ഐശ്വര്യ ലക്ഷ്മി
തന്റെ സ്വഭാവത്തെക്കുറിച്ചും ആളുകളുമായി ഇടപെടുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. തന്റെ ചെറുപ്പക്കാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും ഐശ്വര്യ തുറന്നു പറയുന്നു. 23-മാത്തെ വയസ് മുതൽ തെറാപ്പി എടുക്കാൻ തുടങ്ങിയതാണെന്നും അവർ പറഞ്ഞു.
‘‘എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ ഇതിനായി തെറാപ്പി എടുത്തു. പ്രധാനമായും എന്താണ് പ്രശ്നമെന്നറിയാനായിരുന്നു.
കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ ഒരു രീതി ഉണ്ടല്ലോ, ഞാൻ എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇതിന് കാരണം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ചിന്ത. എനിക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് തെറാപ്പിയിലേക്ക് നീങ്ങിയത്. ഇപ്പോഴും അച്ഛനും അമ്മയ്ക്കും അറിയില്ല എനിക്ക് ഇത്രയും പ്രശന്ങ്ങളുണ്ടെന്ന്.
ഞാൻ തെറാപ്പി എടുക്കാൻ തുടങ്ങിയത് 23–ാമത്തെ വയസിലാണ്. ഞാൻ എവിടെ പോയാലും ആരോട് സംസാരിച്ചാലും ഒക്കെ എല്ലാ എന്നെ ട്രിഗർ ചെയ്യുന്നത് പോലെ തോന്നുമായിരുന്നു. ഉദാഹരണമായി ഞാൻ എന്റെ എറ്റവും അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഞാൻ വളരെ ഓക്കെയാണ്.
പക്ഷേ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്തുകൊണ്ടാണ് ഞാന്‍ ഇവരോടും മാത്രം ദേഷ്യപ്പെടുന്നത്? വേറെ ആരുമായും പ്രശ്നമില്ലല്ലോ. ഒരേ സമയം രണ്ടായി ഞാൻ പെരുമാറുന്നത് പോലെയാണിത്. ഇങ്ങനെയൊക്കെ സംസാരിച്ച് കഴിഞ്ഞാൽ ഞാൻ അവരെ വിളിച്ച് സോറിയും പറയും. ഇതൊക്കെയാണ് തെറാപ്പി തെരഞ്ഞെടുക്കാൻ കാരണമായത്. ഞാൻ ഒരിക്കലും ദേഷ്യപ്പെടുന്ന ഒരാളാകന്‍ ആഗ്രഹിക്കുന്നില്ല. പലകാര്യങ്ങളിലും പ്രതീക്ഷയ്ക്ക് വിപരീതമാണ് സംഭവിച്ചതൊക്കെ, ഇന്നും അത് തുടരുന്നുണ്ട്.
എന്റെ മാതാപിതാക്കൾ അത്ര സോഷ്യലായ മനുഷ്യരല്ല. പക്ഷേ ഞാൻ നേരെ തിരിച്ചാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒത്തിരി പരിമിതികളുമുണ്ട്. ആരും വീട്ടിൽ വരുന്നതൊന്നും മാതാപിതാക്കൾക്ക് ഇഷ്ടമല്ല. എനിക്ക് അതുകൊണ്ട് എന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റില്ല. ഞാന്‍ അതിനാൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബോംബൈ എന്നിവിടങ്ങളിലായാണ് പലപ്പോഴും താമസിക്കുന്നത്. എന്നാലും ഞാൻ വീട്ടിലെത്തി അവരോടൊപ്പം സമയം ചെലവഴിക്കാറുണ്ട്.
എന്റെ മാതാപിതാക്കള്‍ 70 വയസ് പിന്നിട്ടവരാണ്. അവർക്കിപ്പോഴും തെറാപ്പിയെ അംഗീകരിക്കാൻ പറ്റിയിട്ടില്ല. എനിക്കവരെ തിരുത്താനും പ്രയാസമാണ്. ഇത്രയും പ്രായമുള്ള ആളുകളെ എങ്ങനെ മനസിലാക്കിക്കൊടുക്കാനാണ്? എന്റെ അമ്മയ്ക്ക് ബ്രാൻഡഡ് സാരി മേടിച്ചു നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, ഞാൻ മേടിച്ചു നൽകുകയും ചെയ്തു. പക്ഷേ അപ്പോള്‍ അമ്മ പറയുന്നത് എനിക്ക് ഇത്രയും വലിയ സാരി ഇഷ്ടമല്ലെന്നാണ്. അപ്പോൾ എനിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ? എന്നോടൊപ്പം താമസം മാറാൻ പറഞ്ഞപ്പോഴും അവർ കേട്ടില്ല. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ അവരാണ്..
എല്ലാത്തരം പ്രശ്നങ്ങൾക്കും തെറാപ്പി വേണമെന്നാണ് ഞാൻ പറയുന്നത്. എല്ലാവരും തെറാപ്പി എടുക്കണം, പ്രത്യേകിച്ച് സിനിമ താരങ്ങള്‍. കാരണം, നമ്മളെ നന്നായി മനസിലാക്കാൻ നമുക്ക് പറ്റിയെങ്കിൽ മാത്രമെ നന്നായി അഭിനയിക്കാൻ സാധിക്കൂ. തെറാപ്പി എന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യരായ തെറാപ്പിസ്റ്റിനെ കിട്ടുക എന്നതും പ്രധാനമാണ്. ഞാൻ ഇതെല്ലാം മനസിലാക്കിയത് തെറാപ്പി എടുത്തതിന് ശേഷമാണ്. ഭാഗ്യത്തിന് എനിക്ക് കിട്ടിയത് നല്ലൊരു തെറാപ്പിസ്റ്റിനെയാണ്.’’
Tags : AishwaryaLekshmi MalayalamCinema Mollywood Updates MovieNews MentalHealthAwareness