് ഡോ. പാർവതി മോഹൻ, സിഎംഐ തൃശൂർ ദേവമാത വിദ്യാഭ്യാസ കൗണ്‍സിലർ ഫാ. ലിജോ ബ്രഹ്മകുളം, കോർപറേഷൻ കൗണ്‍സിലർ ജോയ് ബാസ്റ്റ്യൻ ചാക്കോള, ചേതന എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി സിഎംഐ, ഫാ.ഡോ. പോൾ പൂവത്തിങ്കൽ, പിടിഎ പ്രസിഡന്റ് പ്രവീണ്‍ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സംഗീത സംവിധായകൻ പോളി തൃശൂർ, ഫാ.ഡോ. പോൾ പൂവത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഭിന്നശേഷി ഗായകരുടെ ലൈവ് ഓർക്കസ്ട്രയും വിദ്യാർഥികളുടെ സംഗീതാർച്ചനയും നടന്നു.
Leader Page
ഭയപ്പെട്ടതു സംഭവിക്കുന്നു. വിലക്കയറ്റവും വളർച്ചയിലെ മുരടിപ്പും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഒപ്പം, ലോകമെങ്ങും വളർച്ച കുറയുന്നു. ഇതോടെ കയറ്റുമതിയും കുറയും. ഇവയ്ക്കു പുറമേ എൽ നിനോ പ്രതിഭാസം കാലവർഷ മഴ കുറച്ച് കാർഷികോത്പാദനം കുറയ്ക്കും എന്ന ഭീഷണിയുമുണ്ട്. എല്ലാം ചേരുമ്പോൾ സാമ്പത്തിക ദുരിതത്തിലേക്കാണ് രാജ്യത്തിന്റെ യാത്ര.
ഇതോടെ സർക്കാരുകളുടെയും വ്യവസായങ്ങളുടെയും കുടുംബങ്ങളുടെയും ബജറ്റുകളും കണക്കുകൂട്ടലുകളും പാളും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾ വെറുതെയാകും.
ദുരിതയാത്ര തുടങ്ങി
ദുരിതയാത്രയുടെ പ്രാരംഭവാർത്തകൾ ശ്രദ്ധിക്കുക:
കാലാവസ്ഥ ഒഴികെയുള്ള കുഴപ്പങ്ങളുടെ കാരണം അന്വേഷിക്കേണ്ടതില്ല - പശ്ചിമേഷ്യൻ യുദ്ധം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തുന്ന യുദ്ധവും അതിനുള്ള തിരിച്ചടികളും ചേർന്ന് ഒരുക്കിയ ദുരിതപർവം.
ഇനിയും ബോംബിംഗോ?
ഇറാനിൽ ബോംബിംഗ് നിലച്ചിട്ടു മൂന്നാഴ്ച കഴിഞ്ഞു. യുദ്ധം തുടങ്ങിയിട്ട് രണ്ടു മാസവും. യുദ്ധം തീർന്നിട്ടില്ല. ഉടനെങ്ങും അവസാനിക്കും എന്ന സൂചനയുമില്ല.
വെടിനിർത്തലിനെ എല്ലാവരും ആശ്വാസത്തോടെ കണ്ടു. ചർച്ചകൾ വഴി യുദ്ധത്തിന് അവസാനമാകും എന്നു കരുതി. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായി. ഇനിയും ബോംബിംഗ് ആരംഭിക്കാം എന്ന ഭീഷണി ഉയർന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യൻ സമയം രാവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക കമാൻഡർമാരുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ നിർണായക തീരുമാനം പ്രതീക്ഷിക്കാം.
അടഞ്ഞ കപ്പൽച്ചാൽ
ബോംബിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിനുമേൽ ഉള്ള സാമ്പത്തിക മിസൈൽ ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് എന്ന കപ്പൽച്ചാലിൽകൂടി എണ്ണടാങ്കുകളോ മറ്റു ചരക്കുകപ്പലുകളോ കടത്തിവിടുന്നില്ല. കടന്നുപോകണമെങ്കിൽ ഇറാൻ അനുവദിക്കണം. കപ്പലൊന്നിന് 20 ലക്ഷം ഡോളർ (19 കോടി രൂപ) പിഴയും കെട്ടണം.
ഹോർമുസ് വഴിയുള്ള കടത്തു മുടങ്ങിയതോടെ ലോകത്തെ ക്രൂഡ് ഓയിൽ ലഭ്യതയുടെ 20 ശതമാനം മുടങ്ങി. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ 40 ശതമാനമാണു കുറഞ്ഞത്. മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങി കുറേ ഭാഗം പരിഹരിച്ചു. എങ്കിലും ഗണ്യമായ കുറവു ശേഷിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കാര്യവും അങ്ങനെതന്നെ.
പാചകവാതകം, പെട്രോ കെമിക്കലുകൾ, അലുമിനിയം അടക്കം വ്യാവസായികലോഹങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ വിലകളും ഉയർന്നുനിൽക്കുകയാണ്. ഇവയിൽ പലതിന്റെയും വലിയ ഉത്പാദന കേന്ദ്രങ്ങളായി ഗൾഫ് രാജ്യങ്ങൾ മാറിയിരുന്നു. ഹോർമുസ് പാത മുടങ്ങിയതോടെ അവയുടെ വ്യാപാരം നിലച്ചു.
തെറ്റിപ്പോയ കണക്കുകൂട്ടൽ
യുദ്ധത്തിൽനിന്നുള്ള ഭീഷണി ലോകം ആദ്യം കണക്കാക്കിയതിലും വലുതായിട്ടുണ്ട്. ഒരു ഹ്രസ്വയുദ്ധമാണ് മിക്കവരും പ്രതീക്ഷിച്ചത്. ട്രംപ് പറഞ്ഞ നാല് അല്ലെങ്കിൽ അഞ്ച് ആഴ്ച എന്ന സമയപരിധി പലരും വിശ്വസിച്ചു. ഹോർമുസ് അടച്ചു കപ്പൽ ഗതാഗതം മുടക്കുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അതുവഴി രണ്ടു കാര്യങ്ങൾ സാധിക്കാം എന്ന് ഇറാൻ കരുതി. ഒന്ന്: കപ്പൽച്ചാൽ തുറക്കാൻവേണ്ടി അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങും. അപ്പോൾ ആണവപദ്ധതി ഉപക്ഷിക്കാതെ യുദ്ധം അവസാനിപ്പിക്കാം. രണ്ട്: ഹോർമുസിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതുവഴി ഗൾഫ് രാജ്യങ്ങൾക്കുമേൽ അധീശത്വം ശാശ്വതമാക്കാം. രണ്ടും നടന്നില്ല.
അമേരിക്കയിലടക്കം ലോകമെങ്ങും ഇന്ധനവില ദുഃസഹമായ നിലയിലേക്ക് കയറി. ഇന്ധനവില താഴ്ത്താൻവേണ്ടി വിട്ടുവീഴ്ചയ്ക്ക് ട്രംപ് തയാറായില്ല. പകരം, ഇറാനുമേലുള്ള നാവിക ഉപരോധം നീണ്ട കാലത്തേക്കു തുടരും എന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യവിലക്ക് ലംഘിച്ചു കുറേക്കാലമായി ഒളിച്ചും ഒളിക്കാതെയും ഇറാൻ നടത്തിവന്ന എണ്ണ കയറ്റുമതി തടഞ്ഞ് ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കും എന്ന വാശിയിലാണു ട്രംപ്. അതു വ്യാമോഹം എന്ന് ഇറാൻ പരിഹസിക്കുന്നു.
