National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ജാതി സെൻസസ് ചോദ്യവലി പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയപാർട്ടികളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും ചർച്ച ചെയ്ത് പുതിയത് രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിലവിലെ ചോദ്യാവലിയോട് എതിർപ്പ്
സെൻസസിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ‘ഓപ്പൺ-എൻഡഡ്’ചോദ്യരീതി അശാസ്ത്രീയമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയനുസരിച്ച് ഓരോ വ്യക്തിയും തങ്ങളുടെ ജാതിയായി ഏതു പേര് പറയുന്നോ അത് അതേപടി രേഖപ്പെടുത്തുകയാണ് ചെയ്യുക.
ഇന്ത്യയിൽ ഒരേ ജാതിതന്നെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിലും ഉപജാതികളായും ഭാഷകളിലുമാണ് അറിയപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ ജാതിയിൽപ്പെട്ട ആളുകൾ സെൻസസിൽ വ്യത്യസ്ത പേരുകളിൽ രേഖപ്പെടുത്തിയാൽ ഒരു ജാതി ആയിരക്കണക്കിന് പേരുകളിലേക്ക് വിഭജിക്കപ്പെടും.
ഇതുവഴി രാജ്യത്ത് ലക്ഷക്കണക്കിന് ജാതി പ്പേരുകൾ ഉയർന്നുവരികയും ജാതി സെൻസസിലൂടെ ലഭിക്കുന്ന മുഴുവൻ വിവരങ്ങളും ഉപയോഗശൂന്യമാകുകയും ചെയ്യും-ഖാർഗെയും രാഹുലും ചൂണ്ടിക്കാട്ടി.
സമുദായങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാതെവരുന്നത് അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളെ തെറ്റിക്കും. കൂടാതെ, സെൻസസിൽ ‘പിന്നാക്ക വിഭാഗം’എന്ന വാക്കുപോലും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ രാജ്യത്തെ ഒബിസി ജനസംഖ്യ എത്രയെന്നു വ്യക്തമാകില്ലെന്നും കത്തിൽ ആരോപിക്കുന്നു.
ബിഹാർ, തെലുങ്കാന മാതൃകകൾ നടപ്പാക്കണം
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിൽ നടത്തിയ ജാതി സർവേകളുടെ മാതൃകയിൽ കൃത്യമായ ജാതിപ്പട്ടിക ഉൾപ്പെടുത്തി സെൻസസ് നടപടികൾ പുനഃക്രമീകരിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സർവേകളുടെ മാതൃകയും കത്തിനൊപ്പം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
നിലവിലെ സെൻസസ് രീതി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും പ്രതികരിച്ചു.
National
ന്യൂഡൽഹി: ജാതി, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെടുത്തി സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിലെ 40 ചോദ്യങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താമത്തെ ചോദ്യമായാണ് ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്.
34 - ാം ചോദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിൽ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ രണ്ടാംഘട്ട സെൻസസ് നടപടികൾ ആരംഭിക്കും. ഈ മേഖലയിലെ ജനങ്ങൾക്ക് ഓഗസ്റ്റ് 17 മുതൽ സെൽഫ് എന്യൂമറേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ അടുത്ത വർഷമാണ് രണ്ടാം ഘട്ട കണക്കെടുപ്പ് ആരംഭിക്കുന്നത്.
പേര്, ഗൃഹനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനത്തീയതി, പ്രായം, വൈവാഹിക നില, ദേശീയത, മതം, മാതൃഭാഷ, സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖല, കുടിയേറ്റ ചരിത്രം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ രണ്ടാംഘട്ട കണക്കെടുപ്പിൽ ഉൾപ്പെടുന്നു.
കൂടാതെ, പട്ടികജാതി-പട്ടികവർഗ വിവരങ്ങൾ, ഭിന്നശേഷി, ജനിച്ച സ്ഥലം, കുടിയേറ്റത്തിന്റെ കാരണം, സ്ത്രീകളിലെ പ്രസവാനുകൂല്യ വിവരങ്ങൾ എന്നിവയും ശേഖരിക്കും. ഇതിനുപുറമെ, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക രേഖകൾ കൈവശമുണ്ടോയെന്ന വിവരങ്ങളും പരിശോധിക്കും.
ചോദ്യംചെയ്ത് കോൺഗ്രസ്
സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിക്കുമ്പോൾ കൃത്യമായ ജാതിപ്പട്ടിക മുൻകൂട്ടി തയാറാക്കാത്തതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. ജാതി കോളത്തിൽ ഏതൊക്കെ ജാതി ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കുന്നില്ല. ഈ നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിലെ ജാതി സർവേകളിൽ ചെയ്തതുപോലെ മുൻകൂട്ടി തയാറാക്കിയ ജാതിപ്പട്ടിക നോക്കി മാർക്ക് ചെയ്യുന്നതിനു പകരം ജനങ്ങൾ നൽകുന്ന വിവരങ്ങൾ അതേപടി രേഖപ്പെടുത്തുന്നത് ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
കണ്ണൂർ: വിവര ശേഖരണം പൂർത്തിയാക്കാനുള്ള സമയപരിധിയുടെ രണ്ടു ദിവസം മുന്നേ സെൻസസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണം പൂർത്തിയാക്കി കണ്ണൂർ ജില്ല. ജില്ലയില് ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിലെയും (എച്ച്എല്ബി) മുഴുവന് വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണമാണ് എന്യുമറേറ്റര്മാര് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ പൂർത്തീകരിച്ചത്. ശരാശരി 700 മുതല് 800 വരെ ജനസംഖ്യ ഉള്ക്കൊള്ളുന്നതാണ് ഒരു എച്ച്എല്ബി.
ജൂലൈ ഒന്നിന് ആരംഭിച്ച ആദ്യഘട്ട സെന്സസില് വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളാണ് എന്യുമറേറ്റര്മാര് നേരിട്ടെത്തി ശേഖരിച്ചത്. ജില്ലയില് ആകെ 16 ചാര്ജ് ഓഫീസര്മാരും 647 സൂപ്പര്വൈസര്മാരും 3991 എന്യുമറേറ്റര്മാരുമാണ് സെന്സസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.
