ചെങ്ങന്നൂർ: സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ യുവാവിനെയും പിതാവിനെയും ഭർത്താവിനെയും സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾക്ക് 10 വർഷവും ഒൻപതു മാസവും കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ.
മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെന്നിത്തല വില്ലേജിൽ ചെറുകോൽ മുറിയിൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (22), ഇടശേരിയേത് വൈഷ്ണവ് (23), കാരാഴ്മ പടിഞ്ഞാറ് മുറിയിൽ സംഗീത് ഭവനിൽ സംഗീത് (24) എന്നിവരെയാണ് ചെങ്ങന്നൂർ അസി. സെഷൻസ് ജഡ്ജി വി.എസ്. വീണ ശിക്ഷിച്ചത്. വിചാരണയ്ക്കിടെ ഒളിവിൽപ്പോയ രണ്ടാം പ്രതിക്കെതിരായ നടപടികൾ തുടരാനും കോടതി ഉത്തരവിട്ടു.
പിഴത്തുകയായ 2.10 ലക്ഷം രൂപ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി പറഞ്ഞു. കൂടാതെ, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി മുഖേന വിക്ടിം കോമ്പൻസേഷൻ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കാനും വിധിയുണ്ട്.
മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സി.എസ്. അഭിറാം രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ ജോസ് മാത്യുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി.