കോഴിക്കോട്: മേയ് നാലിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഗതാഗത ക്രമീകരണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, മാധ്യമങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി ഗവ. കോളജ്, കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം എജ്യൂക്കേഷണല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ സിസിടിവി കാമറകള്‍, ഇന്റര്‍നെറ്റ് കണക്ഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഒഴികെ ആരുടെയും മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ നൂറ് മീറ്റര്‍ പരിധി പ്രത്യേക സോണായി പ്രഖ്യാപിക്കും.
ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു.ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പദം സിംഗ്, റൂറല്‍ എസ്പി ടി. ഫറാഷ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ വി. സുപിന്, നോഡല്‍ ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Vote counting begins