വളർച്ച ഇടിയുമ്പോൾ
ഹ്രസ്വയുദ്ധം കണക്കാക്കിയാണ് ഐഎംഎഫ് 2026ലെ ആഗോള വളർച്ച 3.1 ശതമാനമാകും എന്ന പുതിയ നിഗമനം ഏപ്രിൽ ആദ്യം നടത്തിയത്. നേരത്തേ 3.3 ശതമാനമെന്നായിരുന്നു നിഗമനം. പുതിയ നിഗമനത്തിൽ ക്രൂഡ് ഓയിലിനു ശരാശരി 82 ഡോളർ കണക്കാക്കി. പക്ഷേ അത് ഇതിനകം പഴങ്കഥയായി.
ശരാശരി ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് കയറിയാൽ ആഗോള വളർച്ച 2.5 ശതമാനമായി ഇടിയും എന്നാണ് ഐഎംഎഫ് നിഗമനം. വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം വളർച്ചയേ ഫണ്ട് പ്രതീക്ഷിക്കുന്നുള്ളൂ.
ആഗോള വളർച്ച 2.5 ശതമാനത്തിലോ അതിനു താഴെയോ ആകുക എന്നതിനർഥം ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുക എന്നാണ്. ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തെക്കുകിഴക്കൻ ഏഷ്യയും മാന്ദ്യത്തിന്റെ വക്കിലാണ്. അമേരിക്കയിലും ഇന്ധന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്കു ക്ഷതം വരുത്തുമെന്ന ഭീതി വളർന്നിട്ടുണ്ട്.
പണിയും വരുമാനവും കുറയും
ചിലയിടങ്ങളിൽ മാന്ദ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറയും. അതായത് വാണിജ്യം കുറയും. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുംപോലുള്ള വലിയ കയറ്റുമതി രാജ്യങ്ങൾക്ക് അതു വലിയ ക്ഷീണം വരുത്തും. ഇന്ത്യയുടെ ജിഡിപിയിൽ 22 ശതമാനം കയറ്റുമതിയുടെ സംഭാവനയാണ്. കയറ്റുമതി എട്ടോ പത്തോ ശതമാനം കുറയുമ്പോൾ ജിഡിപിയിൽ രണ്ടു ശതമാനം വരെ കുറവ് വരാം.
ജിഡിപി കുറയുന്നത് ശതമാനക്കണക്കിലാണു പറയുന്നത്. പക്ഷേ ആ കുറവ് ജനങ്ങളിലേക്ക് വരുന്നത് വരുമാനവും തൊഴിലും കുറയുന്നതിലൂടെയാണ്. പണിയും വരുമാനവും കുറയുമ്പോൾ ജനജീവിതം ബുദ്ധിമുട്ടാകും. അതു ലഘൂകരിക്കാൻ ഗവൺമെന്റ് ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ പണം ചെലവാക്കേണ്ടിവരും.
പക്ഷേ ജിഡിപി കുറയുമ്പോൾ ഗവണ്മെന്റിന്റെ വരുമാനവും കുറയും. ജിഡിപി തന്നാണ്ടു വിലയിൽ 10 ശതമാനം കൂടുമെന്നും അതിന്റെ 11.5 ശതമാനം നികുതിയായി കിട്ടുമെന്നുമാണ് ബജറ്റിൽ പ്രതീക്ഷിച്ചത്. വളർച്ച പത്തിൽനിന്ന് എട്ടു ശതമാനമായാൽ നികുതി വരുമാനവും ആനുപാതികമായി കുറയും. ബജറ്റ് കണക്ക് ഗണ്യമായി പാളും. അപ്പോൾ കമ്മി കൂടും. കൂടുതൽ കടം എടുക്കേണ്ടിവരും. ധനകാര്യ ലക്ഷ്യങ്ങൾ പാലിക്കാൻ പറ്റാതാകും. സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കേണ്ടിവരും. പ്രധാനമായും മൂലധനച്ചെലവാണു കുറയ്ക്കാൻ സാധിക്കുക. രണ്ടായാലും ഇപ്പോഴത്തെ വളർച്ചയും ഭാവി വളർച്ചയും കുറയും.