നേരത്തേ സെല്ഫ് എന്യുമറേഷന്റെ ഭാഗമായി ജില്ലയില് 62,733 പേര് സെന്സസ് വിവരങ്ങള് സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളും എന്യുമറേറ്റര്മാര് നേരിട്ടെത്തി പരിശോധിച്ച് ഇതിനകം സെന്സസ് പോര്ട്ടലില് രേഖപ്പെടുത്തി. സെന്സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.
സെന്സസ് വിവരശേഖരണ പ്രവര്ത്തനങ്ങള് വിജയകരമായി പൂര്ത്തീകരിക്കുന്നതില് ശ്ലാഘനീയമായ പങ്കുവഹിച്ച ജില്ലാതല സെന്സസ് ഓഫീസര്മാര്, ചാര്ജ് ഓഫീസര്മാര്, സൂപ്പര്വൈസര്മാര് എന്യുമറേറ്റര്മാര്, സെന്സസ് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ച കളക്ടറേറ്റിലെയും താലൂക്കുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് അഭിനന്ദിച്ചു.
സെന്സസ് വിവരശേഖരണവുമായി മികച്ച രീതിയില് സഹകരിച്ച ജില്ലയിലെ ജനങ്ങള്ക്കും കളക്ടർ നന്ദി അറിയിച്ചു.
District News
കോട്ടയം: ജില്ലയില് ദേശീയ സെന്സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന്സസ് കണ്ട്രോള് റൂമുകളില് അറിയിക്കണമെന്ന് പ്രിന്സിപ്പല് സെന്സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു.
മുനിസിപ്പല് മേഖലയില് താമസിക്കുന്നവര് അതത് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളില് താമസിക്കുന്നവര് താലൂക്ക് ഓഫീസുകളിലുമാണ് ഇതിനായി ബന്ധപ്പെടേണ്ടത്.
താലൂക്കുകള്
കോട്ടയം-04812 568007,
മീനച്ചില്- 04822 212325,
ചങ്ങനാശേരി- 0481 2420037,
വൈക്കം- 04829 231331,
കാഞ്ഞിരപ്പളളി- 04828 202331,
മുനിസിപ്പാലിറ്റികള്:
ഏറ്റുമാനൂര്- 0481 2535565,
ചങ്ങനാശേരി - 0481 2424994,
വൈക്കം- 04829 232221,
പാലാ -04822 212328,
ഈരാറ്റുപേട്ട - 04822 272063,
കോട്ടയം - 0481 2566665
District News
കണ്ണൂർ: സെന്സസ് 2027ന്റെ ഭാഗമായുള്ള ആദ്യഘട്ട എന്യുമറേഷന് പ്രവര്ത്തനം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെ ജില്ലയില് 92.4 ശതമാനം ഭവന വിവരശേഖരണം പൂർത്തിയായി. ജില്ലയിൽ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിൽ (എച്ച്എല്ബി) 4456 എണ്ണത്തിൽ വിവരശേഖരണം പൂർത്തിയാക്കി.
തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ നഗരസഭകൾ, കണ്ണൂർ കന്റോൺമെന്റ് എന്നിവിടങ്ങളിൽ നൂറു ശതമാനം വിവരശേഖരണം പൂർത്തിയായി. തലശേരി, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ 95 ശതമാനത്തിൽ കൂടുതലും പൂർത്തിയായി.
നിലവില് വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള് എന്യുമറേറ്റര്മാര് നേരിട്ടെത്തി ശേഖരിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ജില്ലയെ 4823 എച്ച്എല്ബികളാക്കി തിരിച്ചാണ് എന്യൂമറേഷന് പ്രവര്ത്തനങ്ങള് നടത്തുന്നത്. ശരാശരി 700 മുതല് 800 വരെ ജനസംഖ്യ ഉള്ക്കൊള്ളുന്നതാണ് ഒരു എച്ച്എല്ബി.
നേരത്തേ സെല്ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയില് 62,733 പേര് സെന്സസ് വിവരങ്ങള് സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. സെന്സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.
District News
ഒന്നാംഘട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആദ്യമായി പൂർത്തിയാക്കി കുട്ടനാട് താലൂക്ക്
ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും നേട്ടത്തിൽ
ആലപ്പുഴ: സെൻസസ് 2027ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളായ ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ഒന്നു മുതൽ 30 വരെ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണ്. ജില്ലയിൽ കുട്ടനാട് താലൂക്ക് ഓഫീസും മാവേലിക്കര മുനിസിപ്പാലിറ്റിയും 26നുതന്നെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്തെ 78 താലൂക്ക് ഓഫീസുകളിൽനിന്ന് ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾ ആദ്യമായി പൂർത്തിയാക്കിയ താലൂക്ക് എന്ന സവിശേഷ നേട്ടമാണ് കുട്ടനാട് താലൂക്ക് സ്വന്തമാക്കിയത്. നഗരസഭാ മേഖലകളിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും ഒന്നാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
സംസ്ഥാനത്തെ പഞ്ചായത്ത് മേഖലകളിൽ സെൻസസ് ചാർജ് ഓഫീസർമാരായി തഹസിൽദാർമാരും നഗരസഭാ മേഖലകളിൽ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുമാണ് പ്രവർത്തിക്കുന്നത്.
കുട്ടനാട് താലൂക്കിൽ ആകെ 320 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകൾ ഉൾപ്പെട്ടിരുന്നു. കായലും കരയും ഇടകലർന്നതും ഗതാഗത-ഭൗമശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതുമായ പ്രദേശമായിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സെൻസസ് ചാർജ് ഓഫീസർ, മേൽനോട്ട ഉദ്യോഗസ്ഥർ, എന്യൂമറേറ്റർമാർ, മറ്റ് ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ നടത്തിയ ആത്മാർഥവും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം.
ഈ ശ്രദ്ധേയമായ നേട്ടത്തിനു നേതൃത്വം നൽകിയ കുട്ടനാട് തഹസിൽദാർ പി.കെ. സൗമ്യ, താലൂക്ക് ഓഫീസിലെ ജീവനക്കാർ, മാവേലിക്കര മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അഭിനന്ദിച്ചു.
