മുണ്ടക്കയം: വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കാർ ബൈപാസിന്റെ വശത്ത് ഇടിച്ച് അപകടമുണ്ടായി.അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. വാഹനത്തിന്റെ ബ്രേക്ക് പെഡലിനിടയിൽ വെള്ളക്കുപ്പി കുടുങ്ങിയതാണ് അപകടകാരണമെന്ന് വാഹന യാത്രക്കാർ പറഞ്ഞു.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ബൈപാസിൽ ഉണ്ടാകുന്നത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും റോഡിന്റെ വശങ്ങളിലിട്ട് തടി കയറ്റുന്നതും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമെല്ലാം അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
വാഹനങ്ങൾ കുറവുള്ള നിരപ്പായ മുണ്ടക്കയം ബൈപാസ് റോഡിൽ അമിത വേഗത്തിലാണ് പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി യുവാക്കൾ ബൈക്കിലെത്തി ബൈപാസിൽ അഭ്യാസപ്രകടനം നടത്തുന്നതും പതിവാണ്.
മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി നാളുകൾക്ക് മുമ്പ് നിർമിച്ച ബൈപാസിൽ ഇപ്പോഴും പേരിനുമാത്രം വാഹനങ്ങളാണ് കടന്നുപോകുന്നത്. ബൈപാസ് ആരംഭിക്കുന്ന കോസ്വേ ജംഗ്ഷനിലേക്ക് ദേശീയപാതയിൽനിന്നും വാഹനങ്ങൾ തിരിഞ്ഞിറങ്ങുന്നിടത്ത് റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്കും മൂലം ഒട്ടുമിക്ക വാഹനങ്ങളും ദേശീയപാതയിലൂടെ തന്നെ സഞ്ചരിക്കുകയാണ് പതിവ്. ടൗണിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും ബൈപാസിലൂടെയുള്ള വാഹനഗതാഗതം കുറവായിരിക്കും.
മണിമലയാറിന്റെ തീരത്തുകൂടി നിർമിച്ചിരിക്കുന്ന ബൈപാസിൽ രാത്രികാലങ്ങളിൽ വിശ്രമിക്കുന്നതിനും പ്രഭാതസവാരിക്കുമായി എത്തുന്നവരും ധാരാളമുണ്ട്. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും.