Movies
അച്ഛൻ കൂടെയില്ലാത്ത ആദ്യത്തെ പിറന്നാളാണ് തനിക്കിതെന്നും അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് ഈ ദിനത്തിൽ തനിക്ക് സ്വന്തനമാകുന്നതെന്നും കുറിച്ച് നടി കാവ്യ മാധവൻ. താരത്തിന്റെ 40-ാം ജൻമദിനമാണിന്ന്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.
ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്. കാവ്യ കുറിച്ചു.
രണ്ടുമാസങ്ങൾക്ക് മുൻപ് ജൂൺ 17-നാണ് കാവ്യയുടെ പിതാവ് പി. മാധവൻ അന്തരിച്ചത്. ചെന്നൈയിൽ കാവ്യയ്ക്കൊപ്പമായിരുന്നു ഇവരുടെ താമസം.
കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്റെ വിയോഗം നടിയെ തളർത്തിയിരുന്നു. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്കിയ വ്യക്തി.
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്നം ഉണ്ട്.
Movies
അച്ഛന്റെ സുഹൃത്തുക്കൾ തനിക്ക് പാരയാകാറുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ സുഹൃത്തുക്കളുമായി ബന്ധം പുലർത്താറില്ലെന്നും സിനിമയിലെ തന്റെ പ്രകടനം മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നതാണ് ഇതിനു കാരണമെന്നും ധ്യാൻ പറയുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഭീഷ്മറിന്റെ സെറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘‘അൻസാജ് നമ്മുടെ ഒരു സുഹൃത്താണ്. അൻസാജ് കുറെ വർഷങ്ങൾക്ക് മുന്നേ എന്നോട് ഒരു കഥയെകുറിച്ച് പറയുഞ്ഞു. അന്ന് കേട്ടപ്പോൾ തന്നെ ഒരു താല്പര്യം തോന്നിയിരുന്നു. പിന്നീട് അങ്കിൾ (ഈസ്റ്റ് കോസ്റ്റ് വിജയൻ) അത് റീവർക്ക് ചെയ്ത് അതിനെ ഭംഗിയാക്കി മാറ്റി.
കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അങ്കിളിനെ കാണുന്നത്. പണ്ട് ചെറുപ്പത്തിൽ കണ്ടതാണ്. അച്ഛന്റെ സുഹൃത്താണ് അങ്കിൾ. അച്ഛന്റെ സുഹൃത്തുക്കളുമായിട്ടുള്ള ബന്ധം നമ്മൾ അധികം വളർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കളൊക്കെ നമുക്ക് ഇന്നേവരെ ജീവിതത്തിൽ പാര മാത്രമേ വച്ചിട്ടുള്ളൂ. ധ്യാൻ പറഞ്ഞത് കൂടി നിന്നവരിലെല്ലാം ചിരി പടർത്തി.
റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്നറായാണ് ഭീഷ്മർ ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവ്യ പിള്ളയും രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു.
Movies
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തനിക്ക് ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.
എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമാണ കമ്പനിയായ യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.
തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.
കൊച്ചിയിൽ എംഎഡിഎംഎയുമായി യുവതി പിടിലായതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിക്കൽ ആരംഭിച്ചത്. പല ഓൺലൈൻ പേജുകളിലും നടന്റെ പേരു കൂടി കൂട്ടിച്ചേർത്തായിരുന്നു യുവതി അറസ്റ്റിലായ വാർത്ത പോസ്റ്റ് ചെയ്തത്.
Movies
സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ സ്താനാര്‍ത്തി ശ്രീക്കുട്ടന് എന്ന സിനിമയുടെ റിലീസിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥ്. പോസിറ്റീവ് റിവ്യൂ ഉണ്ടായിരുന്നിട്ടും തന്റെ ചിത്രം കാണാനെത്തിയവരെ പറഞ്ഞുവിട്ട് പല തിയറ്ററും ഷോ കാന്‍സല്‍ ചെയ്തുവെന്ന് വിനേഷ് ആരോപിക്കുന്നു.
തിയറ്ററുകളിൽ സാമ്പത്തികമായ പരാജയമായ സിനിമ ഈ വെള്ളിയാഴ്ച മുതൽ സൈന പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തും.
വിനേഷിന്റെ കുറിപ്പിന്റെ പൂർണരൂപം
തിയറ്റർ റിലീസിന് ശേഷം സ്താനാർത്തി ശ്രീക്കുട്ടന് സംഭവിച്ച ചില കാര്യങ്ങൾ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. എന്റെ 5 വർഷത്തെ ഇൻവെസ്റ്റ്മെന്റ് ആണ്.
ആദ്യ ദിവസം ക്രൂ ഷോ, അതിൽ പോസിറ്റിവ് അഭിപ്രായങ്ങൾ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്റിൽ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ ഞെട്ടിച്ചത് സംവിധായകൻ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്പോൻസിൽ ആണ്. അവിടെ ഒരു പ്രതീക്ഷ തോന്നി.
നേരെ പദ്മ തിയറ്ററിൽ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നിൽ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റർ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ.
സോഷ്യൽ മീഡിയയിൽ നല്ല റിവ്യൂസ് വരാൻ തുടങ്ങി. അപ്പോഴും എനിക്ക് നിർവികാരത തന്നെയാണ്. ഭരദ്വാജ് രംഗന് പടം കാണണമെങ്കിൽ റിലീസ് ഇല്ലാത്തതിനാൽ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല.
നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാൻ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോൾ പുള്ളിയുടെ ബ്ലോഗിൽ റിവ്യൂ വന്നു. പോസിറ്റിവ് ആണ്. അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു.
അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാൻ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കിൽ ഒരുപാട് വലിയ സഹായം ആയേനെ. വേറെയും കുറെ റിവ്യൂസ് വന്നു. പൊസിറ്റിവ് ആണ്.
എന്നും എല്ലാ ഷോയും കഴിയുന്ന ടൈമിൽ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുന്നിൽ നിൽപ്പാണ്. പ്രൊജക്ഷനിസ്റ്റ് അനീഷണ്ണൻ എന്നും എത്രപേരുണ്ട് കാണാൻ എന്ന് പറയും. നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും, അടുത്ത പടം നീ ഉടനെ സൈൻ ചെയ്യും എന്നൊക്കെ വിളിക്കുന്നവർ പറയുന്നുണ്ട്.
ഒരു പടം ഇറങ്ങിയാൽ ഇൻഡസ്ട്രിയിൽ നിന്ന് കോളുകൾ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകൾക്ക് ഞാനും നോക്കി. ഇൻഡസ്ട്രിയിൽ നിന്ന് എന്നെ മുൻപരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാർവതി ചേച്ചിയിൽ നിന്നാണ്. അല്ലാതെ നമ്പർ തപ്പി പിടിച്ചും മറ്റും പല വിളികൾ വന്നു. ഒക്കെയും സ്നേഹം നിറച്ചത്.
ഒരുപാട് പേർക്ക് ഷോ ഇടാത്തതിനാൽ പടം കാണാൻ പറ്റിയില്ല എന്ന് വിളികൾ വരാൻ തുടങ്ങി. ആറ്റിങ്ങലിൽ ഒരു തിയറ്ററിൽ ഒരു റ്റ്യൂഷൻ സെന്ററിലെ അൻപതിലധികം കുട്ടികൾ പോയിട്ടും, അല്ലാതെ പടം കാണാൻ 10 പേരുണ്ടായിട്ടും അവർ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാർ അതെ തിയറ്ററിൽ ആളെ കൂട്ടി ഷോ ഇടീച്ചു. പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാൻസൽ ചെയ്യുന്നു എന്നറിഞ്ഞു.
പുഷ്പ 2 കൂടി വന്നതോടെ പൂർണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയിൽ. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കിൽ കുറേകൂടി പോസ്റ്റർ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്മെന്റിന് നന്ദി.
തിയറ്റർ വിട്ടു. ഒടിടിക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു. എല്ലാവർക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിന് തിരിച്ചറിയാതെപോയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി.
ഇടയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേർത്ത് മികച്ച സഹനടനുള്ള അവാർഡ് കിട്ടി. അപ്പോഴും വരുന്ന ഒടിടി അന്വേഷണങ്ങൾക്ക് ഉത്തരം അറിയാതെ വീർപ്പുമുട്ടി.
ഒരു കാര്യം തുടങ്ങിവച്ചാൽ ഒരു ക്ളോഷർ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്. നാളെ സൈന പ്ലേയിൽ പടം വരും. കണ്ടിട്ട് നിങ്ങൾക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കിൽ അങ്ങനെ തന്നെ.
അവിടെ കൂടുതൽ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാൽ അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്ളോഷർ. കാണണം.അടുത്ത പടം സൈൻ ചെയ്തിട്ടില്ല. ശ്രീക്കുട്ടൻ ഹിറ്റും ആയില്ല. പക്ഷേ വിട്ടിട്ടില്ല. ചിലപ്പോൾ ഒരു തോൽവി ആയിട്ടാണെങ്കിലും ഞാൻ ഇവിടെത്തന്നെ തുടരും.