ജില്ലയിൽ ആകെ 3,707 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ 2,607 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലെ എന്യൂമറേഷൻ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലെയും ഒന്നാംഘട്ട എന്യൂമറേഷൻ പ്രവർത്തനങ്ങൾ 28നകം പൂർത്തിയാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
District News
പത്തനംതിട്ട: സെന്സസ് 2027 ന്റെ ഭാഗമായി സ്കൂള്, കോളജ് വിദ്യാര്ഥികള്ക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി വിജയികള്ക്ക് ജില്ലാ കളക്ടർ എ. നിസാമുദ്ദീന് സമ്മാനം വിതരണം ചെയ്തു. ആരോണ് ബിനോയി (ഗവ. ബോയ്സ് എച്ച്എസ്എസ്, അടൂർ), വി.ആര്. സ്വാതിക (ബിഎഎം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാര് (മാര്ത്തോമ എച്ച്എസ്എസ്, പത്തനംതിട്ട), ബിനിയ സാബു (മാര്ത്തോമ്മ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമടം എച്ച്എസ്എസ്, തിരുവല്ല), അദ്വൈത് അനില് (എന്എസ്എസ് എച്ച്എസ്എസ് പന്തളം) എന്നിവരാണ് വിജയികളായത്.
സെന്സസ് ആദ്യഘട്ട പ്രവര്ത്തനങ്ങളുടെ ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ലാ കളക്ടര് പറഞ്ഞു.
സെന്സസ് ഡയറക്ടറേറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. എഡിഎം ആര്. രാജലക്ഷ്മി, സെന്സസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര് വി. സി. നിഷ, വിദ്യാര്ഥികൾ, രക്ഷിതാക്കള് തുടങ്ങിയവര് പങ്കെടുത്തു.
District News
കാസര്ഗോഡ്: ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള് വിഭജിക്കണമെന്ന ആവശ്യം സര്ക്കാരിന്റെ പരിഗണനയിലുണ്ടെന്നും എന്നാല് സെന്സസ് നടക്കുന്ന സാഹചര്യത്തില് ഇതു പ്രായോഗികമല്ലെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും റവന്യുമന്ത്രി എ.പി. അനില്കുമാര്. ചെങ്കള സ്മാര്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലട്ര മാഹിന് എംഎല്എ അധ്യക്ഷത വഹിച്ചു. രാജ്മോഹന് ഉണ്ണിത്താന് എംപി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന്, ലാന്ഡ് റവന്യു കമ്മീഷണര് എച്ച്. ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്ക്കള, പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, വൈസ്പ്രസിഡന്റ് ജാസ്മിന് കബീര്, മുന്മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം നസീഫ, രാഷ്ട്രീയപാര്ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്, പി.എം.എ. കരീം, ജെറ്റോ ജോസഫ് ബജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്, നാഷണല് അബ്ദുള്ള, റവന്യു സെക്രട്ടറി കെ. ജീവന് ബാബു, എഡിഎം പി. ഉദയകുമാര് എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: സെന്സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്കല് ജില്ലയില് പുരോഗമിക്കുന്നു. ജില്ലയില് ഇതേവരെ 12,522 പേര് സെല്ഫ് എന്യുമറേഷന് പൂര്ത്തിയാക്കി. സെന്സസ് സെല്ഫ് എന്യുമറേഷന്റെ ഭാഗമായി കോന്നി അരുവാപ്പുലം വില്ലേജില് ആവണിപ്പാറ ഗിരിജന് നഗര് നിവാസികള്ക്ക് കോന്നി തഹസില്ദാര് ജി. അജേഷിന്റെ നേതൃത്വത്തില് പരിശീലനം നല്കി.
ഡെപ്യൂട്ടി തഹസില്ദാര് മനോജ് കുമാർ, വി. ആര്. ഷൈൻ, അരുവാപ്പുലം വില്ലേജ് ഓഫീസര് പ്രിയേഷ്, സെന്സ് ക്ലാര്ക്ക് അഖില് കൃഷ്ണന്, സുരേഷ് കുമാര് എന്നിവര് പങ്കെടുത്തു. തിരുവല്ല താലൂക്കിലെ കടപ്ര, നിരണം, ഇരവിപേരൂർ, തോട്ടപ്പുഴശേരി, കോയിപ്പുറം, നെടുംപുറം പഞ്ചായത്തുകളില് സെല്ഫ് എന്യുമറേഷന് കാമ്പയിൻ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര് നേതൃത്വം നല്കി.
സ്വയം വിവരങ്ങള് നല്കാന് 30 വരെ സൗകര്യമുണ്ട്. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര് വീടുകളില് എത്തുന്നതിന് മുമ്പ് https://se.census. gov.in വെബ് പോര്ട്ടലിലൂടെ പൊതുജങ്ങള്ക്ക് സെല്ഫ്-എന്യുമറേഷന് ചെയ്യാം. രാജ്യത്തെ 16- മത് ജനസംഖ്യാ കണക്കെടുപ്പ് 2026-27 വര്ഷങ്ങളില് രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്.
പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല് സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല് 30 വരെയാണ്.30 നകം വിവരങ്ങള് സമര്പ്പിക്കാത്തവര്ക്ക് സെല്ഫ്-ഇന്യൂമറേഷന് പൂര്ത്തിയാക്കാന് കഴിയില്ല. സമര്പ്പിക്കാത്തവരുടെ വിവരങ്ങള് ഉദ്യോഗസ്ഥര് നേരിട്ട് ശേഖരിക്കും. കൂടുതല് വ്യക്തതയ്ക്ക് പോര്ട്ടലില് യൂസര് ഗൈഡും ലഭിക്കും.
District News
കൊച്ചി: സെന്സസ് 2027ന്റെ ഭാഗമായി പൊതുജനങ്ങള്ക്ക് കുടുംബ വിവരങ്ങള് സ്വയം രേഖപ്പെടുത്താം. ഇതിന്റെ ഭാഗമായുള്ള സെല്ഫ് എന്യൂമറേഷന് സൗകര്യം ഇന്നലെ മുതല് സജ്ജമായി. ഓണ്ലൈന് സൗകര്യങ്ങള് ഉപയോഗിക്കാന് കഴിയാത്തവരുടെ വീടുകളില് എന്യൂമറേറ്റര്മാര് നേരിട്ടെത്തി വിവരങ്ങള് ശേഖരിക്കും. വീടുകളില് എത്തുന്ന സെന്സസ് ഉദ്യോഗസ്ഥര്ക്ക് പണമോ മറ്റ് പ്രതിഫലമോ നല്കേണ്ട. ആളുകള് ആശങ്കപ്പെടാതെ സെല്ഫ് എന്യൂമറേഷന്റെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര് ജി. പ്രിയങ്ക പറഞ്ഞു.
ഡിജിറ്റല് സെന്സസിന്റെ പ്രവര്ത്തനങ്ങള് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ജൂലൈയില് നടക്കുന്ന ഒന്നാംഘട്ട പ്രവര്ത്തനങ്ങളില് വീടുകളുടെ പട്ടികപ്പെടുത്തല് നടക്കും.വീടുകള് ലിസ്റ്റ് ചെയ്ത് അടിസ്ഥാന വിവരങ്ങള് ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തുടര്ന്ന് ഫെബ്രുവരിയില് രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.
സെന്സസിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണ പരിപാടികള് നടത്തും. വ്യാജ പ്രചാരണങ്ങളില് വീഴാതെ സര്ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്ന് കളക്ടര് അറിയിച്ചു. സെന്സസ് പ്രവര്ത്തനങ്ങള്ക്കായി ജില്ലയില് മുനിസിപ്പാലിറ്റി താലൂക്ക് തലങ്ങളിലായി 23 ചാര്ജ് ഓഫീസര്മാരുണ്ട്. ഡിജിറ്റല് ടൂളുകള് ഉപയോഗിക്കുന്നതിനായി നാല് മാസ്റ്റര് ട്രെയിനര്മാരും 118 ഫീല്ഡ് ട്രെയിനര്മാരും ജില്ലയില് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും.
അധ്യാപകരും മറ്റ് സര്ക്കാര് ജീവനക്കാരും ഉള്പ്പെടെ റിസര്വ് അടക്കം 6,538 എന്യൂമറേറ്റര്മാരും 1,117 സൂപ്പര്വൈസര്മാരും ജില്ലയില് സജ്ജമാണ്. ഓരോ എന്യൂമറേറ്റര്ക്കും 150 മുതല് 200 വരെ വീടുകളുടെ (ഏകദേശം 700 മുതല് 800 വരെ ജനസംഖ്യ) ചുമതലയാണ് നല്കിയിട്ടുള്ളത്.
National
ന്യൂഡൽഹി: സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടപടികൾ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂർത്തിയായതായി കേന്ദ്രസർക്കാർ അറിയിച്ചു.
വ്യക്തികൾക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ പ്രക്രിയ കേരളത്തിലും നാഗാലാൻഡിലും പുരോഗമിക്കുകയാണെന്നും തുടർന്ന് ജൂലൈ ഒന്നുമുതൽ ജൂലൈ 30 വരെ ഇവിടങ്ങളിൽ എന്യൂമറേറ്റർമാർ ഫീൽഡ് സന്ദർശനം നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ വ്യക്തികൾ അവരുടെ ജനറേറ്റ് ചെയ്ത സെൽഫ് എന്യൂമറേഷൻ ഐഡി കൈയിൽ സൂക്ഷിക്കുകയും ഫീൽഡ് സന്ദർശനം നടത്തുന്ന എന്യൂമറേറ്ററുമായി അതു പങ്കുവയ്ക്കുകയും ചെയ്യണം. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാത്ത കുടുംബങ്ങൾ എന്യൂമറേറ്റർമാർ ഭവനസന്ദർശനത്തിനെത്തുന്പോൾ വിവരങ്ങൾ പങ്കുവച്ചാൽ മതി.
ഫീൽഡിലെത്തിയുള്ള ഹൗസ് ലിസ്റ്റിംഗ് വിവരശേഖരണം നിലവിൽ ഹിമാചൽപ്രദേശ്, ഗുജറാത്ത്, ജമ്മുകാഷ്മീർ, ലഡാക്ക്, പുതുച്ചേരി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച ഹൗസ് ലിസ്റ്റിംഗ് നടപടി രാജ്യത്ത് സെപ്റ്റംബർ 30 വരെയാണ് നടക്കുക. സെൻസിന്റെ രണ്ടാം നടപടിയായ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലുണ്ടാകും.
ജാതിസംബന്ധമായ ചോദ്യങ്ങൾ സെൻസസിന്റെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്നും കേന്ദ്രം ആവർത്തിച്ചു.
District News
കോട്ടയം: ദേശീയ സെന്സസിന്റെ ഭാഗമായുള്ള സെല്ഫ് എന്യൂമറേഷന് ജില്ലയില് തുടക്കമായി.
ജസ്റ്റീസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന്സിപ്പല് സെന്സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന്കുമാര് മീണയുടെ സാന്നിധ്യത്തില് സെല്ഫ് എന്യൂമേറഷന് നടത്തി. അഡീഷണല് ജില്ലാ സെന്സസ് ഓഫീസര് പി.എ. അമാനത്ത്, സെന്സസ് മാസ്റ്റര് ട്രെയിനര് എം.അരുണ് എന്നിവര് സന്നിഹിതരായിരുന്നു.
തുടര്ന്ന് കളക്ടറേറ്റില് ജില്ലാ കളക്ടറുടെ നേതൃത്വത്തില് ജീവനക്കാര് സെല്ഫ് എന്യുമറേഷന് നടത്തി. സെല്ഫ് എന്യൂമറേഷനില് എല്ലാ ജീവനക്കാരും പങ്കുചേരണമെന്ന് കളക്ടര് നിര്ദേശിച്ചു. അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയും ചടങ്ങില് സന്നിഹിതയായിരുന്നു.
se.census.gov.in/ എന്ന പോര്ട്ടലില് കുടുംബങ്ങള് സ്വന്തമായി വിവരങ്ങള് രേഖപ്പെടുത്തുന്ന സെല്ഫ് എന്യുമറേഷന് 30 വരെ സൗകര്യമുണ്ടാകും.
വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള് മാത്രമാണ് സെല്ഫ് എന്യൂമറേഷനിലൂടെ നല്കാന് കഴിയുക. 34 ചോദ്യങ്ങളാണ് ഇതില് ഉള്പ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സെൻസസ് നടപടികൾക്ക് തുടക്കം. ജൂൺ 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ഉൾപ്പെടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി. ഐഎഎസ് വ്യക്തമാക്കി.
District News
പത്തനംതിട്ട: സെന്സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള് നല്കാന് (സെല്ഫ്-എന്യുമറേഷന് ) ഇന്നുമുതല് 30 വരെ സൗകര്യം. ഭവനപട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര് വീടുകളില് എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്ട്ടലിലൂടെ പൊതുജങ്ങള്ക്ക് സെല്ഫ്-എന്യുമറേഷന് ചെയ്യാം. ജൂലൈ ഒന്നു മുതല് 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്.
