ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് സെൽഫ് എന്യുമറേഷനോടെ നാളെ തുടക്കമാകും.
കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് നാളെ സെൽഫ് എന്യുമറേഷൻ ആരംഭിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ഓണ്‍ലൈനായി സ്വയം സെൻസസ് വിവരങ്ങൾ സമർപ്പിക്കാം.
15 ദിവസത്തെ സെൽഫ് എന്യുമറേഷൻ നടപടിക്കുശേഷം സെൻസസിന്റെ ആദ്യഘട്ടമായ "ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ 16 മുതൽ ഇവിടങ്ങളിൽ ആരംഭിക്കും. കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സെൻസസ് നടപടികൾ വൈകിയാണ് ആരംഭിക്കുക.
രാജ്യത്തുനീളമുള്ള സെൻസസ് നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായണ്‍ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് വിശദീകരിച്ചത്. മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെതന്നെ ജാതി കണക്കെടുപ്പ് സെൻസസ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജാതി കണക്കെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങളെ സംബന്ധിച്ച് അടുത്ത മാസങ്ങളിൽ വിജ്ഞാപനമിറക്കും. മതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ കണക്കെടുപ്പുകളും രണ്ടാം ഘട്ടത്തിലാണുണ്ടാകുക.
കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂണ്‍ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയമാണ് ജൂൺ 16 മുതൽ 30 വരെ.
പൗരന്മാർക്ക് സെൽഫ് എന്യൂമറേഷൻ ഓണ്‍ലൈൻ പോർട്ടലിൽ മൊബൈൽ നന്പറും മറ്റ് അടിസ്ഥാനവിവരങ്ങളും സമർപ്പിച്ച് വിവരങ്ങൾ നൽകാം.
രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്കു മാത്രമേ സെൻസസ് ചോദ്യാവലിക്ക് സ്വയം വിവരങ്ങൾ നൽകാൻ സാധിക്കൂ. എന്യുമറേറ്റർ (സെൻസസ് ഉദ്യോഗസ്ഥൻ) പിന്നീട് വീട്ടിലെത്തി ഈ വിവരങ്ങൾ സ്ഥിരീകരിക്കും.
ജൂലൈ ഒന്നുമുതൽ ജൂലൈ 30 വരെ ഒരുമാസ കാലയളവിലാണ് വീടുകളുടെയും വീട്ടുവിവരങ്ങളുടെയും കണക്കെടുപ്പ് നടക്കുന്ന ‘ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ കേരളത്തിൽ നടക്കുക.
ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്.
വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടെയുള്ളതിന്റെ കണക്കെടുപ്പ് നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പ് രാജ്യത്തുടനീളം അടുത്ത വർഷം ഫെബ്രുവരി മുതലാണ് ആരംഭിക്കുക.
Tags : Census begins caste enumeration second phase Census Commissioner Mrityunjay Kumar Narayan