തൃപ്പൂണിത്തുറ: സംഗീതസംവിധായകൻ റിനിൽ ഗൗതം (50) അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടര്ന്നാണ് അന്ത്യം.
ഇന്നലെ രാവിലെ ബാഡ്മിന്റൺ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റിനിൽ, വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനപ്രിയന്, വാധ്യാര്, പിഗ്മാന്, സാന്റ് സിറ്റി, വടു, കാന്താരി, നജസ്, വേലുകാക്ക തുടങ്ങിയ സിനിമകള്ക്കും ഒട്ടേറെ സീരിയലുകള്ക്കും സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്വഹിച്ചിട്ടുണ്ട്.
വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ - ദേവകി ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്നു രാവിലെ പത്തിന് എരൂരിലെ കൊപ്പറമ്പ് അയ്യൻകാളി സ്മാരക മന്ദിരത്തില് പൊതുദര്ശനത്തിനുശേഷം ഉച്ചയ്ക്ക് 12ന് ഇരുമ്പനം പൊതുശ്മശാനത്തില് സംസ്കരിക്കും.