രണ്ട് ഘട്ടങ്ങളിലായാണ് സെന്സസ് പ്രവര്ത്തനം. ആദ്യ ഘട്ടത്തില് ഭവനപട്ടികപ്പെടുത്തലും രണ്ടാം ഘട്ടത്തില് ജനസംഖ്യാ കണക്കെടുപ്പും. പൂര്ണമായും സാങ്കേതികവിദ്യയില് ഊന്നിയ രാജ്യത്തെ ആദ്യ സെന്സസാണ്. പൊതുജനങ്ങള് നല്കുന്ന വിവരങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതും സ്ഥായിയായ വികസനം ഉറപ്പാക്കുന്നതും. സെന്സസില് കൃതമായ വിവരം നല്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നു ജില്ലാ കളക്ടര് പറഞ്ഞു.
സ്വയം വിവരങ്ങള് നല്കേണ്ട വിധം
https://se.census.gov.in പോര്ട്ടല് സന്ദര്ശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല് നമ്പറും നല്കി രജിസ്റ്റര് ചെയ്യുക. ഒരു മൊബൈല് നമ്പര് ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒടിപി വഴി വെരിഫിക്കേഷന് പൂര്ത്തിയാക്കുക. ഒരിക്കല് തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്ട്ടലിലെ മാപ്പില് വീടിന്റെ കൃത്യമായ സ്ഥാനം റെഡ് മാര്ക്കര് ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് മറുപടി നല്കി വിവരം പരിശോധിച്ച് ഫൈനല് സബ്മിറ്റ് നല്കുക.
വിവരങ്ങള് വിജയകരമായി നല്കിക്കഴിഞ്ഞാല് എച്ച് എന്ന് തുടങ്ങുന്ന 11 അക്ക സെല്ഫ്-എന്യുമറേഷന് ഐഡി (എസ്ഇഐഡി) ലഭിക്കും. സെന്സസ് ഉദ്യോഗസ്ഥര് പിന്നീട് വീട് സന്ദര്ശിക്കുമ്പോള് ഈ ഐഡി കൈമാറിയാല് മതി. ഇതോടെ വിവരങ്ങള് ഡിജിറ്റലയി സ്ഥിരീകരിക്കപ്പെടും.
30നകം വിവരങ്ങള് സമര്പ്പിക്കാത്തവര്ക്ക് സെല്ഫ്-എന്യുമറേഷന് പൂര്ത്തിയാക്കാന് കഴിയില്ല. സമര്പ്പിക്കാത്തവരുടെ വിവരങ്ങള് ഉദ്യോഗസ്ഥര് നേരിട്ട് ശേഖരിക്കും. കൂടുതല് വ്യക്തതയ്ക്ക് പോര്ട്ടലില് യൂസര് ഗൈഡും ലഭിക്കും.
National
ന്യൂഡൽഹി: ജാതി സെൻസസ് വൈകിക്കാൻ പ്രധാനമന്ത്രിക്ക് ഉദ്ദേശ്യമുണ്ടെന്ന് കോണ്ഗ്രസ്. വരുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്തുമെന്ന് മോദിസർക്കാർ ഒരു വർഷം മുന്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ആരോപണം ഉന്നയിച്ചത്.
ജാതി സെൻസസ് പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജാതി കണക്കെടുപ്പ് എങ്ങനെ നടത്തുമെന്നുള്ളതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രതിപക്ഷകക്ഷികളുമായോ സംസ്ഥാന സർക്കാരുകളുമായോ കുറഞ്ഞപക്ഷം വിദഗ്ധരുമായോ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും കോണ്ഗ്രസ് നേതാവ് എക്സിൽ ചൂണ്ടിക്കാട്ടി.
ജാതി സെൻസസിനെ സംബന്ധിച്ചുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ സമീപകാല നാൾവഴികൾ പരാമർശിച്ച് പ്രധാനമന്ത്രി നാടകീയമായ യു ടേണ് നടത്തി. ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നില്ലെന്ന്, 2021 ജൂലൈ 21ന് ആഭ്യന്തരമന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയും ജാതി കണക്കെടുപ്പ് നടത്താനുള്ള കോടതിയുടെ ഏതൊരു ഉത്തരവും മോദിസർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടുന്നതിന് തത്തുല്യമായിരിക്കുമെന്നുമുള്ള 2021 സെപ്റ്റംബർ 21ന് മോദിസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും ജയ്റാം രമേശ് എക്സിൽ സൂചിപ്പിച്ചു.
ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് 2023 ഏപ്രിൽ 16ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയതും 2024 ഏപ്രിൽ 28ന് ജാതി സെൻസസ് നടത്താനുള്ള കോണ്ഗ്രസ് ആവശ്യം അവരുടെ"അർബൻ നക്സൽ’ ചിന്താഗതിയാണു വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
District News
കാസര്ഗോഡ്: ഭാരത സെന്സസ് 2027ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് നടന്ന പരിശീലനം ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യനാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്. സെന്സസ് പ്രവര്ത്തനങ്ങള് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് സെന്സസ് ഓപറേഷന്സിന്റെ ജില്ല ചുമതലയുള്ള ഉദ്യോഗസ്ഥരായ ടി. രാജ്കുമാര്, കെ. സജിത് രാജ് എന്നിവര് ക്ലാസുകള് നയിച്ചു.
രാജ്യത്തെ ആദ്യ ഡിജിറ്റല് സെന്സസായ ഈ പ്രക്രിയയുടെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ 30 വരെ നടക്കും. ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റര്മാര് 34 ചോദ്യങ്ങള് ചോദിച്ച് വിവരങ്ങള് സ്മാര്ട്ട്ഫോണ് ആപ്പിലൂടെ ശേഖരിക്കും.
ഇതിന് മുമ്പായി പൗരന്മാര്ക്ക് 2026 ജൂണ് 16 മുതല് 30 വരെ പോര്ട്ടല് വഴി സ്വയം സെല്ഫ് എന്യൂമറേഷന് നടത്താം. ലഭിക്കുന്ന അക്നോളജ്മെന്റ് ഭവനസന്ദര്ശനത്തിന് എത്തുന്ന എന്യൂമറേറ്റര്ക്ക് കൈമാറിയാല് മതി.