കമ്മിക്കണക്കു തെറ്റും
വിലക്കയറ്റം ഒഴിവാക്കി ഏഴു ശതമാനം വളർച്ച ഇക്കൊല്ലം പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയത്. ക്രൂഡ് വില ഉയർന്നുനിന്നാൽ അത് ആറു ശതമാനത്തിന് താഴെയാകും. ക്രൂഡ് വില 100 ഡോളറിനു താഴെ നിന്ന സമയത്തുതന്നെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഗോൾഡ് മാൻ സാക്സ് 5.9 ഉം മൂഡീസ് ആറും ശതമാനമായി താഴ്ത്തിയിരുന്നു. ഇപ്പോൾ 120 ഡോളർ വിലയിൽ ജിഡിപി വളർച്ച വീണ്ടും കുറവാകാനാണു സാധ്യത.
അമേരിക്ക നമ്മുടെ വലിയ ഫ്രണ്ടാണെന്ന് അധികാരികൾ പറയുന്നു. ഇറാൻ സഹസ്രാബ്ദങ്ങളായി മൈത്രിയുള്ള രാജ്യവും. (ആര്യന്മാർ ഇറാനിലോ സമീപമേഖലയിലോനിന്ന് വന്നവരാണെന്ന ശാസ്ത്ര നിഗമനങ്ങളെ ഭരണകൂടം തള്ളിപ്പറയുമ്പോഴും അടുപ്പം നിഷേധിക്കുന്നില്ല). അടുപ്പക്കാരുടെ തമ്മിലടിയിൽ ഏറ്റവുമധികം ആഘാതം ഏൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുന്നത് ഇന്ത്യയാണ്. അതിൽ രണ്ടു മിത്രങ്ങൾക്കും ഒരു വിഷമവും ഇല്ല. നമ്മുടെ മൈത്രിക്ക് അത്രയും വിലയേ അവർ കണക്കാക്കുന്നുള്ളൂ എന്നു വേണമെങ്കിലും കരുതാം.
NRI
ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിന്റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്വലമായ ഉദ്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരള സെന്ററിൽ നടന്നു. കേരള സെന്ററിന്റെ പ്രസ് റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ ലീല മാരേട്ട് അധ്യക്ഷത വഹിച്ചു.
മുതിർന്ന പത്രപ്രവർത്തകരായ ജോർജ് ജോസഫ്, ജോസ് കാടാപ്പുറം, ടാജ് മാത്യു (ഐപിസിഎൻഎ) എന്നിവർ സന്നിഹിതരായിരുന്നു. പത്രസമ്മേളനത്തിൽ ടീം എംപവറിന്റ പ്രകടനപത്രിക അവതരിപ്പിച്ചു.
വ്യക്തമായ ദർശനവും ലക്ഷ്യബോധവുമാണ് പ്രകടന പത്രികയുടെ ഉള്ളടക്കമെന്നും കണ്‍വൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ടു വർഷം നീളുന്ന കർമ പരിപാടികൾ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുകയും യുവാക്കളെയും വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങളെ എകോപിപ്പിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു.
അതോടൊപ്പം ഫൊക്കാന തുടങ്ങി വിജയം വരിച്ച മെഡിക്കൽ പ്രിവിലേജ് കാർഡും നിർധരരായിട്ടുള്ളവർക്കുള്ള ഭവന നിർമാണ പദ്ധതികളും തുടരുമെന്നും ലീല മാരേട്ട് വ്യക്തമാക്കി
യുവതലമുറയിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഒലിക്കൽ പറഞ്ഞു.
District News
കോഴിക്കോട്: മേയ് നാലിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഗതാഗത ക്രമീകരണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, മാധ്യമങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി ഗവ. കോളജ്, കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം എജ്യൂക്കേഷണല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ സിസിടിവി കാമറകള്‍, ഇന്റര്‍നെറ്റ് കണക്ഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഒഴികെ ആരുടെയും മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ നൂറ് മീറ്റര്‍ പരിധി പ്രത്യേക സോണായി പ്രഖ്യാപിക്കും.
ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു.ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പദം സിംഗ്, റൂറല്‍ എസ്പി ടി. ഫറാഷ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ വി. സുപിന്, നോഡല്‍ ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍ - വിഷു ഫെയറുകള്‍ക്ക് നാളെ തുടക്കമാകും. ഏപ്രില്‍ 14 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വിൽപ്പനശാലകളാണ് ഈസ്റ്റര്‍ - വിഷു ഫെയറുകളായി മാറുന്നത്.
വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും എഫ്എംസിജി ഉത്പന്നങ്ങളും പ്രത്യേക നിരക്കില്‍ ലഭ്യമാക്കും.
1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/പാലട) പായസം മിക്സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖ വെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വിൽപ്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ കൂപ്പൺ തുക ഉപയോഗപ്പെടുത്താം.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് സെൽഫ് എന്യുമറേഷനോടെ നാളെ തുടക്കമാകും.
കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് നാളെ സെൽഫ് എന്യുമറേഷൻ ആരംഭിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ഓണ്‍ലൈനായി സ്വയം സെൻസസ് വിവരങ്ങൾ സമർപ്പിക്കാം.
15 ദിവസത്തെ സെൽഫ് എന്യുമറേഷൻ നടപടിക്കുശേഷം സെൻസസിന്റെ ആദ്യഘട്ടമായ "ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ 16 മുതൽ ഇവിടങ്ങളിൽ ആരംഭിക്കും. കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സെൻസസ് നടപടികൾ വൈകിയാണ് ആരംഭിക്കുക.
രാജ്യത്തുനീളമുള്ള സെൻസസ് നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായണ്‍ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് വിശദീകരിച്ചത്. മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെതന്നെ ജാതി കണക്കെടുപ്പ് സെൻസസ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജാതി കണക്കെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങളെ സംബന്ധിച്ച് അടുത്ത മാസങ്ങളിൽ വിജ്ഞാപനമിറക്കും. മതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ കണക്കെടുപ്പുകളും രണ്ടാം ഘട്ടത്തിലാണുണ്ടാകുക.
District News
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗിന്റെ ആദ്യദിനമായ ഇന്നലെ ജില്ലയില്‍ 1864 പേര് വോട്ട് രേഖപ്പെടുത്തി.
85ന് വയസിന് മുകളിലുള്ള 9341 പേര്‍ക്കും ഭിന്നശേഷിക്കാരായ 1866 പേര്‍ക്കുമാണ് ജില്ലയില്‍ ഹോം വോട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന 157 സംഘമാണ് ഹോം വോട്ടിംഗ് നിയന്ത്രിക്കുന്നത്. രണ്ട് പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരാണ് സംഘത്തിലുള്ളത്. ഏപ്രില്‍ അഞ്ച് വരെ ഹോം വോട്ട് ചെയ്യാം.
District News
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് തുടക്കമിട്ടു.
സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ ബത്തേരി നഗരത്തിൽ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും തൊഴിലാളികളുമായും വ്യാപാരികളുമായും സംവദിക്കുകയും ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബത്തേരി നഗരത്തിൽ പര്യടനം നടത്തിയ അദ്ദേഹം ഇന്നലെ ബത്തേരിയിലെയും മീനങ്ങാടിയിലെയും വിവിധ സ്ഥാപനങ്ങളും കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളും സന്ദർശിച്ചു.
കാർഷിക, ആദിവാസി മേഖലകളും വ്യവസായ കേന്ദ്രങ്ങളും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ എത്തി തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടുന്ന വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി.
