നിലമ്പൂര്‍: മൂലേപ്പാടത്തും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച ശല്യക്കാരനായ മോഴയാനയെ വനപാലകര്‍ അതിസാഹസികമായി ഉള്‍വനത്തിലേക്ക് തുരത്തി. അകമ്പാടം, എടക്കോട് വനംസ്റ്റേഷന് ജീവനക്കാരും പ്രൈമറി റെസ്പോണ്‍സ് ടീമും വനംവകുപ്പ് വാച്ചര്‍മാരും അടങ്ങുന്ന ദൗത്യസംഘം മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മൂവായിരം ഉള്‍വനത്തിലേക്ക് കയറ്റിവിട്ടത്. ഇന്നലെ രാവിലെ 8.30 ഓടെ പെരുവമ്പാടം മലോടി ഭാഗത്തുവച്ചാണ് ദൗത്യസംഘം ആനയെ കണ്ടുമുട്ടിയത്. പടക്കം പൊട്ടിച്ചും റബര്‍ ബുള്ളറ്റ് ഉതിര്‍ത്തും കിലോമീറ്ററുകളോളം ഓടിച്ചും ആനയെ ഉള്‍വനത്തിലേക്ക് തുരത്തുകയായിരുന്നു.
മൂലേപ്പാടം, തറമുറ്റം, പെരുവമ്പാടം മേഖലകളില്‍ മാസങ്ങളായി ആനയുടെ ശല്യം രൂക്ഷമായിരുന്നു. നിലമ്പൂര്‍-നായാടംപൊയില്‍ നിര്‍ദിഷ്ട മലയോര ഹൈവേയില്‍ മൂലേപ്പാടം എച്ച് ബ്ലോക്ക് മുതല്‍ 150 ഏക്കര്‍ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനിടെ നിരവധി ടാപ്പിംഗ് തൊഴിലാളികളാണ് ആനയുടെ മുന്നില്‍പ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്തെ 25-ഓളം കര്‍ഷകരുടെ കൃഷിയിടങ്ങളിലും ഈ മോഴയാന വലിയതോതില്‍ നാശനഷ്ടം വരുത്തിയിരുന്നു.
കാടുകയറിയ ആന തിരിച്ചെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വനംവകുപ്പ് ഇന്നും മേഖലയില്‍ നിരീക്ഷണം തുടരും. ആന വീണ്ടും വരികയാണെങ്കില്‍ മൂവായിരം വനമേഖലയില്‍നിന്ന് പന്തീരായിരം വനത്തിലേക്ക് തുരത്താനാണ് പദ്ധതി. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) കെ.ആര്. പ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എം. വത്സലന്‍, പി.എന്‍. ശ്രീജന്, എം.വി. പ്രജീഷ്, എടക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. ശരത് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൂന്ന് ദിവസമായി രാപകലില്ലാതെ വനപാലകര്‍ നടത്തിയ ശ്രമം വിജയ കണ്ടതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.