ജൂലൈയില് നടക്കുന്ന ആദ്യഘട്ട സെന്സസില് വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെന്സസുമാണ് നടക്കുക. അടുത്ത വര്ഷം ഫെബ്രവരിയില് നടക്കുന്ന രണ്ടാം ഘട്ടത്തില് ജനസംഖ്യയുടെ സെന്സസ് എടുക്കും.
സെന്സസ് മുഖേന സര്ക്കാര് ശേഖരിക്കുന്ന ഡേറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യന് എവിഡന്സ് ആക്ട് തുടങ്ങിയ നിയമപ്രകാരവും ലഭ്യമാകില്ല. ഫീല്ഡ് ട്രെയ്നേഴ്സിനുള്ള പരിശീലനം മേയ് മാസത്തില് ആരംഭിക്കും.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് സെൽഫ് എന്യുമറേഷനോടെ നാളെ തുടക്കമാകും.
കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് നാളെ സെൽഫ് എന്യുമറേഷൻ ആരംഭിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ഓണ്ലൈനായി സ്വയം സെൻസസ് വിവരങ്ങൾ സമർപ്പിക്കാം.
15 ദിവസത്തെ സെൽഫ് എന്യുമറേഷൻ നടപടിക്കുശേഷം സെൻസസിന്റെ ആദ്യഘട്ടമായ "ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ്’ 16 മുതൽ ഇവിടങ്ങളിൽ ആരംഭിക്കും. കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സെൻസസ് നടപടികൾ വൈകിയാണ് ആരംഭിക്കുക.
രാജ്യത്തുനീളമുള്ള സെൻസസ് നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലുമായ മൃത്യുഞ്ജയ് കുമാർ നാരായണ് ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് വിശദീകരിച്ചത്. മുന്പ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെതന്നെ ജാതി കണക്കെടുപ്പ് സെൻസസ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജാതി കണക്കെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങളെ സംബന്ധിച്ച് അടുത്ത മാസങ്ങളിൽ വിജ്ഞാപനമിറക്കും. മതത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ കണക്കെടുപ്പുകളും രണ്ടാം ഘട്ടത്തിലാണുണ്ടാകുക.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കേന്ദ്ര സർക്കാർ.
2027 സെൻസസിനുവേണ്ടി രണ്ട് ഭാഗ്യചിഹ്നങ്ങളും നാല് ഡിജിറ്റൽ ടൂളുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ അവതരിപ്പിച്ചു.
പുരുഷന്മാരുടെ പ്രതീകമായി വികാസെന്നും സ്ത്രീകളുടെ പ്രതീകമായി പ്രഗതിയെന്നുമാണ് ഭാഗ്യചിഹ്നങ്ങൾക്കു പേരിട്ടിരിക്കുന്നത്.
2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുന്നതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള തുല്യ പങ്കാളിത്തമാണ് ഈ ഭാഗ്യചിഹ്നങ്ങൾ പ്രതീകവത്കരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
National
ന്യൂഡൽഹി: 2027ലെ സെൻസസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയ്ക്കായി 11,718 കോടി രൂപയാണു മന്ത്രിസഭ അനുവദിച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും 2027 ഫെബ്രുവരിയിലുമായി രണ്ടു ഘട്ടത്തിലാണ് സെൻസസ് പ്രക്രിയ നടക്കുക.
സ്വാതന്ത്ര്യത്തിനുശേഷം ജാതി കണക്കെടുപ്പ് നടത്തുന്ന ആദ്യ സെൻസസ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് എന്നീ പ്രത്യേകതകളോടെയാണ് 16 വർഷത്തിനുശേഷം വീണ്ടും സെൻസസ് പ്രക്രിയ രാജ്യത്തു നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭായോഗമാണ് 2027 സെൻസസ് പ്രക്രിയയ്ക്ക് അംഗീകാരം നൽകിയത്.
National
ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള സെൻസസ് പ്രക്രിയ പൂർത്തിയാക്കാൻ 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സർക്കാർ സ്കൂളിലെ അധ്യാപകരും സംസ്ഥാനസർക്കാർ നിയമിച്ച ഉദ്യോഗസ്ഥരുമായിരിക്കും കണക്കെടുപ്പ് നടത്തുക.
ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈലുകളിൽ ലഭ്യമാകുന്ന ആപ്ലിക്കേഷനുകൾ വഴി വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആദ്യ ഡിജിറ്റൽ സെൻസസാണ് 2027ലേത്. സെൻസസിൽ സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന ഉപാധിയും പൊതുജനങ്ങൾക്കുണ്ടാകും.
രണ്ടാം ഘട്ടത്തിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിലാണ് ജാതിവിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ 30ന് രാഷ്ട്രീയകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നൽകിയ ജാതി കണക്കെടുപ്പിന്റെ അന്തിമഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിവരയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1931ലാണ് രാജ്യത്ത് അവസാനമായി ജാതി കണക്കെടുപ്പ് നടന്നത്.
ഹൗസ് ലിസ്റ്റിംഗ് അടുത്തവർഷം
അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യഘട്ടത്തിൽ ഒരു പ്രദേശത്തെ ഓരോ കെട്ടിടത്തെയും ഭവനങ്ങളെയും സൗകര്യങ്ങളെയും ആസ്തികളെയും ജീവിതസാഹചര്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ തിട്ടപ്പെടുത്തുന്ന പ്രക്രിയയായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടക്കും.
വ്യക്തികളുടെ എണ്ണമടക്കമുള്ള വിവരങ്ങളെടുക്കുന്ന സുപ്രധാന പ്രക്രിയയായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ജമ്മു കാഷ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില മഞ്ഞു മൂടിയ പ്രദേശങ്ങളിലും ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം സെപ്റ്റംബറിൽ നടക്കും.
National
ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി അടുത്ത വർഷം ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി.
ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700 മുതൽ 800 വരെ ജനസംഖ്യക്കായി ഒരു എന്യുമറേറ്ററെയും ആറ് എന്യുമറേറ്റർമാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു സൂപ്പർവൈസറെയും നിയമിക്കാനാണു നിർദേശം. അടിയന്തര സാഹചര്യങ്ങൾക്കായി പത്തു ശതമാനം അധിക എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1990ലെ സെൻസസ് നിയമങ്ങളുടെ റൂൾ 3 അനുസരിച്ച് അധ്യാപകരെയും ക്ലർക്കുമാരെയും ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ വ്യക്തമാക്കി.