ഗ്രാമീണ ടൂറിസത്തിന് സാധ്യതയുള്ള നെല്ലാറച്ചാൽ പ്രദേശവും കാർബണ്‍ ന്യൂട്രൽ പഞ്ചായത്ത് പദ്ധതിയിലൂടെ ശ്രദ്ധേയമായ മീനങ്ങാടി പഞ്ചായത്തിലെ കാർഷിക മേഖലയും സ്ഥാനാർഥി സന്ദർശിച്ചു. വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായും പ്രാദേശിക വ്യക്തികളുമായും ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. രാത്രികാല ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹവും കർഷകരും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രാഥമിക കൂടിക്കാഴ്ചകൾ നടത്തി.
ഇന്ന് മണ്ഡലത്തിലെ 16 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആദ്യഘട്ട മണ്ഡലപര്യടനം റോഡ് ഷോ രൂപത്തിൽ സംഘടിപ്പിക്കും. രാവിലെ 8.30ന് മൂലങ്കാവിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം ആറോടെ ബത്തേരിയിൽ സമാപിക്കും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
Kerala
നിലന്പൂർ: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തും മുൻ ദേശീയ ഫുട്ബോൾ താരവും സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷനുമായ യു. ഷറഫലിയും നിലന്പൂർ മണ്ഡലത്തിൽ അനൗദ്യാഗിക പ്രചാരണം തുടങ്ങി.
ആര്യാടൻ ഷൗക്കത്തിനുതന്നെ കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചതോടെ എൽഡിഎഫ് യു. ഷറഫലിയെ രംഗത്തിറക്കി പുതിയ പരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു.
എൻഡിഎ സ്ഥാനാർഥി ക്രൈസ്തവ വിഭാഗത്തിൽനിന്നാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ക്രൈസ്തവ വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിൽ നിലന്പൂരിൽ ക്രൈസ്തവ വിഭാഗത്തിൽനിന്ന് പ്രമുഖനെ സ്ഥാനാർഥിയാക്കാനാണ് എൻഡിഎ നീക്കം.
ആര്യാടൻ മുഹമ്മദിനെതിരേ 1996ലും 2011ലും കടുത്ത പോരാട്ടം കാഴ്ചവച്ച പ്രഫ. എം. തോമസ് മാത്യു സ്ഥാനാർഥിയാകുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകിയിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വങ്ങളെ ഞെട്ടിച്ചാണ് ഷറഫലിയുടെ സ്ഥാനാർഥിത്വം. എം. തോമസ് മാത്യുവുമായി ഏതാനും ദിവസങ്ങൾക്ക് മുന്‍പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ചർച്ച നടത്തിയിരുന്നു.
സ്ഥാനാർഥിയാകാൻ മൂന്ന് ആവശ്യങ്ങൾ തോമസ് മാത്യു ഉന്നയിച്ചു. ഇതോടെയാണ് ഷറഫലിക്ക് സാധ്യത തെളിഞ്ഞത്. അതേസമയം രാഷ്ട്രീയ പോരാട്ട വേദിയായ നിലന്പൂരിൽ രാഷ്ട്രീയ രംഗത്ത് മുൻപരിചയമില്ലാത്ത ഷറഫലിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ വലിയ പ്രതിഷേധം താഴെതട്ടിലുള്ള നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. കായിക താരങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനാർഥിത്വമെന്നാണ് യു. ഷറഫലിയുടെ പ്രതികരണം.
ഒരു കായികതാരം നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണെന്നും യു. ഷറഫലി പറയുന്നു. നാളെ ഷറഫലി മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് അനൗദ്യോഗിക പ്രചാരണം ആരംഭിക്കും. നിലന്പൂരിലെ സിപിഎം ഓഫീസിൽ എത്തി ഷറഫലി ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ എന്നിവരുടെ സാന്നിധ്യത്തിൽ നിലന്പൂർ, എടക്കര ഏരിയാ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പായതോടെ ആര്യാടൻ ഷൗക്കത്ത് ഏതാനും ദിവസങ്ങളായി മണ്ഡലത്തിലെ പൗരപ്രമുഖരെ നേരിൽകണ്ട് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് മണ്ഡലം നിശ്ചയിക്കാനാകാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. ഇക്കുറി നിലന്പൂരിൽ റിക്കാർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽപോലും ഭരണമില്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്.