എന്യുമറേറ്ററേക്കാൾ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും സൂപ്പർവൈസർ. വരുന്ന സെൻസസ് നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുന്നതിന് 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് ഫീൽഡുകളിൽ വിന്യസിക്കുക.
രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലുമാണ് ആരംഭിക്കുക.
15 വർഷത്തിനുശേഷം രാജ്യത്തു നടക്കുന്ന സെൻസസ് നടപടികളുടെ ചോദ്യാവലി തയാറാക്കുന്നതിന്റെ അവസാനഘട്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.
Kerala
കൊച്ചി: 1948 ലെ സെന്സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്ക്കാര് വിജ്ഞാപനം ചെയ്തതിനെ തുടര്ന്ന് കേരളത്തിലും നടപടികള് ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള് പ്രദേശങ്ങളിലാണ് നിലവില് പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല് താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര് വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ ഇരട്ടയാര് വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല് കോര്പ്പറേഷന്റെ ഒന്നു മുതല് നാലുവരെയുള്ള വാര്ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്.
ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്മാരെ പ്രിന്സിപ്പല് സെന്സസ് ഓഫീസര്മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്ദാര്മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്ജ് ഓഫീസര്മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്മാര് വീടുകളില് നിന്ന് വിവരങ്ങള് ശേഖരിക്കും.
ഇന്ത്യയില് ആദ്യമായി നടക്കുന്ന ഡിജിറ്റല് സെന്സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്സസും. ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങള് മൊബൈല് ആപ്ലിക്കേഷനുകള് വഴിയാണ് ശേഖരിക്കുക.
ഇതോടൊപ്പം, സെന്സസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സിഎംഎംഎസ് വെബ് പോര്ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെന്സസ് പ്രവര്ത്തനങ്ങളുടെ സുഗമമായ നിര്വഹണം ഉറപ്പാക്കാന്, ഉപയോഗിക്കേണ്ട ഡിജിറ്റല് ടൂളുകളിലെയും ഡിസൈന് ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങള് തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീ ടെസ്റ്റ് നിര്ണായകമാണ്.
വിദൂരത, ദുര്ഘടമായ ഭൂപ്രദേശം, ഇന്റര്നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീടെസ്റ്റ് സാമ്പിളുകള് തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങള് വസ്തുതാപരമായ വിവരങ്ങള് നല്കി സഹകരിക്കുകയും പ്രീ ടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെന്സസ് ഓപ്പറേഷന്സ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2025 നവംബര് ഒന്നു മുതല് നവംബര് ഏഴുവരെ സെല്ഫ് എന്യൂമറേഷനുള്ള അവസരം നല്കിയിരുന്നു. നവംബര് 30 വരെ പ്രീടെസ്റ്റ് തുടരും.
Editorial
ജാതി കണക്കെടുപ്പിനെക്കുറിച്ച് പറയാതെ കേന്ദ്രം സെൻസസ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു മുന്പേ പറഞ്ഞിട്ടുണ്ടല്ലോയെന്ന സർക്കാരിന്റെ ന്യായം നിലനിൽക്കില്ല. കാരണം, വിജ്ഞാപനത്തിലുള്ള മിക്ക കാര്യങ്ങളും മുന്പു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആ ഔദ്യോഗിക രേഖയിൽ ജാതി മാത്രം ഒഴിവാക്കി.
ജാതി കണക്കെടുപ്പിനോട് തുടക്കംമുതൽ താത്പര്യമില്ലാതിരുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽനിന്ന് അത് ഒഴിവാക്കുന്പോൾ സ്വാഭാവികമായും സംശയം ഉടലെടുക്കും. അതാണിപ്പോൾ സംഭവിച്ചിട്ടുള്ളത്. ഇഷ്ടമില്ലാത്തതു ചെയ്യുന്പോഴുണ്ടാകുന്ന ഇത്തരം വിട്ടുപോകലുകളാവാം, ബ്രിട്ടീഷുകാർ ഉപേക്ഷിച്ച കോളനിയിൽ 78 വർഷങ്ങൾക്കുശേഷവും പാർശ്വവത്കരിക്കപ്പെട്ട മറ്റൊരു കോളനി സ്വതന്ത്രമാകാത്തതിന്റെ കാരണങ്ങളിലൊന്ന്.
2011ലാണ് ഒടുവിലത്തെ സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ടിയിരുന്നതും കോവിഡ് മൂലം മുടങ്ങിയതുമായ സെൻസസ് അടുത്ത വർഷം നടത്താനുള്ള വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ ഒന്നിനും മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനും നടപടികളാരംഭിക്കും.
ഭവന സാഹചര്യങ്ങൾ, സ്വത്തുക്കൾ, മറ്റു സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെ ശേഖരിക്കുന്പോൾ വ്യക്തികളുടെ സാമൂഹിക-സാന്പത്തിക, സാംസ്കാരിക, വ്യക്തിഗത വിശദാംശങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം എട്ടാമത്തെയും ഇന്ത്യയിൽ നടക്കുന്ന 16-ാമത്തെയും സെൻസസാണിത്.
ഈ സെൻസസിൽ ജാതി ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചത് ഏറെ തർക്കങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഏതാനും വർഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയും ചെയ്തു.
ജാതി സെൻസസിനെ എതിർത്തിരുന്ന ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും ഇക്കൊല്ലം ഒടുവിൽ നടത്താനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ അതിനു തയാറായെങ്കിലും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയില്ല. ഇതു നിരാശപ്പെടുത്തിയെന്നു പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, സർക്കാർ ‘യു ടേണ്’എടുക്കുകയാണോയെന്നും ചോദിച്ചു.
കോണ്ഗ്രസ് പിന്നാക്ക ജാതികളെ വഞ്ചിച്ചിട്ടേയുള്ളൂവെന്നും ജനതാ പാർട്ടി സർക്കാർ വന്നതിനു ശേഷമാണ് മണ്ഡൽ കമ്മീഷൻ രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് തിരിച്ചടിച്ചു. പക്ഷേ, മണ്ഡൽ കമ്മീഷനായാലും ജാതി സെൻസസായാലും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ളതാണ് എന്ന നിലപാടായിരുന്നു സംഘപരിവാർ പരന്പരാഗതമായി കൈക്കൊണ്ടിരുന്നത്.