മണ്ഡലത്തിൽ നിക്ഷ്പക്ഷ വോട്ടുകൾ യു. ഷറഫലിക്ക് എത്രകണ്ട് നേടാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
District News
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ പഴയങ്ങാടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കുന്നതിനായി പഴയ മാർക്കറ്റ് പൊളിക്കൽ പ്രവൃത്തി ആരംഭിച്ചു. മത്സ്യമാർക്കറ്റ് നിർമാണോദ്ഘാടനം എം.വിജിൻ എംഎൽഎ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു.
സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 1.42 കോടി രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് നിർമിക്കുന്നത്. 91 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ഏഴു മത്സ്യവിപണന കൗണ്ടറുകൾ, കട്ടിംഗ് ടേബിൾ, മത്സ്യം വില്പന പ്ലാറ്റ്ഫോം എന്നീ സൗകര്യങ്ങളോടു കൂടിയ ഒരു ഹാൾ എന്നിവയോട് കൂടിയാണ് ആധുനിക മാർക്കറ്റ് നിർമിക്കുന്നത്.
46.41 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള രണ്ടാമത്തെ കെട്ടിടത്തിൽ പച്ചക്കറി, ഇറച്ചി കച്ചവടത്തിനായിയുള്ള കടമുറികൾ, ഫ്രീസർ മുറി, ഇലക്ട്രിക്കൽ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.
District News
പത്തനംതിട്ട: ജില്ലയിലെ ഹജ്ജ് വാക്സിനേഷന് ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന് നായര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അഞ്ജു എന്നിവര്‍ പങ്കെടുത്തു.
District News
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ആലപ്പുഴ ചേർത്തലയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൻ.എൽ. വത്സലകുമാരി ഉദ്ഘാടനം നിർവഹിച്ചു. ചേർത്തല മുനിസിപ്പൽ കൗണ്‍സിലർ ബീന അജി, ചേർത്തല മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി സാബുലാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഡയറക്ടർ കെ.ആർ.ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, ബിസിനസ് ഹെഡ് ലിന്റോ തോമസ്, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ വി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
District News
കുണ്ടറ : കുണ്ടറ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ അഭിമുഖ്യത്തിൽ മുളവന ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന തിരുവാതിര ജെഎൽജി യൂണിറ്റ് തണ്ണിമത്തൻ കൃഷി ആരംഭിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഡാനിയേൽ തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സരിനി അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സതീഷ് കുമാർ, കീർത്തി രാധാകൃഷ്ണൻ, മഹിളാമണി, സിഡിഎസ് ചെയർപേഴ്സൺ റഷീദബിവി, കൃഷി ഓഫീസർ ബിനിഷ, കൃഷി അസിസ്റ്റന്റ് ലിജ, സി.സൗമ്യ, എഡിഎസ് ചെയർ പേഴ്സൺ ഗ്രേസി ഷാജി, തിരുവാതിര ജെഎൽ ജി യൂണിറ്റ് അംഗങ്ങളായാ ഒ.ഗീത, കെ.ശാന്ത, രമണി വിശ്വനാഥൻ, കുഞ്ഞുമോൾ തമ്പി എന്നിവർ പ്രസം ഗിച്ചു.
Sports
തൃശൂര്‍: സംസ്ഥാന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. തൃശൂര്‍ വി.കെ.എന്‍. മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിനങ്ങളിലായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ 500ലധികം താരങ്ങള്‍ പങ്കെടുക്കും.
ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം തെരഞ്ഞെടുപ്പ് ഇവിടുത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുക.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.
ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.
ബാബുവിന്റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.