ജാതി സെൻസസിനു വഴങ്ങിയ ബിജെപി അതിന്റെ കീർത്തി കോൺഗ്രസിനു കൊടുക്കാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ദിവസങ്ങൾക്കു മുന്പ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടത്, ഇതു മോദിയുടെ മഹത്തായ നീക്കമാണെന്നും ഇത്രകാലം ഭരിച്ചിട്ടും കോൺഗ്രസിനു കഴിഞ്ഞില്ലെന്നുമാണ്.
പക്ഷേ, 2011ലെ സെൻസസിൽ യുപിഎ സർക്കാർ ജാതി ഉൾപ്പെടുത്തിയിരുന്നെന്നും അതിൽ തെറ്റുകളുണ്ടെന്ന കാരണം പറഞ്ഞ് പുറത്തുവിടാത്തത് മോദി സർക്കാരാണെന്നുമുള്ള കാര്യം അദ്ദേഹം മറച്ചുവച്ചു.
നികൃഷ്ടമായ ജാതി സന്പ്രദായത്തെയും അതിലൂടെ ഉരുവപ്പെട്ട സവർണാധികാര ഘടനയെയും ഒഴിച്ചുനിർത്തിയാൽ, രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കാവസ്ഥയ്ക്ക്, മാറിമാറിവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസിനും ഒഴിയാനാകില്ല.
പക്ഷേ, 14 വർഷം മുന്പ് ജാതി സെൻസസിലൂടെ അവർ തിരുത്താൻ തയാറായെങ്കിലും ഫലം പുറത്തുവന്നില്ല. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ജാതി സെൻസസ് എന്ന് ആക്ഷേപിച്ചിരുന്ന ബിജെപി ഇപ്പോൾ അതിനു തയാറായിട്ടുള്ളത് പൂർണ മനസോടെയല്ലെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാതിരുന്ന, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പും പാഠമായിട്ടുണ്ടാകണം.
ഭരിക്കാൻ ഒപ്പം കൂട്ടിയ നിതീഷ് കുമാർ (ജനാതാദൾ-യു) ബിഹാറിലെ ജാതിവോട്ടിന്റെ പ്രാധാന്യമറിഞ്ഞ് സെൻസസിനുവേണ്ടി നിലകൊള്ളുക മാത്രമല്ല, 2022ൽ ജാതി സർവേ നടത്തുകയും ചെയ്ത ആളാണ്. മാത്രമല്ല, സെൻസസിനോടു മുഖം തിരിച്ച്, ബിജെപിക്കു കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ സഖ്യത്തെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടാനുമാവില്ല.
മറ്റൊരു കാരണം, ഹിന്ദുത്വ വൈകാരികതയെ പഴയതുപോലെ ഇനി ആശ്രയിക്കാനാകില്ല എന്നതാണ്. രാമക്ഷേത്രം പണിത അയോധ്യയിൽപോലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയായിരുന്നു. അതുപോലെ, ലോക സാന്പത്തിക പട്ടികയിൽ മുന്നേറുകയാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം രാജ്യത്ത് ബിജെപി ഭരണത്തിൽ വർധിച്ചെന്ന യാഥാർഥ്യവും തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ച ചെയ്യപ്പെടും. അതിൽ ഏറ്റവും ദരിദ്രരായ ദളിതരെയും ആദിവാസികളെയും അവഗണിച്ച് ഏറെ മുന്നോട്ടു പോകാനാവില്ല.
ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായതിനുശേഷമുള്ള ഈ വന്പൻ കണക്കെടുപ്പ് ലോകം കാത്തിരിക്കുന്നതാണ്. നമുക്കും തിരുത്താനുണ്ട്. ഈ രാജ്യത്തിന്റെ സ്വത്തും അധികാരവും അവകാശങ്ങളുമൊക്കെ ഏതുവിധമാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അനീതികൾക്കു പരിഹാരം ചെയ്യാൻ അതിന്റെ കൃത്യമായ കണക്ക് ആവശ്യമാണ്.
നുണപ്രസംഗങ്ങൾക്കും വ്യാജ അവകാശവാദങ്ങൾക്കും അന്ത്യമാകണം. ജാതി സെൻസസ് നടത്തിയാൽ, സംവരണം ഇല്ലാത്തവരുടെ ഉള്ള അവസരങ്ങൾകൂടി നഷ്ടപ്പെടുമെന്ന വാദവും സജീവമായിട്ടുണ്ട്. തീർച്ചയായും സവർണ വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആശങ്കയാകാം അത്. പക്ഷേ, ഈ രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും തങ്ങളേക്കാൾ ഏറെ പിന്നിലുള്ളവരെക്കുറിച്ചാണ് ഇതു പറയുന്നതെന്ന് അവരറിയുന്നില്ല.
അവരെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയമാണ്. ഇന്നും ദളിതരെയും ആദിവാസികളെയും തൊട്ടുകൂടാത്തവരായി, ഒരേ കിണറ്റിൽനിന്നോ പാത്രത്തിൽനിന്നോ വെള്ളമെടുക്കാൻ അവകാശമില്ലാത്തവരായി, സവർണ ബാലനെ മകനേയെന്നു വിളിക്കാൻ അവകാശമില്ലാത്തവരായി, ചില ക്ഷേത്രങ്ങളിലെങ്കിലും പ്രവേശനമില്ലാത്തവരായി, ഒന്നിച്ചിരിക്കാൻ യോഗ്യതയില്ലാത്തവരായി... നിലനിർത്തിയ രാഷ്ട്രീയം; 10 ശതമാനം സന്പന്നരുടെ കൈയിൽ ദേശീയ വരുമാനത്തിന്റെ 57 ശതമാനവും പിടിപ്പിച്ച രാഷ്ട്രീയം.
അവരല്ലാതെ ആരും കണക്കിനെ അഥവാ സത്യത്തെ ഭയപ്പെടേണ്ടതില്ല. ഭയമില്ലെങ്കിൽ, ജാതി സെൻസസ് നടത്തുമെന്ന തീരുമാനം മനസിലൊതുക്കിയാൽ പോരാ, വിജ്ഞാപനത്തിലും വേണം.